ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നോട്ട് നിരോധന പ്രഖ്യാപനം രണ്ട് ദിവസം മുമ്പ് റെക്കോര്‍ഡ് ചെയ്തതാണെന്ന് വെളിപ്പെടുത്തിയ ദൂരദര്‍ശന്‍ മാധ്യമപ്രവര്‍ത്തകന് വധഭീഷണിയെന്ന് റിപ്പോര്‍ട്ട്. ഡിഡിയിലെ മാധ്യമപ്രവര്‍ത്തകനായ സത്യേന്ദ്ര മുരളിക്കാണ് ഫോണിലൂടെയും മറ്റും കൊല്ലുമെന്ന് ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നത്.
നവംബര്‍ എട്ടിന് രാത്രി എട്ടു മണിക്കാണ് പ്രധാനമന്ത്രി ദൂരദര്‍ശനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് നോട്ട് നിരോധനം പ്രഖ്യാപിച്ചത്. പ്രസംഗം തത്സമയ സംപ്രേഷണമല്ലായിരുന്നെന്നും രണ്ട് ദിവസം മുമ്പ് റെക്കോര്‍ഡ് ചെയ്തതാണെന്നും സത്യേന്ദ്ര വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ തന്നെ വധിക്കുമെന്നും തട്ടിക്കൊണ്ടുപോകുമെന്നുമെല്ലാം ഭീഷണിപ്പെടുത്തിയുള്ള സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഇദ്ദേഹം പറയുന്നു. ഫെയ്സ്ബുക്കിലും വാട്സാപ്പിലും അധിക്ഷേപ സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ 24ന് ഡല്‍ഹി പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മോഡിയുടെ നോട്ട് നിരോധന പ്രസംഗം നേരത്തെ റെക്കോര്‍ഡ് ചെയ്തതാണെന്ന് ദൂരദര്‍ശനിലെ മാധ്യമപ്രവര്‍ത്തകനായ സത്യേന്ദ്ര മുരളി വെളിപ്പെടുത്തിയത്. പത്രസമ്മേളനത്തിനിടെ തന്റെ മൊബൈല്‍ നമ്പര്‍ മുരളി പരസ്യപ്പെടുത്തിയിരുന്നു. ഇതിലേക്ക് നിരവധിയാളുകള്‍ അഭിനന്ദനം നേര്‍ന്നു വിളിച്ചു.