പതിനാല് ലക്ഷം വാങ്ങിയതിന് ശേഷം അഭിനയിച്ചില്ല; ഫഹദ് ഫാസിലിനെതിരെ വഞ്ചനാകേസ്; മൂന്‍കൂര്‍ ജാമ്യമെടുത്ത് താരം

ആലപ്പുഴ: പ്രമുഖ സിനിമാതാരം ഫഹദ് ഫാസിലിന് വഞ്ചനാകേസില്‍ മുന്‍കൂര്‍ ജാമ്യം. നിര്‍മ്മാതാവും സുനിതാ പ്രൊഡക്ഷന്‍ ഉടമയുമായ ആരോമ മണി നല്‍കിയ കേസിലാണ് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചത്.

ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉപാധികളില്ലാതെ നടന് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. 2012ല്‍ ശ്യാമപ്രസാദിന്റെ ‘ആര്‍ട്ടിസ്റ്റ്’ എന്ന സിനിമയില്‍ അഭിനയിക്കുന്നതിനിടെയാണ് കേസിനാസ്പദമായ സംഭവം. ‘അയ്യര്‍ ഇന്‍ പാക്കിസ്ഥാന്‍’ എന്ന സിനിമയില്‍ നായകനായി അഭിനയിക്കുന്നതിന് 14 ലക്ഷം രൂപ കരാര്‍ ഒപ്പിട്ട് വാങ്ങിയശേഷം അഭിനയിച്ചില്ലെന്നാണ് കേസ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫഹദ് പിന്മാറിയതിനെ തുടര്‍ന്ന് തനിക്ക് മൂന്നുകോടി രൂപ നഷ്ടമുണ്ടായതായി ആരോപിച്ച് ഹര്‍ജിക്കാരന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സ്വകാര്യ അന്യായം നല്‍കി. ഹര്‍ജി സ്വീകരിച്ച കോടതി തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസിനോട് കേസെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്തതല്ലാതെ കഥയെക്കുറിച്ച് നിര്‍മ്മാതാവ് പറഞ്ഞിരുന്നില്ലെന്ന് ഫഹദിന്റെ അഭിഭാഷകന്‍ അഡ്വ. ബി ശിവദാസ് പറഞ്ഞു. പിന്നീട് കഥ കേട്ടപ്പോള്‍ സിനിമയ്ക്ക് പറ്റിയതല്ലെന്ന് മനസ്സിലാക്കിയാണ് ഫഹദ് ഇതില്‍നിന്ന് പിന്മാറിയത്. സിനിമയുടെ ഫോട്ടോ ഷൂട്ട് ഉള്‍പ്പടെയുള്ള ഒരുക്കങ്ങള്‍ നടത്തിയിരുന്നു എങ്കിലും ഇതിന് ശേഷം ചിത്രത്തില്‍ അഭിനയിക്കില്ല എന്ന ഫഹദ് ഫാസില്‍ അറിയിക്കുകയായിരുന്നു.

കന്റോണ്‍മെന്‌റ് പൊലീസ് സ്റ്റേഷനില്‍ അരോമ മണി പരാതി നല്‍കിയിരുന്നു എങ്കിലും ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ മാത്രമാണ് നടന്നത്. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തയ്യാറായില്ല. ഇതിനേ തുടര്‍ന്നാണ് മണി കോടതിയെ സമീപിച്ചത്. കോടതി കേസെടുക്കാന്‍ നിര്‍ദേശിച്ചതും. അഡ്വാന്‍സ് തുകയായി 10 ലക്ഷത്തിന്റെയും ഏഴുലക്ഷത്തിന്റെയും രണ്ട് ചെക്കുകള്‍ കൈപ്പറ്റിയെങ്കിലും തുക മാറിയെടുത്തില്ലെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ചെക്കുകള്‍ കോടതിയില്‍ ഹാജരാക്കി.

Top