കഞ്ചാവ് വാങ്ങാന്‍ പണമില്ല മാധ്യമ വിദ്യാര്‍ത്ഥികള്‍ കാറുമോഷ്ടിച്ച് വിറ്റു; യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

കോട്ടയം : ഡോക്ടറുടെ സ്‌കോഡ കാറും ലാപ്ടോപ്പും യുവതിയും സുഹൃത്തുക്കളായ സഹോദരങ്ങളും ചേര്‍ന്ന് മോഷ്ടിച്ചത് കഞ്ചാവിന് പണംകണ്ടെത്താനെന്ന് മൊഴി. മാധ്യമവിദ്യാര്‍ത്ഥികളായ യുവതിയും യുവാവും യുവാവിന്റെ സഹോദരനുമാണ് അറസ്റ്റിലായത്.

കലക്ടറേറ്റിനു സമീപം ഡോ. ബേക്കര്‍ മത്തായി ഫെന്നിന്റെ ഉടമസ്ഥതയിലുള്ള ഫെന്‍ ഹാള്‍ ഹോംസ്റ്റേയില്‍ നിന്നു സ്‌കോഡ കാറും ലാപ് ടോപ്പും മോഷ്ടിച്ച സംഭവത്തില്‍ പൊലീസ് സാധാരണ കള്ളന്മാരെ തിരക്കിയിറങ്ങിയെങ്കിലും ആരെയും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ മാധ്യമ വിദ്യാര്‍ത്ഥികളായ യുവതിയും യുവാവും കോട്ടയത്തെ ഒരു സ്ഥാപനത്തില്‍ നിന്ന് കാണാതായെന്ന് വിവരം ലഭിച്ചതോടെയാണ് ഇവരിലേക്ക് അന്വേഷണം നീളുന്നത്. ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ ഇത്തരമൊരു അഭ്യാസത്തിന് മുതിരുമെന്ന് സ്വപ്നത്തില്‍പോലും വിചാരിക്കാത്ത പൊലീസ് ഇവരുടെ മോഷണ കഥ കേട്ട് ഞെട്ടിയിരിക്കുകയാണ്.

ചെങ്ങന്നൂര്‍ പാറയില്‍ ജുബല്‍ വര്‍ഗീസ് (26) സഹോദരന്‍ ജെത്രോ വര്‍ഗീസ് (21), എറണാകുളം തോട്ടുമുഖം അരുണ്‍ തയ്യില്‍ രേവതി കൃഷ്ണ (21) എന്നിവരാണ് അറസ്റ്റിലായത്. ജുബലും രേവതിയും ഒരുമിച്ച് പഠിക്കുന്നവരാണ്. കോട്ടയം നഗരത്തിലെ ഒരു സ്ഥാപനത്തില്‍ മാധ്യമവിദ്യാര്‍ത്ഥികളാണ് ഇവര്‍.

കഴിഞ്ഞ ഏപ്രിലിലാണ് കഥയുടെ ആദ്യ എപ്പിസോഡ്. കോട്ടയം കളക്ടറേറ്റിനു സമീപം താമസിക്കുന്ന ഡോക്ടര്‍ ബേക്കര്‍ മത്തായി ഫെന്നിന്റെ ഉടമസ്ഥതയിലുള്ള ഫെന്‍ ഹാള്‍ ഹോംസ്റ്റേയില്‍നിന്നു സ്‌കോഡാ കാറും ലാപ് ടോപ്പും മോഷണം പോയി. പതിവുപോലെ പൊലീസ് അന്വേഷണവും തുടങ്ങി. പതിവു കള്ളന്മാരിലൊക്കെ അന്വേഷണം നടത്തുന്നതിനിടെയാണ് സമീപത്തു വാടകയ്ക്കു താമസിക്കുന്ന രണ്ടു വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന വിവരം ലഭിക്കുന്നത്. ഒരാള്‍ പെണ്‍കുട്ടിയാണ്.

ആലുവ തോട്ടുമുഖം സ്വദേശി അരുന്തയില്‍ രേവതി. കൂട്ടുകാരന്‍ ചെങ്ങന്നൂര്‍ കല്ലിശേരി സ്വദേശി പാറയില്‍ ജുബല്‍ വര്‍ഗീസും. വരുടെ അസാന്നിധ്യത്തില്‍ സംശയം തോന്നിയ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തി. മൊബൈല്‍ നമ്പര്‍ വച്ച് പരിശോധിച്ചതില്‍നിന്ന് ഇവര്‍ മുംബൈയിലാണെന്ന് മനസിലാക്കി. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് കേസിന്റെ ചുരുളഴിച്ചത്. ഇവര്‍ക്കൊപ്പം ജൂബലിന്റെ സഹോദരന്‍ ജോത്രോയും പിടിയിലായിട്ടുണ്ട്.

പൊലീസ് മൂവരെയും ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന സത്യം പുറത്തുവന്നത്. പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്നു പേരും കഞ്ചാവിന് അടിമകളാണെന്ന് പൊലീസ് പറയുന്നു. കഞ്ചാവ് വാങ്ങാന്‍ പണമില്ലാതായതോടെയാണ് ജൂബലും രേവതിയും കാര്‍ മോഷ്ടിച്ച് വില്ക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ഏപ്രില്‍ 21നാണ് മോഷണം നടന്നത്.

ജില്ലാ പൊലീസ് ചീഫ് എന്‍. രാമചന്ദ്രന്റെ നിര്‍ദേശാനുസരണം എഎസ്പി ചൈത്ര തെരേസാ ജോണ്‍, കോട്ടയം ഡിവൈഎസ്പി സ്‌ക്കറിയ മാത്യു, ഈസ്റ്റ് സിഐ അനീഷ് വി. കോര, ഈസ്റ്റ് എസ്‌ഐ യൂ. ശ്രീജിത്ത്, അഡീഷണല്‍ എസ്‌ഐമാരായ മത്തായി കുഞ്ഞ്, പി.എം. സാബു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ നവാസ്, ജോര്‍ജ് വി. ജോണ്‍, പി.എന്‍. മനോജ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ദിലീപ് വര്‍മ, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കന്‍സി, റിന്‍സി, ഷാഹിന എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Top