ജോസഫ് വിഭാഗം ഇടതു മുന്നണിയിലേയ്ക്ക്; പിണറായി വിജയനുമായി ചർച്ച നടത്തി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോൺഗ്രസിനെയും യുഡിഎഫിനെയും കേരള കോൺഗ്രസ് മാണി വിഭാഗത്തെയും ഒരു പോലെ പ്രതിസന്ധിയിലാക്കി കേരള കോൺഗ്രസ് ജോസഫ് വിഭാഗം തിരഞ്ഞെടുപ്പിനു തൊട്ടു മുൻപ് മുന്നണി വിട്ടേക്കുമെന്നു സൂചന. മാണിയും ജോസഫും തമ്മിലുള്ള ഭിന്നത രൂക്ഷമാക്കി ചെറുകിട നേതാക്കളുടെ പ്രസ്താവനകൾ കൂടി എത്തിയതോടെ ഇരു വിഭാഗങ്ങൾ തമ്മിലുമുള്ള അകൽച്ച ശക്തമായി.
കേരള കോൺഗ്രസിൽ(എം) കടുത്ത ഭിന്നതയുണ്ടെന്നും തങ്ങൾ ഇടതുമുന്നണിയുമായി ചർച്ച നടത്തിയെന്നും ജോസഫ് വിഭാഗം നേതാവ് ഫ്രാൻസിസ് ജോർജ് കഴിഞ്ഞ ദിവസം വൈക്കത്ത് അവകാശപ്പെട്ടിരുന്നു.. സീറ്റ് വിഭജനം സംബന്ധിച്ച തർക്കം കേരള കോൺഗ്രസിനെ പിളർപ്പിലേക്ക് നയിക്കുന്നുവെന്ന വാർത്ത പ്രചരിക്കുന്നതിനിടെയാണ് പാർട്ടിയിലെ തന്നെ മുതിർന്ന നേതാവ് തന്നെ ഇത് ശരി വെക്കുന്ന തരത്തിൽ പ്രസ്താവന നടത്തുന്നത്. ഇതിനെ പ്രതിരോധിക്കാൻ ചാനൽ ചർച്ചകളിൽ മാണ്ി വിഭാഗം നേതാക്കളും രംഗത്ത് എത്തിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.
ഫ്രാൻസിസ് ജോർജ്, ആൻറണി രാജു, ഡോ.കെ.സി.ജോസഫ് എന്നിവരാണ് സി.പി.എം നേതൃത്വവുമായി ചർച്ച നടത്തിയതെന്നാണ് സൂചന. യു.ഡി.എഫ് വിട്ടുവന്നാൽ ഘടകകക്ഷിയാക്കാമെന്ന് സി.പി.എം ഉറപ്പ് നൽകിയിട്ടുണ്ടെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു. അതേസമയം പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ചർച്ചകൾ നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ ഇന്നലെ തിരുവനന്തപുരത്തുണ്ടായിരുന്ന ജോസഫിന്റെ വിശ്വസ്തൻ മോൻസ് ജോസഫ് എംഎൽഎ പിണറായി വിജയനുമായി ഫോണ്ിൽ ചർച്ച നടത്തി. രാഷ്ട്രീയ സ്ഥിതിഗതികൾ വിലയിരുത്തിയ മോൻസിനോടു ഒറ്റയക്കു മത്സരിച്ചാൽ പിൻതുണ നൽകാമെന്ന ഉറപ്പാണ് പിണറായി വിജയൻ നൽകിയതെന്ന സൂചനയാണ് ലഭിക്കുന്നത്. തിരഞ്ഞെടുപ്പിനു ശേഷം മാത്രമേ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തെ മുന്നണിയിൽ എടുക്കുന്ന കാര്യം പരിഗണിക്കൂ എന്നും പിണറായി വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന റബർ വിലയിടിവിനെതിരായ കേരള കോൺഗ്രസിൻറെ സമരത്തിൽ നിന്ന് ജോസഫ് വിഭാഗം വിട്ടുനിന്നപ്പോഴാണ് പാർട്ടിയിലെ ഭിന്നത മറനീക്കി പുറത്തുവന്നത്. പിന്നീട് മാണിയുമായി പി.ജെ ജോസഫ് ചർച്ച നടത്തിയെങ്കിലും മഞ്ഞുരുകിയില്ല. എന്നാൽ ഈ വാർത്തകളെക്കുറിച്ച് പി.ജെ. ജോസഫ് പ്രതികരിച്ചിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top