ന്യൂഡല്‍ഹി: യോഗയെ പാഠ്യപദ്ധതിയുടെ ഭാഗമാക്കുകയെന്ന ആഗ്രഹവുമായി എത്തിയ അഭിഭാഷകനെ സുപ്രീം കോടതി മടക്കിയത് യോഗയിലെ ജ്ഞാനം പരീക്ഷിച്ചുകൊണ്ടുതന്നെ. യോഗ ആരിലും അടിച്ചേല്‍പ്പിക്കാനാവില്ലെന്ന നിരീക്ഷണത്തോടെ യോഗയെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന പൊതുതാത്പര്യ ഹര്‍ജി കോടതി തള്ളി.
പാഠ്യപദ്ധതിയില്‍ എന്തുള്‍പ്പെടുത്തണമെന്ന് തീരുമാനിക്കുന്നത് വിദ്യാഭ്യാസ വിചക്ഷണരും സര്‍ക്കാരുമാണെന്ന് ചീഫ് ജസ്റ്റിസ് ടി.എസ്.താക്കൂര്‍, ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എല്‍.എന്‍ റാവു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. യോഗ പരിശീലിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെടുകയാണ് വേണ്ടത്. ആവശ്യമുള്ളവര്‍ പരിശീലിക്കുമെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.
അഡ്വ.അശ്വിന് ഉപാധ്യായയാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. അഭിഭാഷകരായ എം.എന്‍.കൃഷ്ണമണിയും വി.ശേഖറും വാദിക്കാനെത്തി. വാദത്തിന്റെ തുടക്കത്തില്‍ത്തന്നെ ചീഫ് ജസ്റ്റിസ് ഇവരെ ചോദ്യങ്ങള്‍കൊണ്ട് കുഴക്കി. ഇത്രയും മലിനമാക്കപ്പെട്ട അന്തരീക്ഷത്തില്‍ നിങ്ങള്‍ യോഗ പരിശീലിക്കുന്നുണ്ടോ എന്നായിരുന്നു കൃഷ്ണമണിയോടുള്ള ചോദ്യം. ഒരു ആസനത്തിന്റെ പേര് പറയാന്‍ കോടതി ആവശ്യപ്പെട്ടപ്പോള്‍ പ്രാണായാമം എന്നായിരുന്നു അഭിഭാഷകന്റെ മറുപടി. ഇതാകട്ടെ കോടതിയെ തൃപ്തിപ്പെടുത്തിയില്ല.
യോഗയുടെ അവസാനം ചെയ്യുന്ന ആസനമേതാണെന്ന കോടതിയുടെ ചോദ്യത്തിനും കൃഷ്ണമണിക്ക് ഉത്തരമുണ്ടായിരുന്നില്ല. ശവാസനമാണത് എന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ്, അഭിഭാഷകന്റെ യോഗാജ്ഞാനത്തെ പരിഹസിച്ചുകൊണ്ട് ഹര്‍ജി തള്ളി.