തൃശൂര്‍ :തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി എസ് എസ് വാസന്‍ സ്വയംവിരമിക്കലിനുള്ള അപേക്ഷ പിന്‍വലിച്ചു. ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരുടെ ഇടപെടലിനെ തുടര്‍ന്നാണ് സ്വയംവിരമിക്കലിനുള്ള അപേക്ഷ പിന്‍വലിച്ചത്. ഹൈക്കോടതി രജിസ്ട്രാറിനാണ് സ്വയം വിരമിക്കലിനുള്ള അപേക്ഷ നല്‍കിയിരുന്നത്.
മുഖ്യമന്ത്രിക്കും മന്ത്രി ആര്യാടനുമെതിരേ വാസന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തു വന്നിരുന്നു.
വിരമിക്കാന്‍ താല്‍പര്യമറിയിച്ച് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നല്‍കിയ അപേക്ഷയാണ് വാസന്‍ പിന്‍വലിച്ചത്. വിരമിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് കണ്‍സ്യൂമര്‍ ഫെഡ് അഴിമതിയുമായി ബന്ധപ്പെട്ട കേസ് രണ്ടു പ്രാവശ്യം മാറ്റിവെച്ചിരുന്നു.
ഒന്നരവര്‍ഷത്തോളം സര്‍വീസ് ബാക്കിനില്‍ക്കേയാണ് വാസന്‍ വിരമിക്കാന്‍ അപേക്ഷ നല്‍കിയിരുന്നത്. വാസന്‍ വിരമിക്കുന്നതായുള്ള തീരുമാനമറിഞ്ഞതിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗോബാക്ക് വിളിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തിരുന്നു. തന്റെ വിവാദപരാമര്‍ശങ്ങളുടെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ ശവമഞ്ചസമരത്തോട് വൈകാരികമായി പ്രതികരിച്ചതും വാര്‍ത്തയായിരുന്നു.
സോളാര് കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേ വിജിലന്‍സ് കോടതി ജഡ്ജിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉണ്ടായത്. ഇതേ തുടര്‍ന്നാണ് എസ് എസ് വാസന്‍ സ്വയംവിരമിക്കലിന് ഹൈക്കോടതി രജിസ്ട്രാറിന് മുന്നില്‍ അപേക്ഷ നല്‍കിയത്. ജഡ്ജിക്ക് ചുമതലകളെ കുറിച്ച് ബോധമില്ലെന്ന് ജസ്റ്റിസ് പി ഉബൈദ് നിരീക്ഷണം നടത്തിയിരുന്നു. ജഡ്ജിക്കെതിരെ നടപടിയെടുക്കണമെന്ന് ഹൈക്കോടതി ഭരണവിഭാഗത്തോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് എസ് എസ് വാസന്‍ സ്വയം വിരമിക്കാന്‍ ഒരുങ്ങിയത്.
കഴിഞ്ഞ ദിവസം സോളാര്‍ കേസില്‍ സരിത എസ് നായരുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ പി ഡി ജോസഫ് സമര്‍പ്പിച്ച ഹര്‍ജിയില്‍ മുഖ്യമന്ത്രിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനും എതിരെ കേസെടുക്കാന്‍ വിജിലന്‍സ് ജഡ്ജി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ വിധി ഹൈക്കോടതി രണ്ട് മാസത്തേക്ക് സ്‌റ്റേ ചെയ്തു. ജഡ്ജിയുടെ ഉത്തരവിനെതിരെ ഹൈക്കോടതി രൂക്ഷമായ വിമര്‍ശനവും നടത്തിയിരുന്നു. ബാര്‍ കോഴക്കേസില്‍ മന്ത്രി കെ ബാബുവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷിക്കണമെന്ന എസ് എസ് വാസന്റെ ഉത്തരവ് ഹൈക്കോടതി സമാനമായ രീതിയില്‍ സ്റ്റേ ചെയ്തിരുന്നു.