കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഇടതു മുന്നണിയിലേയ്ക്ക്; കേരള കോണ്‍ഗ്രസില്‍ വീണ്ടും മറ്റൊരു പിളര്‍പ്പ്

കോട്ടയം: ബാര്‍ കോഴയിലും സോളാറിലും കുരുങ്ങി നില്‍ക്കുന്ന സര്‍ക്കാരിനു കനത്ത പ്രഹരവുമായി കേരള കോണ്‍ഗ്രസ ജോസഫ് വിഭാഗം ഇടതു മുന്നണിയിലേയ്ക്കു പോയേക്കും. യുഡിഎഫ് വിടുന്നതിനു നിയമപ്രശ്‌നങ്ങളും അയോഗ്യതയുടെ പ്രശ്‌നങ്ങളുമില്ലെന്നു ഉറപ്പാക്കിയ ശേഷം നിയമസഭാ സമ്മേളനത്തിന്റെ അവസാന സമയത്താവും മന്ത്രിയും മൂന്നു എംഎല്‍എമാരും രാജി വച്ച് ഇടതു മുന്നണിയില്‍ എത്തുന്നത്. കഴിഞ്ഞ ദിവസം ഇടുക്കിയിലെ പ്രമുഖ സിപിഎം നേതാവുമായി ഇതു സംബന്ധിച്ചു ജോസഫ് വിഭാഗം ചര്‍ച്ച നടത്തിക്കഴിഞ്ഞിട്ടുണ്ട്.
ബാര്‍ കോഴക്കേസിനെക്കാള്‍ ഉപരി, റബര്‍ വിഷയത്തില്‍ ജോസ് കെ.മാണി നടത്തിയ നിരാഹാര സമര നാടകമാണ് ഇപ്പോള്‍ രണ്ടു കേരള കോണ്‍ഗ്രസുകാരെയും രണ്ടു തട്ടിലാക്കിയത്. സമരത്തിനു ശേഷം കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കൂടിയായ ജോയ് എബ്രഹാം എംപി നടത്തിയ പ്രസ്താവനയില്‍ ഒരു വിഭാഗം സമരത്തെ പൊളിക്കാന്‍ ശ്രമം നടത്തിയെന്നു പ്രസ്താവിച്ചിരുന്നു. ഇതിനു ശേഷം ചേര്‍ന്ന പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റിയിലും ഇതേ വിഷയം തന്നെ ചര്‍ച്ചയ്ക്കു വന്നിരുന്നു. കേരള കോണ്‍ഗ്രസിനുള്ളില്‍ നിന്നു തന്നെ സമരത്തിനു എതിരായ നിലപാട് സ്വീകരിച്ചത് സമരത്തെ പൊതുജന മധ്യത്തില്‍ സമരത്തെ താറടിച്ചു കാണിക്കുന്നതിനു ഇടയാക്കി എന്ന ആരോപണമാണ് ഉയരുന്നത്.
ജോസ് കെ.മാണിയെ രണ്ടാമത്തെ നേതാവാക്കി ഉയര്‍ത്തുന്നതിനൊപ്പം മരുമകളെ പാര്‍ട്ടിയിലേയ്ക്കു കൊണ്ടു വരുന്നതിനുള്ള നീ്ക്കമാണ് ഇപ്പോള്‍ കെ.എം മാണി നടത്തുന്നതെന്ന വാദം കേരള കോണ്‍ഗ്രസിലെ ജോസഫ് വിഭാഗത്തിലെ നേതാകകള്‍ രഹസ്യമായി സമ്മതിക്കുന്നു. ഇത് പി.ജെ ജോസഫിനെ ഒതുക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണെന്നാണ് സൂചന. കേരള കോണ്‍ഗ്രസുകളുടെ ലയന സമയത്ത് കെ.എം മാണിയുമായുണ്ടാക്കിയ ധാരണ പ്രകാരം ജോസഫിനു തന്നെ പാര്‍ട്ടിയില്‍ രണ്ടാം സ്ഥാനം നല്‍കണമെന്നുണ്ട്. എന്നാല്‍, ഇതിനു പകരം ജോസ് കെ.മാണിയെ റബര്‍ സമരത്തിനു നേതൃത്വ നിരയിലേയ്ക്കു കൊണ്ടു വരുന്നതിനുള്ള നീക്കത്തെയാണ് ഇപ്പോള്‍ ജോസഫ് വിഭാഗം എതിര്‍ക്കുന്നത്.
നിലവില്‍ മന്ത്രി പി.ജെ ജോസഫ്, മുന്‍മന്ത്രിമാരായ ടി.യു കുരുവിള, മോന്‍സ് ജോസഫ് എന്നിവരാണ് ജോസഫ് വിഭാഗത്തിനൊപ്പം ഉറച്ചു നില്‍ക്കുന്നത്. ഇതടൊപ്പം മാണി ഗ്രൂപ്പില്‍ നിന്നുള്ള ഒരു മന്ത്രി കൂടി രാജിവയ്ക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നു ജോസഫ് വിഭാഗം പറയുന്നു. നിരാഹാര സമരം ഉദ്ഘാടനം ചെയ്തത് മന്ത്രി പി.ജെ ജോസഫാണെങ്കിലും തുടര്‍ന്നുള്ള സമരവേദികളില്‍ ഒന്നിലും ജോസഫ് വിഭാഗത്തില്‍ നിന്നുള്ള ഒരു നേതാവും പങ്കെടുക്കാതിരുന്നത് ചര്‍ച്ചയായിരുന്നു. ഇതേ തുടര്‍ന്നു പിന്നീടുള്ള രണ്ടു ദിവസം പി.ജെ ജോസഫും അനുയായികളും സമരപ്പന്തലില്‍ എത്തി തലകാണിച്ചു മടങ്ങുകയും ചെയ്തിരുന്നു. ഈ അസംതൃപ്തി മനസിലാക്കിയാണ് സിപിഎം നേതൃത്വം ജോസഫ് ഗ്രൂപ്പുമായി ബന്ധപ്പെട്ടത്.

Top