ഇരുപതിലേറെ മോഷണക്കേസ് പ്രതിയായ സ്റ്റീഫൻ ട്രെയിനിൽ നിന്നും ചാടി രക്ഷപെട്ടു

ക്രൈം ഡെസ്‌ക്

കോട്ടയം: കോടതിയിൽ നിന്നു ജയിലിലേയ്ക്കുള്ള യാത്രയ്ക്കിടെ ഇരുപതോളം മോഷണക്കേസുകളിൽ പ്രതിയായ മോഷ്ടാവ് പൊലീസുകാരനെ തള്ളിയിട്ട ശേഷം ട്രെയിനിൽ നിന്നും ചാടി രക്ഷപെട്ടു. കന്യാകുമാരി നെയ്യൂർ ഇരനിയേൽവില്ലേജിൽ സ്റ്റീഫൻ (31) ആണ് കഴിഞ്ഞ ദിവസം കേരള എക്‌സ്പ്രസിൽ നിന്നും ചാടി രക്ഷപെട്ടത്.
തിരുവല്ല, ചിങ്ങവനം, ചങ്ങനാശേരി, ആറന്മുള പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇരുപതിലേറെ കേസുകളിൽ പ്രതിയായ സ്റ്റീഫനെ രണ്ടു മാസം മുൻപാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതി നിലവിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ ശിക്ഷഅനുഭവിക്കുകയാണ്. ഇവിടെ നിന്നു തിരുവല്ല പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ വിചാരണയ്ക്കായി തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം തിരികെ തിരുവനന്തപുരം സെൻട്രൽ ജയിലിലേയ്ക്കു കൊണ്ടു പോകുന്നതിനിടെയാണ് സംഭവം.
സ്റ്റീഫനെയും മറ്റൊരു പ്രതിയെയും രണ്ടു പൊലീസുകാരുടെ അകമ്പടിയിലാണ് കോടതിയിലേയ്ക്കു കൊണ്ടു വന്നിരുന്നത്. തിരുവല്ല സ്‌റ്റേഷനിൽ നിന്നും രണ്ടു പ്രതികളെയുമായി പൊലീസുകാർ കേരള എക്‌സ്പ്രസിലാണ് കയറിയത്. ട്രെയിൻ തിരുവല്ല സ്‌റ്റേഷനിലെത്തിയപ്പോൾ ബാത്ത്‌റൂമിൽ പോകണമെന്നു ആവശ്യപ്പെട്ട സ്റ്റീഫനെയുമായി സിവിൽ പൊലീസ് ഓഫിസർ എസ്.ദാസ് ബാത്ത്‌റൂമിലേയ്ക്കു പോയി. ഒരു കയ്യിൽ വിലങ്ങുമായി ബാത്ത് റൂമിൽ നിന്നു പുറത്തിറങ്ങിയ പ്രതി, പൊലീസുകാരനെ തള്ളിയിട്ട ശേഷം ഓടുന്ന ട്രെയിനിൽ നിന്നു പുറത്തേയ്ക്കു എടുത്തു ചാടുകയായിരുന്നു. ഉടൻ തന്നെ റയിൽവേ പൊലീസിലും തിരുവല്ല ചങ്ങനാശേരി പൊലീസ് സ്റ്റേഷനുകളിലും വിവരം അറിയിച്ചെങ്കിലും പ്രതിയെ കണ്ടെത്താൻ സാധിച്ചില്ല. തുടർന്നു പൊലീസ് കോട്ടയം റയിൽവേ പൊലീസ് എസ്‌ഐ ബിൻസ് ജോസഫ് സംഭവത്തിൽ കേസ് രജിസ്റ്റർചെയ്ത് അന്വേഷണം ആരംഭിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top