ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനീക ആസ്ഥാനങ്ങള്‍ ലക്ഷ്യമാക്കി 27 പാകിസ്താന്‍ യുദ്ധവിമാനങ്ങള്‍ അതിര്‍ത്തി കടന്ന് എത്തിയെന്ന് ഇന്ത്യന്‍ സൈനീക മേധാവികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബ്രിഗേഡ് ആസ്ഥാനവും ബറ്റാലിയന്‍ ആസ്ഥാനവുമായിരുന്നു പാക് ലക്ഷ്യം. കൃത്യമായ മുന്നൊരുക്കത്തിലൂടെ ആക്രമണത്തിന് എത്തിയ എഫ് 16 നെ വെടിവെച്ചിടാനായി.
പാകിസ്താന്റെ ഭീഷണി നേരിടാന്‍ അതിര്‍ത്തിയില്‍ സൈന്യം സുസജ്ജമെന്ന് സേനാമേധാവികള്‍. പാകിസ്താനുമായുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ചിരിക്കുന്ന സാഹചര്യത്തില്‍ കര-നാവിക-വ്യോമ സേനാ മേധാവികള്‍ സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സൈനിക നടപടികളെക്കുറിച്ച് വിശദീകരിച്ചത്. അതിര്‍ത്തി ലംഘിച്ച പാക് വിമാനങ്ങള്‍ കിഴക്കന്‍ രജൗറിയില്‍ പ്രയോഗിച്ച മിസൈലിന്റെ അവശിഷ്ടങ്ങളും പത്രസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.
ഏത് സാഹചര്യവും നേരിടാന്‍ ഇന്ത്യ സൈന്യം സുസജ്ജമാണെന്ന് സേനാ മേധാവികള്‍ വ്യക്തമാക്കി. പാക് വിമാനങ്ങളെ പ്രതിരോധിച്ച് തുരത്താന്‍ കഴിഞ്ഞു. പാക് വിമാനങ്ങള്‍ ബോംബുകള്‍ വര്‍ഷിച്ചെങ്കിലും അത് നാശമുണ്ടാക്കിയില്ല. കിഴക്കന്‍ രജൗറിയില്‍ പാകിസ്താന്റെ എഫ് 16 വിമാനം വ്യോമസേനയുടെ മിഗ് 21 ബിസോണ്‍ വെടിവെച്ചിട്ടു. അമ്രാം മിസൈലാണ് പാകിസ്താന്‍ വര്‍ഷിച്ചത്. ഇത് എഫ് 16 വിമാനത്തില്‍ നിന്ന് മാത്രമേ തൊടുക്കാന്‍ കഴിയൂവെന്നും വ്യോമസേന മേധാവി പറഞ്ഞു. പാകിസ്താന്‍ പ്രയോഗിച്ച അമ്റാം മിസൈലിന്റെ അവശിഷ്ടവും വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചതുകൊണ്ടാണ് തിരിച്ചടിക്കേണ്ടി വന്നതെന്നും സൈനിക മേധേവികള്‍ വ്യക്തമാക്കി.
രണ്ട് ദിവസത്തിനുള്ളില്‍ 35 തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. സുന്ദര്‍ബനി, ബിംബേര്‍, നൗഷേര, കൃഷ്ണ ഗാട്ടി എന്നിവടങ്ങളിലാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ വെടിവെയ്പ് നടത്തിയത്. ഭീകരവാദികളെ പാകിസ്താന്‍ പ്രോത്സാഹിപ്പിക്കുന്നിടത്തോളം കാലം ഇന്ത്യ തീവ്രവാദ കേന്ദ്രങ്ങള്‍ക്കു നേരെയുള്ള ആക്രമണം തുടരുമെന്ന് മേജര്‍ ജനറല്‍ സുരേന്ദ്ര സിങ് മഹാല്‍ പറഞ്ഞു.
ബലാക്കോട്ടില്‍ എത്ര ഭീകരര്‍ കൊല്ലപ്പെട്ടു എന്നതു സംബന്ധിച്ച് കൃത്യമായ എണ്ണം ഇപ്പോള്‍ പറയാനാവില്ലെന്ന് എയര്‍ വൈസ് മാര്‍ഷല്‍ ആര്‍ജികെ കപൂര്‍ പറഞ്ഞു. എന്നാല്‍ എന്താണോ നാം ലക്ഷ്യംവെച്ചത് അത് നേടാനായെന്നും അദ്ദേഹം വ്യക്തമാക്കി. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സൈന്യം പ്രതിജ്ഞാബദ്ധമാണ്. വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ മോചിതനാകുന്നുവെന്ന വാര്‍ത്ത സന്തോഷം നല്‍കുന്ന വാര്‍ത്തയാണെന്നും സൈനിക മേധാവികള്‍ പറഞ്ഞു