കോട്ടയത്തെ കൃഷിക്കാരന്റെ മകന്‍ പൊരുതി നേടിയത് സിവില്‍ സര്‍വ്വീസ്; ജീവിത പ്രരാബ്ദം കൊണ്ട് നഴ്‌സായെങ്കിലും സ്വപ്‌നമുപേക്ഷിക്കാതെ പൊരുതി

ന്യൂഡല്‍ഹി: പഠിക്കുന്ന കാലം മുതലെ ലക്ഷ്യം സിവില്‍ സര്‍വ്വീസായിരുന്നു… പക്ഷെ കോട്ടയത്തെ സാധാ കൃഷിക്കാരന്റെ മകന് ജീവിതപ്രാരാബ്ദങ്ങളോട് പടവെട്ടാന്‍ നഴ്‌സിങ് തിരഞ്ഞെടുക്കേണ്ടിവന്നു…. നഴ്‌സായി ജോലി ചെയ്യുമ്പോഴും സ്വപ്‌നസാഫല്യത്തിനുവേണ്ടി അധ്വാനിച്ചു ഒടുവില്‍ ഇത്തവണ സിവില്‍ സര്‍വ്വീസ് റാങ്കുനേടി ജോസഫ് കെ മാത്യു മലയാളി നഴ്‌സുമാര്‍ക്ക് അഭിമാനമായി.

എയിംസില്‍ നേഴ്സാണ് ജോസഫ് കെ മാത്യു. കഴിഞ്ഞ ബുധനാഴ്ച എയിംസിലെ സര്‍ജിക്കല്‍ യൂണിറ്റില്‍ നിന്ന് ജോലി കഴിഞ്ഞിറങ്ങിയ ഈ നേഴ്സിന്റെ മൊബൈലില്‍ കാത്തിരുന്ന ഒരു സന്ദേശമുണ്ടായിരുന്നു. നിങ്ങള്‍ പരീക്ഷ ജയിച്ചിരിക്കുന്നു… ആശംസകളെന്നതായിരുന്നു അത്. ഇത് വായിച്ച് ജോസഫ് കെ മാത്യു ഒരു നിമിഷം സ്തംബ്ദനായി. തനിക്ക് സിവില്‍ സര്‍വ്വീസ് കിട്ടിയെന്ന് മനസ്സിലാക്കിയ സന്ദേശമായിരുന്നു ഈ കുമരകത്തുകാരന്‍ വായിച്ചറിഞ്ഞത്. അതെ ഇത്തവണത്തെ സിവില്‍ സര്‍വ്വീസ് റാങ്കുകാരുടെ കൂട്ടത്തില്‍ ഭൂമിയില്‍ സ്വര്‍ഗ്ഗമൊരുക്കുന്ന നേഴ്സുമാരുടെ പ്രതിനിധിയുമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോട്ടയത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലായിരുന്നു നേഴ്സിങ് പഠനം. സാദാ കൃഷിക്കാരന്റെ മകന്‍ സ്‌കൂള്‍ പഠനകാലം മുതല്‍ മികവ് കാട്ടിയിരുന്നു. സര്‍ക്കാര്‍ എയിഡഡ് സ്‌കൂളിലെ പഠന ശേഷം നേഴ്സാവുകയായിരുന്നില്ല സ്വപ്നം. എന്നാല്‍ ജീവിത പ്രാരാബ്ദങ്ങള്‍ ജോസഫ് കെ മാത്യുവിനെ നേഴ്സിങ് സ്‌കൂളിലെത്തിച്ചു. പിന്നെ വിദേശത്ത് പോവുകയായിരുന്നു സ്വപ്നം. അത് ഒരിക്കല്‍ കൈയെത്തു ദൂരത്ത് എത്തുകയും ചെയ്തു. എന്നാല്‍ മനസ്സിലെ ഉള്‍വിളി സിവില്‍ സര്‍വ്വീസിലായിരുന്നു. അതുകൊണ്ട് തന്നെ വിദേശത്തേക്കുള്ള ഓഫര്‍ വേണ്ടെന്ന് വച്ചു. 2012ല്‍ സിവില്‍ സര്‍വ്വീസിന് വേണ്ടി തയ്യാറെടുത്തു. എന്നാല്‍ ഒന്നും എങ്ങും എത്തിയില്ല.

ഇതോടെ വിദേശ ജോലി പോയതിലെ നിരാശ ചെറുതായി ബാധിക്കുകയും ചെയ്തു. എന്നാല്‍ വിട്ടുകൊടുക്കാതെ പഠിക്കാനായിരുന്നു തീരുമാനം.
എയിംസിലെ ജോലിക്കിടയിലും പഠനത്തിനായി മണിക്കൂറുകള്‍ ജോസഫ് കെ മാത്യു മാറ്റിവച്ചു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ നിന്ന് നേരെ പോകുന്നത് പുസ്തകങ്ങളുടെ കൂട്ടത്തിലേക്ക്. പിന്നെ പഠനം.

കൃത്യമായ സമയം ഇതിനായി മാറ്റിവയ്ക്കാന്‍ മാത്യുവിന് കഴിയില്ലായിരുന്നു. രാവിലെ ജോലിക്ക് കയറുമ്പോള്‍ രാത്രിയില്‍ പഠനം. മാസത്തില്‍ ആറു ദിവസം രാത്രി ജോലിയും എത്തും. ഈ സമയത്തായിരുന്നു പഠിച്ചത് ഓര്‍ത്തെടുക്കുക. ഓണ്‍ലൈനില്‍ നിന്ന് കിട്ടിയ പാഠ്യവസ്തുക്കളുപയോഗിച്ചായിരുന്നു സിവില്‍ സര്‍വ്വീസിന് തയ്യാറെടുത്തത്. ഇതാണ് ഫലം കാണുന്നത്. സിവില്‍ സര്‍വ്വീസ് റാങ്ക് പട്ടികയില്‍ 574-ാം റാങ്കാണ് ജോസഫ് മാത്യുവിനുള്ളത്. അതുകൊണ്ട് തന്നെ ഇത്തവണ ഐഎഎസ് കിട്ടില്ലെന്നും തിരിച്ചറിയുന്നു.

അതുകൊണ്ട് തന്നെ റാങ്ക് നേട്ടത്തിലും ഈ നേഴ്സ് പഠനം ഉപേക്ഷിക്കില്ല. അടുത്ത തവണയും സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതും. ഒരിക്കല്‍ കൂടി ഐഎഎസ് ലക്ഷ്യമിട്ട് ഇനിയും ഒരു കൈ നോക്കാനാണ് മാത്യുവിന്റെ തീരുമാനം.

Top