![](https://dailyindianherald.com/wp-content/uploads/2016/05/JISHA-JUSICE-copy.png)
കൊച്ചി: മുഖ്യാധാര മാധ്യമങ്ങളും പോലീസും ബോധപൂര്‍വ്വം മുക്കാന്‍ ശ്രമിച്ച ദലിത് വിദ്യാര്‍ത്ഥിനിയുടെ ക്രൂരമായ കൊലപാതക വാര്‍ത്ത സോഷ്യല്‍മീഡിയയുടെ ഇടപെടലോടെ വാര്‍ത്തകളില്‍ നിറഞ്ഞു. അഞ്ച് ദിവസമായി നിശബ്ദമായിരുന്ന മാധ്യമങ്ങള്‍ ജിഷ നേരിടേണ്ടിവന്ന ക്രൂരതകള്‍ പുറലേകത്തെ അറിയിക്കാന്‍ മത്സരിക്കുകയാണ്. ദിവസങ്ങളോലം കേസ് മുക്കാന്‍ ശ്രമിച്ച പോലീസും പ്രതിഷേധം ശക്തമായതോടെ ഉണര്ന്നേണിറ്റു.
എന്നും സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന മനോരമയും പ്രതിപക്ഷത്തായ ദേശാഭിമാനിയും ഇക്കാര്യത്തില്‍ ഒര പോലെ അംലഭാവം കാണിച്ചു എന്നതാണ് ഞെട്ടിയ്ക്കുന്ന വസ്തുത. ഡെയ്ലി ഇന്ത്യന്‍ ഹെറാള്‍ഡ് ഏപ്രില്‍ 30 ന് ക്രൂരമായ കൊലപാതകം പുറംലോകത്തെ അറിയിച്ചതോടെയാണ് സോഷ്യല്‍ മീഡിയ സംഭവം ഏറ്റെടുക്കുന്നത്. ഡെയിലി ഇന്ത്യന്‍ ഹെറാള്വാര്ത്തയ്ക്ക് പിന്നാലെ ലോകോളെജിലെ സഹാപാഠികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായികുന്നു. അടുത്ത ദിവസങ്ങളിലും മറ്റ് മാധ്യമങ്ങള്‍ ഈ വാര്‍ത്ത കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. ഡയ്ലി ഇന്ത്യന്‍ ഹെറാള്‍ഡിന്റെ ആദ്യ റിപ്പോര്‍ട്ടില്‍ തന്നെ യുവതിക്കേറ്റ ക്രൂരത വ്യാക്തമാക്കിയിരുന്നു. ലക്ഷകണക്കിന് വായനക്കാരാണ് ഈ വാര്‍ത്ത ഇതുവരെ വായിച്ചിരിക്കുന്നത്.
