ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിലെ നാടകീയ രംഗങ്ങളും സംഘര്‍ഷങ്ങളും പുതിയ വഴിത്തിരിവില്‍. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് ഒ.പനീര്‍ശെല്‍വം പ്രഖ്യാപിച്ചതോടെ പുതിയ നീക്കത്തിന് പാര്‍ട്ടിയുടെയും ജനങ്ങളുടെയും പിന്തുണകൂടുതല്‍ നേടാന്‍ കഴിയുമെന്നാണ് ശെല്‍വം കരുതുന്നത്.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി വി.കെ ശശികലയ്ക്കെതിരെ ആരോപണങ്ങളുന്നയിച്ചതിന് ശേഷം കൂടുതല്‍ വിശദീകരണത്തിനായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പനീര്‍ശെല്‍വം.
ജയലളിതയുടെ മരണം സംബന്ധിച്ച് നിരവധി ചോദ്യങ്ങള്‍ അടുത്ത കാലത്ത് ഉയര്‍ന്നു വന്നിരുന്നു. അതിനെക്കുറിച്ച് അന്വേഷിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണ്. അധികാരത്തില്‍ തിരിച്ചെത്തിയാല്‍ അതിനായി ഒരു ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെ ചുമതലപ്പെടുത്തും. പനീര്‍ശെല്‍വം വ്യക്തമാക്കി.
അവസരം ലഭിച്ചാല്‍ മുഖ്യമന്ത്രിസ്ഥാനത്തു നിന്നുള്ള രാജി പിന്‍വലിക്കുമെന്നും നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജയലളിതയുടെ സഹോദര പുത്രി ദീപയുടെ പിന്തുണയും തേടുമെന്നും പനീര്‍ശെല്‍വം അറിയിച്ചു.
എഐഎഡിഎംകെ നേതാക്കളായ പിഎച്ച് പാണ്ഡ്യന്‍, അദ്ദേഹത്തിന്റെ മകനും മുന്‍ രാജ്യസഭാംഗവുമായ മനോജ് പാണ്ഡ്യന്‍, മുന്‍ എംഎല്‍എ കെപി മുന്നു സ്വാമി, കാവുണ്ടംപാളയം എംഎല്‍എ വിസി ആരുകുട്ടി, രാജ്യസഭാ എംപി മൈത്രേയന്‍ എന്നിവരും പനീര്‍ശെല്‍വത്തോടൊപ്പമുണ്ടായിരുന്നു.
16 വര്‍ഷത്തോളം ജയലളിത മുഖ്യമന്ത്രിയായി തുടര്‍ന്നു. ഞാന്‍ രണ്ടുപ്രാവശ്യമാണ് ആ സ്ഥാനത്തെത്തിയത്. അത് അമ്മയുടെ ആഗ്രഹപ്രകാരമായിരുന്നു. എന്നും അമ്മയുടെ പാത പിന്തുടര്‍ന്നു. പാര്‍ട്ടിയെ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ല. അണ്ണാ ഡിഎംകെയുടെ ഒത്തൊരുമയ്ക്കായി എന്നും നിലകൊണ്ടു. അധികാരത്തിലാണെങ്കിലും പ്രതിപക്ഷത്താണെങ്കിലും പാര്‍ട്ടിയെ ചതിക്കില്ല. തന്റെ പിന്നില്‍ ബിജെപിയാണെന്ന ആരോപണം ഒ.പനീര്‍സെല്‍വം തള്ളി. അണ്ണാ ഡിഎംകെയിലെ പ്രശ്നങ്ങള്‍ക്കു പിന്നില്‍ ബിജെപി അല്ലെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണര്‍ ചെന്നൈയിലെത്തിയാലുടന്‍ കൂടിക്കാഴ്ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സഭയിലെ തന്റെ ഭൂരിപക്ഷം തെളിയിക്കാന്‍ തയാറാണെന്നും പനീര്‍ശെല്‍വം വ്യക്തമാക്കി. ശശികലയെ താത്കാലികമായാണ് ജനറല്‍ സെക്രട്ടറിയാക്കിയത്. ഇടക്കാല ജനറല്‍ സെക്രട്ടറിക്കുപകരം പുതിയയാളെ കണ്ടെത്താന്‍ തിരഞ്ഞെടുപ്പ് നടത്തണം. എല്ലാ ഗ്രാമങ്ങളിലും നേരിട്ടെത്തി പ്രവര്‍ത്തകരെ കാണുമെന്ന് പ്രഖ്യാപിച്ച പനീര്‍ശെല്‍വം മറ്റൊരു സുപ്രധാന നീക്കവും പ്രഖ്യാപിച്ചു. ജയലളിതയുടെ സഹോരപുത്രി ദീപ ജയകുമാറിനോട് ബഹുമാനം മാത്രമാണുള്ളതെന്നു പറഞ്ഞ അദ്ദേഹം അവരുമായി സഹകരിക്കാനുള്ള സാധ്യത തള്ളിക്കളഞ്ഞില്ല. ജയലളിതയുടെ ജന്മദിനത്തില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനാണ് ദീപ തയ്യാറെടുക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്. ജനത്തെ പിന്തുണയ്ക്കുന്ന ആരില്‍നിന്നും സഹായം തേടുമെന്നും പനീര്‍ശെല്‍വം വ്യക്തമാക്കി.
ജയലളിത അസുഖബാധിതയായി കിടന്ന 75 ദിവസവും താന്‍ ആശുപത്രിയില്‍ ചെന്നെങ്കിലും തന്നെ അവരെ കാണാന്‍ അനുവദിച്ചിരുന്നില്ലെന്നെല്ല് പനീര്‍ശെല്‍വം ഇന്നലെ പറഞ്ഞിരുന്നു. ഗവര്‍ണര്‍ക്ക് മാത്രമാണ് അവരെ ആശുപത്രിയില്‍ കാണാന്‍ സാധിച്ചത്. പിന്നണികഥകളുടെ വെറും 10 ശതമാനം മാത്രമാണ് താന്‍ വെളിപ്പെടുത്തിയതെന്നും ഡിഎംകെയുമായി തനിക്കൊരു ബന്ധവുമില്ലെന്നും പനീര്‍ശെല്‍വം പറഞ്ഞു.