ന്യൂഡൽഹി: ഹൈകോടതി ജഡ്ജിമാരുടെ നിയമനകാര്യത്തിൽ കേന്ദ്ര സർക്കാറും ജുഡീഷ്യറിയും വീണ്ടും ഏറ്റുമുട്ടലിൽ. വിവിധ ഹൈകോടതികളിലായി 37 ജഡ്ജിമാരെ നിയമിക്കാനുള്ള ശിപാർശ കേന്ദ്ര സർക്കാർ മടക്കിയത് രണ്ടാം തവണയും സുപ്രീംകോടതി കൊളീജിയം നിരസിച്ചു.
സുപ്രീംകോടതിയിലെയും 24 ഹൈകോടതികളിലെയും ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ധാരണപത്രത്തിൽ ‘ദേശീയ സുരക്ഷയും പൊതുതാൽപര്യവും ’ ചൂണ്ടിക്കാണിച്ചായിരുന്നു കൊളീജിയത്തിെൻറ ശിപാർശ കേന്ദ്ര സർക്കാർ തിരിച്ചയച്ചത്. ചീഫ് ജസ്റ്റിസായിരുന്ന ടി.എസ്. ഠാകുറിെൻറ നേതൃത്വത്തിലെ കൊളീജിയം കഴിഞ്ഞവർഷം ഹൈകോടതികളിൽ നിയമനത്തിന് 77 പേരുകൾ കേന്ദ്രത്തിന് ശിപാർശ ചെയ്തു. ഇതിൽ 43 പേരുകൾ പുനഃപരിശോധിക്കണമെന്ന നിർേദശവുമായി കേന്ദ്രം തിരിച്ചയക്കുകയായിരുന്നു. ‘അനുകൂല റിപ്പോർട്ടില്ലെന്ന’ കാരണം ചൂണ്ടിക്കാണിച്ചായിരുന്നു കേന്ദ്രത്തിെൻറ നടപടി.