![](https://dailyindianherald.com/wp-content/uploads/2016/01/jos.jpg)
കോട്ടയം: റബര്‍കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന ജോസ് കെ.മാണിയുടെ ലക്ഷ്യം കേരള കോണ്‍ഗ്രസിന്റെ രണ്ടാം നമ്പര്‍ നേതൃസ്ഥാനം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ നിയോജക മണ്ഡലത്തില്‍ നിന്നു സംസ്ഥാന നിയമസഭയിലേയ്ക്കു മത്സരിക്കുന്നത് അടക്കമുള്ള ലക്ഷ്യങ്ങളുമായാണ് ജോസ് കെ.മാണി എംപി ഇപ്പോള്‍ നിരാഹാര സമരം അനുഷ്ടിക്കുന്നതെന്നാണ് സൂചനകള്‍.
നിലവില്‍ കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫിനു പിന്നില്‍ ജനറല്‍ സെക്രട്ടറി സ്ഥാനം മാത്രമാണ് ജോസ് കെ.മാണിക്കുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടിയില്‍ മകന്റെ സ്ഥാനം ഉറപ്പിക്കുകയാണ് ഇപ്പോള്‍ നിരാഹാര സത്യാഗ്രഹ സമരത്തിലുടെ കെ.എം മാണി ലക്ഷ്യമിടുന്നതെന്നാണ് സൂചനകള്‍. നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അടക്കം മകന്റെ തീരുമാനങ്ങള്‍ക്കു നിര്‍ണായക സ്വാധീനമുണ്ടാക്കി എടുക്കുകയാണ് ഇപ്പോള്‍ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കൂടിയായ കെ.എം മാണി ലക്ഷ്യമിടുന്നത്.
പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം മകനെ ഏല്‍പ്പിച്ചു, പാര്‍ട്ടി ലീട്ടര്‍ സ്ഥാനത്തേയ്ക്കുമാറുകയാണ് ഇപ്പോള്‍ മാണി ഒരുക്കിയിരിക്കുന്ന തന്ത്രം. ഇതു മനസിലാക്കിയ ജോസഫ് വിഭാഗം നിരാഹാര സമരത്തില്‍ നിന്നു തന്ത്രപൂര്‍വമായ അകലം പാലിക്കുകയുമാണ്. സമരം ഉദ്ഘാടനം ചെയ്യാനെത്തിയ ശേഷം പി.ജെ ജോസഫ് സത്യാഗ്രഹ വേദിയിലേയ്ക്കു എത്തിയതേയില്ല. ജോസഫ് വിഭാഗത്തില്‍ നിന്നുള്ള എംഎല്‍എമാരും, സമരപ്പന്തല്‍ സന്ദര്‍ശിക്കാന്‍ ഒരു തവണ എത്തിയത് ഒഴിച്ചാല്‍ സജീവമായി വേദിയിലെങ്ങും ഇല്ല. കോട്ടയത്തു നിന്നുള്ള ജോസഫ് വിഭാഗത്തിന്റെ ഏക എംഎല്‍എ ആയ മോന്‍സ് ജോസഫ് കടുത്തുരുത്തിയില്‍ ഉണ്ടായിട്ടു പോലും മൂന്നു ദിവസത്തിനിടെ ഒരു തവണ മാത്രമാണ് സമരപന്തല്‍ സന്ദര്‍ശിക്കാന്‍ തയ്യാറായത്.
ചാനല്‍ ചര്‍ച്ചകളില്‍ കെ.എം മാണിയെ ന്യായീകരിച്ചു സംസാരിക്കുന്ന ആന്റണി രാജുവാകട്ടെ ഇതുവരെ വേദിയില്‍ എത്താന്‍ തയ്യാറായിട്ടില്ല. ഇതോടെ ജോസഫ് വിഭാഗത്തിന്റെ എതിര്‍പ്പ് മറനീക്കി പുറത്തു വന്നിരിക്കുകയാണ്. മകനെ പാര്‍ട്ടിയുടെ തലപ്പത്ത് എത്തിക്കാന്‍ കെ.എം മാണി നടത്തുന്ന ഗൂഡ നീക്കങ്ങളില്‍ കടുത്ത പ്രതിഷേധവും ജോസ്ഫ് വിഭാഗം രഹസ്യമായി പ്രകടിപ്പിക്കുന്നുണ്ട്.