27ന് ആകാശത്ത് ഒരു അപൂര്‍വ കാഴ്ച കാണാം

നൂറു വര്‍ഷത്തിനിടെ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന കാഴ്ചയ്ക്കാണ് ജൂലൈ 27 സാക്ഷ്യം വഹിക്കുക. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണമാണ് അന്ന് നടക്കുക. 27, 28 തീയതികളില്‍ രാത്രി ഗ്രഹണം കാണാനാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 27ന് രാത്രി ആരംഭിച്ച് 28നു പുലര്‍ച്ചെ 1.52നായിരിക്കും ഗ്രഹണം അതിന്റെ ഏറ്റവും പൂര്‍ണതയില്‍ കാണാന്‍ സാധിക്കുക. ഈ സമ്പൂര്‍ണ ഗ്രഹണമാകട്ടെ രണ്ടു മണിക്കൂറോളം നീളുകയും ചെയ്യും. കൃത്യമായി പറഞ്ഞാല്‍ ഒരു മണിക്കൂര്‍ 43 മിനിറ്റ്. കണക്കു കൂട്ടിയതില്‍ വച്ച് ഭൂമിയില്‍ സംഭവിക്കാനിരിക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്ര ഗ്രഹണത്തിനേക്കാളും നാലു മിനിറ്റ് ദൈര്‍ഘ്യക്കുറവു മാത്രമേ ഇതിനുണ്ടാകൂവെന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യയില്‍ ഡല്‍ഹിയില്‍ 27നു രാത്രി 10.44നു ചന്ദ്രഗ്രഹണം ആരംഭിക്കും.

11.54ന് ഭാഗിക ഗ്രഹണം ദൃശ്യമാകും. അര്‍ധരാത്രി ഒരു മണിയോടെ സൂര്യപ്രകാശത്തെ പൂര്‍ണമായും ഭൂമി മറച്ച് സമ്പൂര്‍ണ ചന്ദ്രഗ്രഹണക്കാഴ്ചയും നമുക്കു മുന്നിലെത്തും. പുലര്‍ച്ചെ 1.51നായിരിക്കും ഗ്രഹണത്തെ ഏറ്റവും പൂര്‍ണതയോടെ കാണാന്‍ സാധിക്കുക. 2.43ന് ഇത് അവസാനിക്കുകയും ചെയ്യും. ഭാഗിക ഗ്രഹണം പിന്നാലെ 28നു പുലര്‍ച്ചെ 3.49നു വീണ്ടും സംഭവിക്കും, 4.58ന് അവസാനിക്കും. ആകെ 6 മണിക്കൂര്‍ 14 മിനിറ്റ് ഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകും. ഓസ്‌ട്രേലിയ, ഏഷ്യ, റഷ്യയുടെ വടക്കു ഭാഗങ്ങള്‍ ഒഴികെ, ആഫ്രിക്ക, യൂറോപ്പ്, തെക്കേ അമേരിക്കയുടെ കിഴക്ക്, അന്റാര്‍ട്ടിക്ക എന്നിവിടങ്ങളിലെല്ലാം ഗ്രഹണം ദൃശ്യമാകും. സൂര്യഗ്രഹണ സമയത്ത് എക്‌സ്‌റേ ഷീറ്റും പ്രത്യേക കണ്ണടയുമൊക്കെ ഉപയോഗിച്ചു കാണുന്നതു പോലെയല്ല. ഈ ചന്ദ്രഗ്രഹണം നഗ്നനേത്രങ്ങള്‍ കൊണ്ടും കാണാം. യൂറോപ്പിലായിരിക്കും പ്രതിഭാസം ഏറ്റവും ഭംഗിയായി കാണാനാവുക. രാജ്യത്ത് എല്ലായിടത്തും, കേരളത്തില്‍ ഉള്‍പ്പെടെ, ചന്ദ്രഗ്രഹണം കാണാന്‍ സാധിക്കും. ഗ്രഹണത്തോടൊപ്പം ചന്ദ്രനിലേക്ക് ചുവപ്പു നിറം കലരുന്ന ‘ബ്ലഡ് മൂണ്‍’ പ്രതിഭാസവും കാണാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൂര്‍ണ ചന്ദ്രഗ്രഹണ ദിവസം ചന്ദ്രന്‍ ഓറഞ്ച് കലര്‍ന്ന ചുവപ്പ് നിറത്തില്‍ കാണപ്പെടുന്നതിനെയാണ് ബ്ലഡ് മൂണ്‍ എന്നു വിശേഷിപ്പിക്കുന്നത്. സൂര്യനും ചന്ദ്രനും ഇടയ്ക്ക് ഭൂമി വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ജൂലൈ 27ന് ഈ മൂന്ന് കൂട്ടരും നേര്‍രേഖയില്‍ വരുന്നതോടെ ഭൂമിയുടെ നിഴല്‍ സൂര്യപ്രകാശത്തെ ചന്ദ്രനില്‍ വീഴാന്‍ സമ്മതിക്കാതെ പൂര്‍ണമായി മറയ്ക്കും. ഇതോടെ ഗ്രഹണമായി. കാര്യം ചന്ദ്രഗ്രഹണമൊക്കെയാണെങ്കിലും ആ സമയത്തും സൂര്യപ്രകാശം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകും.

Top