പ്രമുഖ മാധ്യമപ്രവര്‍ത്തകനെ മുതല വലിച്ചുകൊണ്ടുപോയി കൊലപ്പെടുത്തി

ഫൈനാന്‍ഷ്യന്‍ ടൈംസിലെ മാധ്യമപ്രവര്‍ത്തകനായ പോള്‍ മക്ക്ലീനിനെ മുതല വലിച്ചുകൊണ്ടുപോയി കൊലപ്പെടുത്തി. ശ്രീലങ്കയിലെ ഒരു തടാകക്കരയില്‍വെച്ചായിരുന്നു സംഭവം. തീരഗ്രാമമായ പനാമയ്ക്കടുത്ത് ചളിയില്‍ പുതഞ്ഞനിലയിലായിരുന്നു മക് ക്ലീനിന്റെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ അനേകം മുറിവുകളുള്ളതായാണ് റിപ്പോര്‍ട്ട്. ഈസ്റ്റ് ബീച്ച് സര്‍ഫ് റിസോര്‍ട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സര്‍ഫിങ് പഠിക്കാനായി താമസിച്ചുവരികയായിരുന്നു പോള്‍. ഇവര്‍ താമസിച്ചുവരുന്ന സ്ഥലത്തിനടുത്ത് അനേകം ചെറു തടാകങ്ങളുണ്ട്. ഇതിനടുത്തുള്ള ടോയ്‌ലറ്റില്‍ പോയപ്പോള്‍ പോളിനെ മുതല ആക്രമിച്ചതായാണ് സുഹൃത്തുക്കള്‍ പറയുന്നത്. വെള്ളത്തില്‍ മുങ്ങുന്ന പോളിനെയാണ് സുഹൃത്തുക്കള്‍ ഒടുവിലായി കാണുന്നത്. ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും മുതല ഇയാളെ വെള്ളത്തിനടിയിലേക്ക് വലിച്ചു താഴ്ത്തി. ഇവിടുത്തെ ജലാശയം ആഴമേറിയതും അടിയൊഴുക്കുള്ളതുമായതിനാല്‍ രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടു. കാട്ടിനകത്തേക്ക് എണ്ണൂറുമീറ്ററോളം പോയതാണ് യുവാവിന്് വിനയായതെന്ന് പോലീസ് സംശയിക്കുന്നു. എലിഫന്റ് റോക്കിലെ സര്‍ഫിങ് സുരക്ഷിതമാണെന്നും ആദ്യമായാണ് ഇത്തരമൊരു സംഭവം നടക്കുന്നതെന്നുമാണ് പ്രദേശവാസി പറയുന്നത്. ബ്രിട്ടനിലെ സറേ സ്വദേശിയാണ് മക്ക്ലീന്‍. ഫൈനാന്‍ഷ്യന്‍ ടൈംസിനുവേണ്ടി ഇയാള്‍ ചെയ്ത ബ്രക്‌സിറ്റ് റിപ്പോര്‍ട്ടുകള്‍ ശ്രദ്ധനേടിയിരുന്നു. വൈന്‍ ഫാക്ടറികള്‍ കാലാവസ്ഥയെ ബാധിക്കുന്നതായി പോള്‍ ചെയ്ത ലേഖനവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. യുവ മാധ്യമപ്രവര്‍ത്തകന്റെ മരണത്തിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും.

Top