ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു ബഞ്ചില്‍ ഒരുമിച്ചിരുന്നാല്‍ ആകാശം ഇടിഞ്ഞ് വീഴുമോ? ഒന്ന് പോകാന്‍ പറ കുട്ടികളെ….ഫാറൂക്ക് കോളേജ് ദുരാചാരത്തിന്റെ ചവറ്റൃകുട്ടയാവുന്നത് കാണുമ്പോള്‍ ലജ്‌ജ തോന്നുന്നു.ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ കോഴിക്കോട് ഫാറൂഖ് കോളേജ് നടപടിക്കെതിരെ ശബ്‌ദമുയര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി സംവിധായകനും നടനുമായ ജോയ് മാത്യു.
പുരോഗമനം നടിക്കുന്ന നമ്മള്‍ ഇപ്പോഴും 18-ാം നൂറ്റാണ്ടില്‍ത്തന്നെ ആണ്‍ പെണ്‍ സൗഹൃദങ്ങള്‍ക്ക് കൂച്ച് വിലങ്ങിടുന്ന മദ(ത) മണ്ടന്മാരെ വെല്ലുവിളിച്ച ഫാറൂക്ക് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് അഭിവാദ്യങ്ങള്‍- ജോയ് മാത്യു തന്റെ ഫേസ്‌ബുക്ക് പേജില്‍ കുറിച്ചു.
മലയാളം ക്ലാസില്‍ ഒരുമിച്ച് ഒരു ബഞ്ചില്‍ ഇരുന്നെന്ന് ആരോപിച്ച് സഹപാഠികളായ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഫാറൂഖ് കോളേജ് മാനേജ്‌മെന്റ് കഴിഞ്ഞ ആഴ്‌ച്ച സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും വേറെ വേറെ ബഞ്ചുകളില്‍ മാത്രമേ ഇരിക്കാവൂ എന്ന് കോളേജില്‍ നിയമമുണ്ടെന്നും അത് പാലിക്കാത്തവര്‍ തന്റെ ക്ലാസിലിരിക്കേണ്ടെന്ന് അധ്യാപകന്‍ പറഞ്ഞെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. ഇതിനെ വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്‌തതോടെയാണ് എട്ടു പേരെയും ക്ലാസില്‍ നിന്നു പുറത്താക്കിയത്.