ചരിത്രം കുറിക്കാന്‍ ജോ ബൈഡന്‍; ട്രംപിന്റെ കുടിയേറ്റ നയം പൊളിക്കാന്‍ ലാറ്റിന്‍ അമേരിക്കന്‍ വംശജന്‍.

അമേരിക്കയില്‍ അധികാരമാറ്റത്തിന് ട്രംപിന്റെ സമ്മതം ലഭിച്ചതിന് പിന്നാലെ ക്യാബിനറ്റ് അംഗങ്ങളെ പ്രഖ്യാപിച്ച് യുഎസ് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍. എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതിനുള്ള ശ്രമമാണ് ബൈഡന്‍ ക്യാബിനറ്റില്‍ നടത്തിയിരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് ഒരു വനിതയെയും ആഭ്യന്തര സുരക്ഷാ സെക്രട്ടറിയായി ലാറ്റിന്‍ അമേരിക്കന്‍ വംശജനെയും ബൈഡന്‍ നിയമിച്ചു.

ആവ്റില്‍ ഹെയ്ന്‍സും അലക്സാണ്ട്രോ മയോര്‍ക്കസുമാണ് യഥാക്രമം ഈ സ്ഥാനങ്ങളില്‍ നിയമിതരായത്. ആന്റണി ബ്ലിങ്കന്‍ സ്റ്റേറ്റ് സെക്രട്ടറിയായും ജോണ്‍ കെറി കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ദൗത്യത്തിനും നിയോഗിക്കപ്പെട്ടു. ചരിത്രം കുറിക്കുന്ന നിയമനങ്ങളാണ് അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദയമായ കുടിയേറ്റ നയം നടപ്പിലാക്കിയ ആഭ്യന്തര സുരക്ഷാ വിഭാഗത്തെ പുനര്‍നിര്‍മിക്കുക എന്നതാണ് ആഭ്യന്തര സുരക്ഷാ സെക്രട്ടറിയായി നിയമിക്കപ്പെട്ട ലാറ്റിന്‍ അമേരിക്കന്‍ വംശജന്‍ അലക്സാണ്ട്രോ മയോര്‍ക്കസിന് നല്‍കിയിരിക്കുന്ന നിയോഗം.

ദേശീയ സുരക്ഷാ സഹ ഉപദേഷ്ടാവായും ചാരസംഘടനയായ സിഐഎയിലെ മുന്‍ ഉദ്യോഗസ്ഥയുമായ ആവ്റില്‍ ഹെയ്ന്‍സിന്റെ ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ സ്ഥാനത്തുള്ള നിയമനവും ശ്രദ്ധേയമാണ്. അതേസമയം ആന്റണി ബ്ലിങ്കണ്‍ സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തെത്തുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. മറ്റ് രാജ്യങ്ങളെ ഒപ്പം നിര്‍ത്തുന്നതില്‍ ശക്തമായ കാഴ്ചപ്പാടുള്ള ബ്ലിങ്കണായിരിക്കും ലോകരാജ്യങ്ങളുമായുള്ള അമേരിക്കയുടെ ബന്ധം പുനര്‍നിര്‍മിക്കുന്നതില്‍ നിര്‍ണായക സ്ഥാനം വഹിക്കുക.

ബറാക്ക് ഒബാമ പ്രസിഡന്റായിരുന്ന കാലത്ത് ഡെപ്യൂട്ടി സെക്രട്ടറിയായും ദേശീയ സുരക്ഷാ സഹ ഉപദേഷ്ടാവായും ആന്റണി ബ്ലിങ്കണ്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡിനെ യുഎന്നിലെ സ്ഥാനപതിയായും ജെയ്ക് സള്ളിവനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായും ജോ ബൈഡന്‍ നിയോഗിച്ചിട്ടുണ്ട്.

Top