
ക്രൈം ഡെസ്‌ക്
കൊച്ചി: പെരുമ്പാവൂരിൽ നിയമ വിദ്യാർഥി ജിഷയെ ക്രൂരമായി കൊലപ്പെടുത്തിയ അമീറിനു ബോഡോ – ഉൾഫാ തീവ്രവാദി സംഘടനകളുമായി ബന്ധമെന്ന സൂചനകൾ ലഭിച്ചതായി പൊലീസ്. ചെറുപ്പത്തിൽ നാടുവിട്ടു പോയ അമീറുൾ അഞ്ചു വർഷത്തോളം എവിടെയായിരുന്നു എന്നതു സംബന്ധിച്ചു പൊലീസിനു ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇയാളുടെ ശരീരത്തിൽ പച്ചകുത്തിയിരുന്ന അസം വാക്കുകൾ എന്താണെന്നും, ഇത് എവിടെ നിന്നാണ് പച്ചകുത്തിയതെന്നും കണ്ടെത്തിയെങ്കിൽ ഇയാളുടെ മറ്റു ബന്ധങ്ങൾ സംബന്ധിച്ചു വ്യക്തത ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.
അമീറിന്റെ ഇടതു കയ്യിലും, ഇടതു തോളിനു താഴെയും അസമീസ് ഭാഷയിൽ പച്ചകുത്തിയിട്ടുണ്ട്. ഇത് മുൻപ് പട്ടാളവുമായി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട തീവ്രവാദികളുടേതിനു സമാനമായതാണെന്നാണ് മിലട്ടറി ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. ഇതേ തുടർന്നാണ് അമീർ കേരളത്തിൽ എത്തും മുൻപുള്ള അഞ്ചു വർഷം എവിടെയായിരുന്നു എന്നു കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
അമീർ പത്താം വയസിൽ വീട് വിട്ടു പോയെന്നാണ് മാതാവ് പൊലീസിനു മൊഴി നൽകിയിരിക്കുന്നത്. രണ്ടു വർഷം മുൻപു മാത്രമാണ് ഇയാൾ കേരളത്തിലെത്തിയതെന്നു ഇയാൾ പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് കേരളത്തിലെത്തും മുൻപുള്ള വർഷങ്ങളിൽ അമീർ എന്തു ചെയ്യുകയായിരുന്നു എന്നു കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
പ്രതി ഒറ്റയ്ക്കു ജിഷയെ കൊലപ്പെടുത്തിയതും, മാസങ്ങളോളം മറ്റാർക്കും മുഖം നൽകാതെ ഒളിവിൽ പാർത്തതും പരിശോധിക്കുമ്പോൾ ഇയാളുടെ തീവ്രവാദ ബന്ധങ്ങൾ സംശയിക്കാൻ സാധിക്കുമെന്നു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ഡിഐഎച്ച് ന്യൂസിനോടു പറഞ്ഞു.