ജോണി നെല്ലുര്‍ യുഡിഎഫ് വിട്ട് ബിജെപി മുന്നണിയിലേക്കെന്ന് സൂചന; കേരളാ കോണ്‍ഗ്രസ് ജേക്കബ്ബ് ഗ്രൂപ്പ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു

കൊച്ചി: അങ്കമായില്‍ സീറ്റ് നിഷേധിക്കപ്പെട്ടതോടെ യുഡിഎഫുമായി ഉടക്കിയ ജോണി നെല്ലൂര്‍ കേരളാ കോണ്‍ഗ്രസ് ജേക്കബ്ബ് ഗ്രൂപ്പ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അര്‍ഹതപ്പെട്ട മൂന്ന് സീറ്റുകള്‍ യു.ഡി.എഫില്‍ നിന്ന് നേടിയെടുക്കാന്‍ കഴിയാതെ പോയ സാഹചര്യത്തിലാണ് ജോണി നെല്ലൂരിന്റെ രാജി. സീറ്റുകള്‍ ലഭിക്കാതെ പോയത് തനിക്ക് സംഭവിച്ച ഗുരുതര വീഴ്ചയാണെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. ജേക്കബ് ഗ്രൂപ്പിന് പാര്‍ട്ടിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജോണി നെല്ലൂരിന് വേണ്ടി അങ്കമാലി സീറ്റ് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് അങ്കമാലിയില്‍ റോജി ജോണിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ധാരണയായിരുന്നു. രാഷ്ട്രീയത്തില്‍ ആത്മാര്‍ഥതയ്ക്കും സത്യസന്ധതയ്ക്കും ഒരു വിലയുമില്ലെന്നു വ്യക്തമായിരിക്കുകയാണെന്ന് ജോണി നെല്ലൂര്‍ പറഞ്ഞു. തനിക്കെതിരെ ഗൂഢാലോചന നടത്താനുള്ള കഴിവ് മന്ത്രി അനൂപ് ജേക്കബ്ബിനില്ല. ചതിയന്മാര്‍ക്കു മാത്രമേ രാഷ്ട്രീയത്തില്‍ വിലയുള്ളൂ. തന്നെ കൂടെ കൊണ്ടു നടന്നു ചതിച്ചത് കോണ്‍ഗ്രസാണെന്നും ജോണി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയുടെ എന്‍ഡിഎയിലേക്ക് ജോണി നെല്ലൂര്‍ എത്തുമെന്നാണ് സൂചന.
യു.ഡി.എഫ് സീറ്റ് നിഷേധിച്ച ജോണി നെല്ലൂരിനെ പരോക്ഷമായി എന്‍.ഡി.എയിലേക്ക് ക്ഷണിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത് വന്നിരുന്നു. നെല്ലൂര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചാല്‍ അദ്ദേഹത്തെ എന്‍.ഡി.എയില്‍ എടുക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് കുമ്മനം പറഞ്ഞു. അങ്കമാലി സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ജോണി നെല്ലൂര്‍ സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് അദ്ദേഹത്തെ എന്‍.ഡി.എയിലേക്ക് പരോക്ഷമായി ക്ഷണിച്ച് കുമ്മനം രംഗത്തു വന്നത്. ബിജെപി പിന്തുണ ജോണി നെല്ലൂര്‍ സ്വീകരിക്കുമെന്ന് തന്നെയാണ് സൂചന. ഇക്കാര്യത്തില്‍ ഉടന്‍ വ്യക്തത വരും. അങ്കമാലി മണ്ഡലം കൈവിട്ടുപോയതോടെ അങ്കത്തിനുറച്ച് ജോണി നെല്ലൂര്‍. മൂവാറ്റുപുഴയിലോ കോതമംഗലത്തോ സ്വതന്ത്രനായേക്കും. എന്തുവന്നാലും മത്സരരംഗത്ത് ഉണ്ടാകുമെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ കൂടിയായ ജോണി നെല്ലൂര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സിപിഐ(എം). സ്ഥാനാര്‍ത്ഥിയായി കോതമംഗലത്ത് മത്സരിക്കാന്‍ ജോണി നെല്ലൂര്‍ നടത്തിയ നീക്കം വിജയം കണ്ടില്ല. . എല്ലാ വഴികളും അടഞ്ഞതോടെ ഏതു പാര്‍ട്ടിയും മുന്നണിയും പിന്തുണ നല്‍കിയാലും സ്വീകരിക്കുമെന്നും രാഷ്ട്രീയത്തില്‍ ആരോടും അയിത്തമില്ലെന്നും ജോണി നെല്ലൂര്‍ നിലപാടെടുക്കുകയായിരുന്നു. യു.ഡി.എഫുമായി മാനസികമായി അകന്ന ജോണി നെല്ലൂര്‍, മൂവാറ്റുപുഴയിലോ, കോതമംഗലത്തോ മല്‍സരിക്കാനാണ് ഒരുങ്ങുന്നത്. അന്തിമ തീരുമാനം ചൊവ്വാഴ്ചയ്ക്കു മുമ്പായി ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. മൂവാറ്റുപുഴ, കോതമംഗലം, അങ്കമാലി സീറ്റുകളിലൊന്നില്‍ മത്സരിക്കണമെന്ന ആവശ്യം അണികളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ഉയരുന്നുണ്ടെന്ന് ജോണി പറഞ്ഞു.

കോതമംഗലം സീറ്റില്‍ മാണി ഗ്രൂപ്പാണ് മത്സരിക്കുന്നത്. മൂവാറ്റുപുഴയില്‍ മത്സരരംഗത്ത് ഇറങ്ങിയാലേ കോണ്‍ഗ്രസിനു തിരിച്ചടി നല്‍കാന്‍ കഴിയൂവെന്നാണ് ജോണി നെല്ലൂരിനോട് അടുപ്പമുള്ളവര്‍ പറയുന്നത്. വിജയിക്കാനായില്ലെങ്കിലും യു.ഡി.എഫിന്റെ പരാജയം ഉറപ്പുവരുത്താന്‍ ഇത് കാരണമാകുമെന്നും ഇവര്‍ പറയുന്നു. 15 വര്‍ഷം തുടര്‍ച്ചയായി മൂവാറ്റുപുഴ മണ്ഡലത്തെ പ്രതിനിധീകരിച്ചയാളെന്ന നിലയില്‍ കക്ഷിരാഷ്ട്രീയത്തിനപ്പുറം ജോണി നെല്ലൂരിന് അംഗീകാരം കിട്ടുമെന്ന് ഒപ്പമുള്ളവര്‍ കണക്കുകൂട്ടുന്നു.

Top