ലണ്ടന്‍ : ചെല്‍സിയുടെ സൂപ്പര്‍ താരം ജോണ്‍ ടെറി സീസണ്‍ അവസാനത്തോടെ ക്ലബ് വിടുന്നു. ചാമ്പ്യന്‍സ് ലീഗും പ്രീമിയര്‍ ലീഗും എഫ്.എ കപ്പുമുള്‍പ്പടെ ചെല്‍സി കിരീടം വാരിക്കൂട്ടിയപ്പോള്‍ പ്രതിരോധം കാത്തും മധ്യനിര ചലിപ്പിച്ചും 22 വര്‍ഷത്തോളം നീണ്ട ചെല്‍സിയുമായുള്ള ബന്ധം ഈ സീസണോടെ അവസാനിപ്പിക്കുകയാണെന്ന് ടെറി മാധ്യമങ്ങളെ അറിയിച്ചു.
1995 ലാണ് ചെല്‍സിയുടെ ജൂനിയര്‍ ടീമിലെത്തുന്നത്. പിന്നീട് നീലപ്പടയുടെ നിര്‍ണായക സാന്നിധ്യമായി മാറുകയായിരുന്നു. 1998ലാണ് ചെല്‍സി സീനിയര്‍ ടീമില്‍ അരങ്ങേറുന്നത്. 17 വയസ്സില്‍ ലീഗ് കപ്പില്‍ ആസ്റ്റന്‍വില്ലക്കെതിരെയായിരുന്നു തുടക്കം. 2004 സീസണില്‍ ഹൊസെ മൗറീഞ്ഞോ പരിശീലകനായെത്തിയതോടെ നായകന്റെ വേഷവുമെത്തി. 713 മത്സരങ്ങളില്‍ ചെല്‍സിക്കായി ബൂട്ടുകെട്ടിയപ്പോള്‍ 578 കളികളില്‍ നായകനായിരുന്നു. ഇംഗ്ലണ്ടിനായി 78 മത്സരങ്ങള്‍ കളിച്ച് 2012ല്‍ വിരമിച്ചു. നാലു പ്രീമിയര്‍ ലീഗ്, ഒരു ചാമ്പ്യന്‍സ് ലീഗ്, അഞ്ച് എഫ്.എ കപ്പ്, ഒരു യൂറോപ ലീഗ് കപ്പ്, മൂന്ന് ലീഗ് കപ്പ് എന്നിവയുള്‍പ്പടെ 14 ട്രോഫികളാണ് ചെല്‍സി കരിയറില്‍ ടെറിയുടെ സമ്പാദ്യം.