ജിഷ ക്രൂരമായി കൊല്ലപ്പെട്ട് അഞ്ചുദിവസം മയക്കത്തിലായിരുന്നു പൊലീസ് ആറാം ദിവസം പ്രതിയെ തേടി പരക്കംപായേണ്ടി വന്നത് ജനരോഷം ശക്തമായതിനെ തുടര്‍ന്നാണ്. ചോദിക്കാനും പറയാനും ആരുമില്ലാത്ത ദളിത് പെണ്‍കുട്ടി എന്നതില്‍ നിന്നും അപ്പുറത്തേക്ക് ജിഷ ഇന്ന് വളര്‍ന്നിരിക്കുന്നു. വിവിധ കോണുകളില്‍നിന്നും പ്രതിഷേധങ്ങള്‍ ശക്തമായതിനെത്തുടര്‍ന്ന് ഇന്നലെയാണ് ഏതാനുംപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. എഴുപതോളംപേരെ ചോദ്യംചെയ്ത പൊലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. ഇവരില്‍ ആരെങ്കിലുമാകും പ്രതിയെന്ന് പറഞ്ഞ് പൊലീസ് തടിയെടുക്കുകയാണ് ഇന്നലെയും ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ച്ചയായിരുന്നു ജിഷ കൊല്ലപ്പെട്ടത്. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് കഴിഞ്ഞ വ്യാഴാഴ്ച രാത്രി 8.30നാണ് പൊലീസ് വട്ടോളിപടിയിലുള്ള ജിഷയുടെ വീട്ടില്‍ എത്തിയത്. കുറുപ്പംപടി സി.ഐയുടെ നേതൃത്വത്തില്‍ നടന്ന ആദ്യപരിശോധനയില്‍ത്തന്നെ ക്രൂരമായ കൊലപാതകത്തിന്റെ ചിത്രം വ്യക്തമായിരുന്നെങ്കിലും അതു പുറത്തുപറയാന്‍ പൊലീസ് തയാറായില്ല. സംഭവസ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകരോടും കൊലപാതകമെന്നു സംശയമുണ്ടെന്നു മാത്രമാണ് പൊലീസ് പറഞ്ഞത്. അടുത്ത ദിവസങ്ങളില്‍ തലക്കടയേറ്റ് യുവതി മരിച്ചു എന്ന തരത്തിലാണ് മനോരമയും ദേശാഭിമാനിയും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
രാത്രി പത്തു മണിയോടെ ജിഷയുടെ അമ്മയെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്കു മാറ്റിയശേഷം വീട് പൂട്ടി സീല്‍ ചെയ്തു. വെള്ളിയാഴ്ച രാവിലെ പൊലീസ് നടത്തിയ പരിശോധനയില്‍ കേസിന് അനുകൂലമായ പല തെളിവുകളും ലഭിച്ചു. തുടര്‍ന്ന് മൃതശരീരം പോസ്റ്റ്മോര്‍ട്ടത്തിനായി ആലപ്പുഴയ്ക്കു കൊണ്ടുപോയി. പൊലീസ് സര്‍ജന്റെ നേതൃത്വത്തില്‍ നടന്ന പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം മലമുറിയിലെ പൊതുശ്മശാനത്തില്‍ സംസ്കരിച്ചു. എന്നാല്‍, അതിനുശേഷവും ക്രൂരമായ കൊലപാതകവിവരം പൊലീസ് പുറത്തുവിട്ടില്ല.
അന്നുതന്നെ എസ്പിയുടെ നേതൃത്വത്തില്‍ ഡിവൈ.എസ്പി. അനില്‍കുമാര്‍, പെരുമ്പാവൂര്‍ സിഐ മുഹമ്മദ് റിയാസ്, കുറുപ്പംപടി സിഐ രാജേഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘം അന്വേഷണം ആരംഭിച്ചു. പ്രതിയേക്കുറിച്ച് ഒരു സൂചനയും ഇല്ലാതെ തുടങ്ങിയ അന്വേഷണത്തില്‍ പൊലീസ് കുഴഞ്ഞു. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ പോസ്റ്റ്മോര്‍ട്ടത്തിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്കു ലഭിച്ചതോടെയാണ് ക്രൂരമായ കൊലപാതകത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലോകമറിഞ്ഞു.
പ്രതിയെന്നു സംശയിക്കുന്ന, ജിഷയുടെ അയല്‍വാസിയെ ഇന്നലെ രാത്രി കണ്ണൂരില്‍നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഇയാളാണ് പ്രതിയെന്ന് പറയാനും പൊലീസ് തയ്യാറായിട്ടില്ല. കസ്റ്റഡിയിലായവര്‍ പ്രതികളാണെന്നു സ്ഥിരീകരിക്കാനാകില്ലെന്നാണു പൊലീസ് വിശദീകരണം. ജിഷയുടെ മുന്‍ കാമുകനായ പെരുമ്പാവൂര്‍ സ്വദേശിയും നിരീക്ഷണത്തിലാണ്. ജിഷ മുമ്പ് ജോലി ചെയ്തിരുന്ന സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനെയും നൃത്താധ്യാപകനെയും പൊലീസ് ചോദ്യംചെയ്തു.
