റബര്‍ ഇറക്കു മതി നിയന്ത്രിച്ചു കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്; ജോസ് കെ.മാണിയുടെ സമരം വിജയമെന്നു കേരള കോണ്‍ഗ്രസ്

കോട്ടയം: റബര്‍വിലയിടിവു തടയുക കാര്‍ഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി ജോസ് കെ.മാണി എംപിയുടെ ആരോഗ്യ സ്ഥിതി വഷളായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്. വൈദ്യ പരിശോധന നടത്തിയ ജനറല്‍ ആശുപത്രിയിലെയും മെഡിക്കല്‍ കോളജിലെയും വിദഗ്ധ സംഘമാണ് ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയിത്. എന്നാല്‍, സമരം അരംഭിച്ച് അഞ്ചു ദിവസത്തിനകം തന്നെ കേന്ദ്ര സര്‍ക്കാരില്‍ നിന്നു അനുകൂല തീരുമാനം ഉണ്ടായതിന്റെ ആവേശത്തിലാണ് സമരപ്പന്തലിലെത്തിയ നേതാക്കളും പ്രവര്‍ത്തകരും.
കേരളത്തിന്റെ കാര്‍ഷിക മേഖലയുടെ നട്ടെല്ലായ റബറിന്റെ വിലയിടിവു തടയുക, കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ച പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കഴിഞ്ഞ 18 നാണ് ജോസ് കെ.മാണി എംപി നിരാഹാര സമരം ആരംഭിച്ചത്. കോട്ടയം ഗാന്ധിസ്‌ക്വയറിനു സമീപം തിരുനക്കര മൈതാനത്തിന്റെ ഒരു ഭാഗത്ത് ഗാന്ധിപ്രതിമയ്ക്കു അഭിമുഖമായാണ് നിരാഹാര സമരവേദിയൊരുക്കിയിരിക്കുന്നത്.
സമരത്തിന്റെ മൂന്നാം ദിവസം തന്നെ കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുകൂലമായ പ്രതികരണം ഉണ്ടായിരുന്നു. റബറിന്റെ ഇറക്കുമതിചെയ്യാനുള്ള അനുമതി രണ്ടു തുറമുഖങ്ങള്‍ക്കു മാത്രമായി നിജപ്പെടുത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്നലെ സ്വാഭാവിക റബറിന്റെ ഇറക്കുമതി നിരോധിച്ചുകൊണ്ടുള്ള ഉത്തരവു വന്നതോടെ സമരം ആവേശകരമായ വിജയത്തിലേയ്ക്കു എത്തിയതായാണ് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്. റബര്‍ ഇറക്കുമതി നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവു വന്നതിനു പിന്നാലെ ഇന്നലെ അര്‍ധരാത്രിയില്‍ തന്നെ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി. റോഷി അഗസ്റ്റില്‍ എംഎല്‍എ, മുന്‍ എംഎല്‍എമാരായ തോമസ് ചാഴികാട്, ജോസഫ് എം പുതുശേരി, നേതാക്കളായ വിജി എം.തോമസ്, സണ്ണി തെക്കേട്, ജെന്നിക്‌സ് ജേക്കബ് എന്നിവരുടെ നേതൃത്വത്തില്‍ നൂറിലേറെ പ്രവര്‍ത്തകരാണ് നഗരത്തില്‍ പ്രകടനം നടത്തിയത്.
സമരത്തിന്റെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായ റബര്‍ ഇറക്കുമതി നിരോധനം സംബന്ധിച്ചു കേന്ദ്ര സര്‍ക്കാര്‍ അനുകൂല തീരുമാനം എടുത്ത സാഹചര്യത്തില്‍ സമരം അവസാനിപ്പിക്കണമോ എന്നതു സംബന്ധിച്ചു കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി യോഗം ചേര്‍ന്നു തീരുമാനിക്കുമെന്നു നേതാക്കള്‍ അറിയിച്ചു. അഞ്ചു ദിവസമായി നടന്ന സമരത്തിനു പിന്‍തുണയുമായി വിവിധ മതമേലധ്യക്ഷന്‍മാരും, സമുദായ നേതാക്കളും, കര്‍ഷകരും, കര്‍ഷകതൊഴിലാളികളും, കുടുംബങ്ങളും, സ്ത്രീകളും അടക്കം പതിനായിരങ്ങളാണ് സമരവേദി സന്ദര്‍ശിച്ചു സമരനായകനു പിന്‍തുണയും ആശംസയും അറിയിച്ചത്.

Top