തിരുവനന്തപുരം: ആനവേട്ടക്കേസില്‍ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത പ്രതികളെ മൂന്നാം മുറ ഉപയോഗിച്ച് നട്ടെല്ല് തകര്‍ത്ത
തിരുവനന്തപുരം ഡി.എഫ്.ഒക്കും ഡെപ്യൂട്ടി കണ്‍സര്‍വേറ്ററായ ഭര്‍ത്താവിനുമെതിരെ പൊലീസ് കേസെടുത്തു.ഡി.എഫ്.ഒ എസ്. ഉമയും ഭര്‍ത്താവ് കമലാഹറും കണ്ടാലറിയാവുന്ന 13 ഓളം പേര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് മ്യൂസിയം പൊലീസാണ് കേസെടുത്തത്. അതേസമയം ആരോപണവിധേയരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ വനംവകുപ്പിലെ ഒരു വിഭാഗം ഉന്നതോദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.
പ്രതികളിലൊരാളായ അജി ബ്രൈറ്റിന്റെ ബന്ധുക്കളാണ് മര്‍ദനത്തിനെതിരെ മനുഷ്യാവകാശ കമീഷനെ സമീപിച്ചത്. കമീഷന്റെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്. അന്വേഷണവുമായി ഒരു ബന്ധവുമില്ലാത്ത ഉദ്യോഗസ്ഥര്‍ അടക്കമാണ് മൂന്നാംമുറക്ക് നേതൃത്വം നല്‍കിയതെന്നാണ് വകുപ്പില്‍നിന്നുതന്നെ പുറത്തുവരുന്ന വിവരം.
അറസ്റ്റ് ചെയ്യുന്നതു സംബന്ധിച്ച സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തിയായിരുന്നിത്. ഡി.എഫ്.ഒയെ സഹായിക്കാന്‍ നിയമപരമായി ഒരു അധികാരവുമില്ലാതിരുന്ന ഭര്‍ത്താവും മര്‍ദനത്തിന് നേതൃത്വം നല്‍കിയെന്ന് പരാതിയുണ്ട്.വനംവകുപ്പ് പി.ടി.പി നഗര്‍ ഓഫിസില്‍ റിസര്‍ച് വിഭാഗത്തില്‍ ഡെപ്യൂട്ടി കണ്‍സര്‍വേറ്ററായ ഇദ്ദേഹത്തിന്റെ ഇടപെടല്‍ നിയമവിരുദ്ധമാണെന്ന് വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. മുമ്പ് മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന്‍ എം.ഡിയായിരിക്കെ അഴിമതി ആരോപണത്തിന് വിധേയനായ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
പ്രതികളെ തുണിചുറ്റിയ കമ്പികൊണ്ട് അടിക്കുകയും കാല്‍വെള്ളയില്‍ മരപ്പട്ടിക വെച്ച് മര്‍ദിക്കുകയും മുഖത്ത് മൊട്ടുസൂചി കുത്തിക്കയറ്റുകയും ചെയ്‌തെന്നാണ് പരാതി. ഇതിന്റെ ഫലമായാണ് അജി ബ്രൈറ്റിന്റെ മൂന്ന് വാരിയെല്ലുകള്‍ പൊട്ടിയതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. പല പ്രതികളുടെയും തോളെല്ലുകള്‍ പൊട്ടിയെന്നും തെളിഞ്ഞിട്ടുണ്ട്.
മര്‍ദനത്തിന് ഡി.എഫ്.ഒക്കെതിരെ നടപടി എടുക്കേണ്ടിവരുമെന്ന് അറിഞ്ഞതോടെ അവരെ രക്ഷിക്കാന്‍ ഉന്നതങ്ങളില്‍നിന്ന് ഇടപെടലുണ്ടായെന്നും ആക്ഷേപമുണ്ട്. ഇതിനായി അന്വേഷണച്ചുമതലയില്‍ മുന്‍കാല പ്രാബല്യത്തോടെ ഡി.എഫ്.ഒയെയും ഉള്‍പ്പെടുത്തി ഉത്തരവിറക്കി. വനംവകുപ്പിന് നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ ആരോപണവിധേയര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം ആരംഭിക്കേണ്ടതുണ്ടെങ്കിലും അതും അട്ടിമറിക്കപ്പെടുമെന്നാണ് സൂചന. വകുപ്പിന്റെ തലപ്പത്തുള്ള ഉദ്യോഗസ്ഥര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നതിനാല്‍ ഡി.എഫ്.ഒയെയും ഭര്‍ത്താവിനെയും രക്ഷിക്കാന്‍ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ കരുനീക്കം തുടങ്ങിയിട്ടുണ്ട്.