അതേസമയം, ജിഷയുടെ മരണവുമായി ബന്ധപ്പെട്ട് ആഭ്യന്തര അഡി. ചീഫ് സെക്രട്ടറി നളിനി നെറ്റോ കലക്ടറോട് വിശദീകരണം തേടി. സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് അഡി. ചീഫ് സെക്രട്ടറി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പൊലീസിന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിക്കണമെന്നും കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവത്തില്‍ പട്ടികജാതി ഗോത്ര കമ്മിഷനും ദേശീയ, സംസ്ഥാന മനുഷ്യാവകാശ കമ്മിഷനുകളും സ്വമേധയാ കേസെടുത്തു. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് സര്‍ക്കാരിന് പട്ടികജാതി ഗോത്ര കമ്മിഷന് നിര്‍ദ്ദേശം നല്കി. ഡി.ജി.പിക്കും ആഭ്യന്തര സെക്രട്ടറിക്കുമാണ് ജസ്റ്റിസ് പി.എന്‍. വിജയകുമാറിന്റെ നിര്‍ദ്ദേശം. ഇത്തരം അക്രമങ്ങള്‍ തടയാന്‍ പ്രത്യേക മൊബൈല്‍ സ്ക്വാഡ് ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന കിട്ടിയെന്ന് എ.ഡി.ജി.പി: കെ. പത്മകുമാര്‍ പറഞ്ഞു. ജിഷയുടെ കൊലപാതകത്തിനു പിന്നില്‍ ഒരു വ്യക്തിയാണെന്ന് എറണാകുളം റേഞ്ച് ഐ.ജി. മഹിപാല്‍ യാദവ് വെളിപ്പെടുത്തി.
ജിഷയുടെ ദേഹത്ത് മുപ്പതോളം മുറിവുകളാണ് ഉണ്ടായിരുന്നത്. ജിഷയുടെ മാറിടത്തിലും കഴുത്തിലുമയി പതിമൂന്ന് ഇഞ്ച് ആഴത്തിലുള്ള രണ്ടു മുറിവുകളും കണ്ടെത്തിയിരുന്നു. ജനനേന്ദ്രിയത്തില്‍ ഇരുമ്പുദണ്ഡ് കുത്തിയതിനെത്തുടര്‍ന്ന് വന്‍കുടല്‍ പുറത്തുവരികയും കമ്പികൊണ്ടുള്ള കുത്തില്‍ ജനനേന്ദ്രിയവും മലദ്വാരവും ഒന്നിച്ച അവസ്ഥയിലായിരുന്നു. ജിഷയുടെ മൃതദേഹം സംസ്കരിച്ചതില്‍ ഗുരുതര വീഴ്ച പറ്റിയതായി ആക്ഷേപമുയര്‍ന്നു. ഇതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ജിഷയുടെ സഹപാഠികള്‍ ആവശ്യപ്പെട്ടു.
കൊലചെയ്യപ്പെട്ട ജിഷയുടെ ഘാതകരെ സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചുവെന്ന് പൊലീസ് പറയുമ്പോഴും പൊലീസിന്റെ ചില നടപടികളാണ് സംശയത്തിനും വ്യാപക പ്രതിഷേധത്തിനും ഇടയാക്കിയത്. കൊല്ലപ്പെട്ട ജിഷയുടെ മാതാവ് നല്കിയ രണ്ടു പരാതികളും കുറുപ്പുംപടി പൊലീസ് ഗൗനിച്ചില്ല. രണ്ടുമാസം മുമ്പ് ജിഷയുടെ അമ്മയെ ഇരുചക്രവാഹനം ഉപയോഗിച്ച് ഇടിച്ച് അപായപ്പെടുത്താന്‍ ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടുപേര്‍ ശ്രമിച്ചതായി പൊലീസില്‍ പരാതി നല്‍കിയിരുന്നു. അമ്മയെ ഇടിച്ച് വീഴ്ത്തിയ ബൈക്കിന്റെ താക്കോല്‍ ജിഷ ഊരിയെടുക്കുകയും ചെയ്തിരുന്നു. ജിഷയുടെ മൊബൈല്‍ ഫോണിലേക്ക് നിരന്തരം അശ്ലീലസന്ദേശം അയച്ച ഒരാളുടെ പേരിലും ജിഷയും അമ്മയും പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഈ രണ്ടു പരാതിയിലും പൊലീസിന്റ ഭാഗത്തുനിന്ന് കൃത്യമായ അന്വേഷണം നടന്നില്ലെന്നു ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.
