
കോട്ടയം: ക്രിസ്തുമതത്തിലെ ചെയ്തികളുടെ ക്രിയാത്മക വിമര്‍ശകനായിരുന്നു മരണപ്പെട്ട ജോസഫ് പുലിക്കുന്നേല്‍. ക്രിസ്തീയ ധാരയ്ക്ക് കീഴില്‍ നിന്നുകൊണ്ട് പൗരോഹിത്യത്തിന്റെ പോരായ്മകളേയും സഭയിലെ തെറ്റുകളേയും നിരന്തരം വിമര്‍ശിച്ച അദ്ദേഹം ഒരു തികഞ്ഞ പോരാളിയായിരുന്നു. ആചാരങ്ങലെയും വിശ്വാസങ്ങളെയും നിരന്തര പഠനത്തിന് വിധേയനാക്കിയ ജോസഫ് പുലിക്കുന്നേലിന്റെ മരണാനന്തര ചടങ്ങുകളും വ്യത്യസ്ഥതയുള്ളതാകുകയാണ്.
തന്റെ സ്വത്തുമുഴുവന്‍ ജനസേവനത്തിനായി താന്‍ സ്ഥാപിച്ച പുലിക്കുന്നേല്‍ ഫൗണ്ടേഷന് നല്‍കിക്കൊണ്ടാണ് അദ്ദേഹം യാത്രയാകുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പേ പത്നിയുടെ വേര്‍പാടും തന്റെ മരണവുമെല്ലാം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം എന്ന് മുന്‍കൂട്ടിക്കണ്ട് അദ്ദേഹം ഒസ്യത്തെഴുതി. ഇതോടൊപ്പം തന്റെ മരണശേഷം എങ്ങനെയാവണം സംസ്കാരമെന്നും വ്യക്തമാക്കിയ കുറിപ്പ് 2002ല്‍തന്നെ അദ്ദേഹം കുറിച്ചുവച്ചു. സ്വന്തം നിലയില്‍ നടത്തിവന്ന ഓശാന മാസികയിലാണ് ‘എന്റെ ശേഷക്രിയകള്‍’ എന്ന ശീര്‍ഷകത്തില്‍ അദ്ദേഹം ഈ കുറിപ്പ് പ്രസിദ്ധീകരിച്ചത്.
ജീവിതത്തില്‍ സുനിശ്ചിതമായ ഒന്നേയുള്ളൂ എന്നും എല്ലാവര്ക്കും മരണമെന്നതാണ് ആ ശാശ്വതസത്യമെന്നും വ്യക്തമാക്കി തുടങ്ങുന്ന കുറിപ്പില്‍ ഓരോ സമുദായത്തിന്റേയും ശേഷക്രിയകളേയും ആചാരങ്ങളേയും പരാമര്‍ശിച്ചുകൊണ്ടാണ് പുലിക്കുന്നേല്‍ തന്റെ അഭിപ്രായങ്ങള്‍ തുറന്നുപറയുന്നത്. സമുദായപ്രകാരമുള്ള ആചാരങ്ങളില്‍ മാറ്റം വരുത്തിയാല്‍ അത് ജീവിച്ചിരിക്കുന്നവര്‍ക്ക് അഭിമാനക്ഷതം ആണെന്ന് വരുന്നതെങ്ങനെയെന്നും മക്കളും ബന്ധുക്കളും ദുഃഖിതരായി ഇരിക്കുന്നതിനാല്‍ മറ്റുള്ളവര്‍ അവരുടെ ഇഷ്ടംപോലെ കാര്യങ്ങള്‍ നടപ്പാക്കുന്നുവെന്നും പറഞ്ഞാണ് ജോസഫ് പുലിക്കുന്നേല്‍ കാര്യങ്ങള്‍ തുറന്നുപറയുന്നത്.
1. മരണശേഷം സാധാരണ ഞാന്‍ ധരിക്കുന്ന ഖദര്‍ വസ്ത്രങ്ങള്‍ മാത്രമേ മൃതദേഹത്തില്‍ ധരിപ്പിക്കാവൂ. ഷൂസ് സോക്സ്, ഗ്ളൗസ് എന്നിവ ധരിപ്പിക്കരുത്. തലയില്‍ മുടിയും വയ്ക്കരുത്. – കോമാളിവേഷം കെട്ടാന്‍ താല്പര്യമില്ലെന്ന് വ്യക്തമാക്കി പുലിക്കുന്നേല്‍ പറയുന്നു.
2. തലഭാഗത്ത് ആചാരപരമായി കുരിശുവയ്ക്കുന്നതും, തിരി വയ്ക്കുന്നതും ഉപേക്ഷിക്കണം
3. സുഹൃത്തുക്കളോ ബന്ധുക്കളോ സ്ഥാപനങ്ങളോ മൃതദേഹത്തില്‍ റീത്തുവയ്ക്കുന്നതിനെ ഞാന്‍ ശക്തമായി വിലക്കുന്നു
4. ആര്‍ക്കെങ്കിലും മൃതദേഹത്തെ ആചാരപരമായി ബഹുമാനിക്കണം എന്നുണ്ടെങ്കില്‍ സ്വന്തം സ്ഥലത്തുണ്ടായ പൂക്കള്‍ ഉപയോഗിക്കണം. ഇതിനായി പണം ചെലവാക്കരുത്.
5. മരിച്ചാല്‍ ഉടനെ പൂവത്തോട് പള്ളി വികാരിയെ അറിയിക്കുക. മൃതദേഹം ഏതെങ്കിലും ആശുപത്രിയുടെ മോര്‍ച്ചറിയില്‍ വയ്ക്കരുത്. കഴിയുന്നതും വേഗം മറവുചെയ്യണം.
6. മൃതദേഹം എന്റെ വീടിന്റെ വാരത്തില്‍ വയ്ക്കുക. മറ്റൊരു സ്ഥലത്തും സ്ഥാപനത്തിലും മൃതദേഹം കൊണ്ടുപോകാന്‍ പാടില്ല.
7. മൃതദേഹം എന്റെ കുടുംബവകയായ എന്റെ സ്വന്തം ഭൂമിയില്‍ അടക്കുകയോ ദഹിപ്പിക്കുകയോ ചെയ്യുക.
8. മറവുചെയ്ത സ്ഥലത്ത് ആചാരപരമായ ഒരു കര്‍മ്മവും നിര്‍വഹിക്കപ്പെടേണ്ടതില്ല. ഏഴ്, നാല്പത്, ആണ്ട് മുതലായ ഒരു ആചാരങ്ങളും നടത്തരുത്.
9. മൃതദേഹം മറവുചെയ്ത ശേഷം ്അനുശോചന യോഗം നടത്താന്‍ പാടില്ല.
10. സംസ്കാരം നിശ്ചയിച്ചിരിക്കുന്ന കൃത്യസമയത്തു തന്നെ നടത്തണം.
ഇത്തരത്തില്‍ വിശദമായാണ് തന്റെ ബന്ധുക്കളേയും സഹപ്രവര്‍ത്തകരേയും അദ്ദേഹം 15 വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ തന്റെ സംസ്കാരത്തെകുറിച്ച് ബോധിപ്പിക്കുന്നത്.