തടവുകാരെ ജേര്‍ണലിസം കോഴ്‌സ് പഠിപ്പിക്കാനൊരുങ്ങി സെന്‍ട്രല്‍ ജയില്‍; കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജോലി…

അഹമ്മദാബാദ്: ഗുജറാത്തിലെ സബര്‍മതി സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്കുവേണ്ടി ജേര്‍ണലിസം, പ്രൂഫ് റീഡിങ് കോഴ്‌സുകള്‍ തുടങ്ങുന്നു. മഹാത്മാഗാന്ധി തുടക്കം കുറിച്ച നവജീവന്‍ ട്രസ്റ്റ് ആണ് ഇതിന് നേതൃത്വം നല്‍കുന്നത്. രാജ്യത്ത് ആദ്യമായാവും ഇത്തരത്തിലുള്ള കോഴ്‌സ് ജയിലില്‍ തുടങ്ങുന്നതെന്നും, തടവുകാര്‍ക്ക് മാധ്യമ രംഗത്ത് തൊഴിലവസരങ്ങള്‍ ലഭിക്കാന്‍ അവസരം ഒരുക്കുന്നത് ലക്ഷ്യമിട്ടാണ് കോഴ്‌സ് തുടങ്ങുന്നതെന്നും നവജീവന്‍ ട്രസ്റ്റ് ഭാരവാഹി വിവേക് ദേശായി പിടിഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഒക്ടോബര്‍ 15 ന് ക്ലാസ് തുടങ്ങും. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചാണ് കോഴ്‌സ് തുടങ്ങുന്നത്. ആദ്യബാച്ചിലേക്ക് 20 തടവുകാരെ ജയില്‍ അധികൃതരുടെ സഹായത്തോടെ നവജീവന്‍ ട്രസ്റ്റ് തിരഞ്ഞെടുത്തു കഴിഞ്ഞു.

ബ്രിട്ടീഷ് ഭരണകാലത്ത് ഗാന്ധിജിയെ സബര്‍മതി ജയിലില്‍ പാര്‍പ്പിച്ചിരുന്നു. ഒരാഴ്ചയില്‍ മൂന്ന് ദിവസമാകും കോഴ്‌സ്. മാധ്യമ രംഗത്തെ പ്രമുഖരാവും ക്ലാസെടുക്കുക. ഗുജറാത്തി ഭാഷയില്‍ നടത്തുന്ന കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. കോഴ്‌സ് പൂര്‍ത്തിയാക്കുന്ന തടവുകാര്‍ക്ക് പ്രൂഫ് റീഡിങ് ജോലി നല്‍കാമെന്ന് പല മാധ്യമ സ്ഥാപനങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു. നവജീവന്‍ ട്രസ്റ്റിന്റെ പ്രസിദ്ധീകരണങ്ങളിലും തടവുകാര്‍ക്ക് ജോലി നല്‍കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top