ജിഷയുടെ പോസ്റ്റ്മോര്‍ട്ടം നടപടിയിലും വീഴ്ച്ച, പോസ്റ്റ്മോര്‍ട്ടം നടത്തിയത് പി ജി വിദ്യാര്‍ത്ഥി
കേരളത്തെ ഞെട്ടിച്ച കൊലപാതകമായിട്ടും നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ പോസ്റ്റ്മോര്‍ട്ടം നടപടിയില്‍ പൊലീസ് വീഴ്ച്ച വരുത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയത് മുതിര്‍ന്ന ഡോക്ടര്‍മാരുടെ സഹായം ഇല്ലാതെയാണെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തു. ആലപ്പുഴ മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ത്ഥിയാണ് പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയത്. ഇത്തരം പീഡനം ഉള്‍പ്പെടുന്ന കൊലപാതകക്കേസുകള്‍ ഡോക്ടര്‍മാരുടെ സംഘമോ പൊലീസ് സര്‍ജന്റെ നേതൃത്വത്തിലോ പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നാണു ചട്ടം.
പ്രഫസര്‍, അസോഷ്യറ്റ് പ്രഫസര്‍ തസ്തികകളില്‍ നാലു ഡോക്ടര്‍മാര്‍ ഉള്ളപ്പോഴാണു തികഞ്ഞ അലംഭാവത്തോടെ പിജി വിദ്യാര്‍ത്ഥിയെ പോസ്റ്റ്മോര്‍ട്ടം ഏല്പിച്ചത്. കഴിഞ്ഞ 29നു നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിന്റെ റിപ്പോര്‍ട്ട് ഇതുവരെ പൊലീസിനു കൈമാറിയിട്ടില്ല. സംഭവം വിവാദമായതോടെ ഇന്നലെ മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. വിദ്യാര്‍ത്ഥിയല്ല, ഫൊറന്‍സിക് സര്ജന്മാരുടെ സംയുക്തസംഘമാണു പോസ്റ്റ്മോര്‍ട്ടം നടത്തിയതെന്ന രീതിയില്‍ റിപ്പോര്‍ട്ടും നടപടിക്രമങ്ങളും തിരുത്താന്‍ നിര്‍ദ്ദേശം ഉയര്‍ന്നെങ്കിലും ഒരുവിഭാഗം ഡോക്ടര്‍മാര്‍ എതിര്‍ത്തു.
ഡ്യൂട്ടിയിലുണ്ടായിരുന്ന അസോഷ്യറ്റ് പ്രഫസറുടെ മേല്‍നോട്ടത്തില്‍ വിദ്യാര്‍ത്ഥിയാണു പോസ്റ്റ്മോര്‍ട്ടം നടത്തിയതെന്നു രേഖപ്പെടുത്തിയാല്‍ മതിയെന്നും നിര്‍ദ്ദേശം ഉയര്‍ന്നു. ഒടുവില്‍ ഡോക്ടര്‍മാരുടെ സംയുക്തസംഘത്തിന്റെ പേരില്‍ റിപ്പോര്‍ട്ട് നല്കാന് തീരുമാനിച്ചതായാണു വിവരം.