പെരുമ്പാവൂര്‍: കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥി ജിഷ കൈവശം വച്ചിരുന്ന പെന്‍ക്യാമറയില്‍ തെളിവുകളില്ലെന്ന പോലീസിന്റെ വാദം പച്ചക്കള്ളം. വീട്ടില്‍ നിന്ന് കണ്ടെടുത്ത പെന്‍ക്യമാറയില്‍ പ്രതികളെ പിടികൂടുന്നതിനാവശ്യമായ തെളിവുകള്‍ ലഭിച്ചേക്കുമെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന് റിപ്പോര്‍ട്ട് ലഭിച്ചതായി ഡെയലി ഇന്ത്യന്‍ ഹെറാള്‍ഡിനോട് ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.
അന്വേഷണ ഉദ്യോഗസ്ഥനായ സി ഐയാണ് കൊലപാതകം നടന്ന് മൂന്നാം ദിവസം പെന്‍ക്യാമറ കസ്റ്റഡിയിലെടുത്തതെന്നും അവ്യക്തമായ ശബ്ദങ്ങള്‍ ക്യാമറയിലുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം സംസ്ഥാന ആഭ്യന്തര മന്ത്രിയേയും അറിയിച്ചിരുന്നു. എന്നാല്‍ പെന്‍ ക്യാമറയില്‍ നിന്ന് അമ്മയുടെയും കടക്കാരന്റേയും ചിത്രങ്ങള്‍ മാത്രമാണ് ലഭിച്ചതെന്നാണ് മാധ്യമങ്ങളോട് പോലീസ് വെളിപ്പെടുത്തിയിരുന്നത്.
എന്നാല്‍ പെന്‍ക്യാമറ കൈകാര്യം ചെയ്യുന്നതില്‍ പോലീസ് വരുത്തി വീഴ്ച്ചകളാണ് പെന്‍ക്യാമറയില്‍ നിന്ന് ദൃശ്യങ്ങള്‍ നഷ്ടമാകാന്‍ കാരണമെന്നാണ് പുതിയ അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പെന്‍ക്യാമറയെ കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനുശേഷമാണ് പോലീസ് ക്യാമറയെ കുറിച്ച് അന്വേഷിച്ച്. കൊലപാതകം നടന്ന സ്ഥലത്ത് അലക്ഷ്യമായി കേടുവന്ന രീതിയിലാണ് ക്യാമറ കണ്ടെത്തിയത്. ആദ്യ ദിവസം തന്നെ വിശദമായ പരിശോധന പോലീസ് നടത്തുകയായിരുന്നെങ്കില്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമായിരുന്നു. പെന്‍ക്യാമറ വിശദമായ പരിശോധനയ്ക്കായി ഇപ്പോള്‍ അയച്ചിരിക്കുകയാണ്.
പെന്‍ ക്യമാറയില്‍ നിന്ന് ലഭിച്ച അവ്യക്തമായ സൂചനകളനുസരിച്ചാണ് നിലവില്‍ പുതിയ പോലീസ് സംഘം അന്വേഷണം നടത്തുന്നത്. ഈ വിഡിയോയിലെ സൂചനകള്‍ ഉറപ്പ് വരുത്താന്‍ സമീപ പ്രദേശത്തെ മറ്റ് കല്യാണ വീഡിയോകളും സമീപ വാസികളേയും പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യം ബോധപൂര്‍വ്വം മറച്ചുവച്ച് മാധ്യമങ്ങളെ വഴിതിരിച്ചുവിടാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.
കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി മകളുടെ സുരക്ഷക്കായി പെന്‍ ക്യാമറ വാങ്ങിയത് രണ്ടര മാസം മുന്‍പാണെന്ന് കടയുടമ വെളിപ്പെടുത്തിയിരുന്നു. വീട്ടില്‍ പലരും അതിക്രമിച്ചു കയറുന്നെന്നും അതാരാണെന്ന് കണ്ടെത്താനാണ് ക്യാമറ എന്നുമാണ് ജിഷയും അമ്മ പെരുമ്പാവൂരിലെ കടക്കാരനോട് പറഞ്ഞത്.പാറിപ്പറന്ന മുടിയുമായി വൃദ്ധയായ സ്ത്രീ വന്ന് പെന്‍ ക്യാമറ ചോദിച്ചപ്പോഴാണ് താന്‍ ഇവരെ ശ്രദ്ധിച്ചതെന്ന് ഗിഫ്റ്റ് ഹൗസ് ഉടമ ഷിഹാബ് പറഞ്ഞു.
എന്തിനാണ് ക്യാമറ എന്ന ചോദിച്ചപ്പോള്‍ തന്നെ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു. താന്‍ വീട്ടില്‍ നിന്നു പോയാല്‍ പിന്നെ മകള്‍ തനിച്ചാണ്.ഒരുപാട് പ്രശ്‌നങ്ങളുണ്ട്, വീട്ടില്‍ ആരുമില്ലാത്തപ്പോള്‍ പലരും വന്നു അതിക്രമം കാട്ടുന്നു, അത് ആരെന്ന് കണ്ടെത്താനാണ് ക്യാമറയെന്ന് അവര്‍ പറഞ്ഞു. ക്യാമറ എങ്ങിനെ പ്രവര്‍ത്തിപ്പിക്കണമെന്ന് അമ്മയെ കാണിച്ചുകൊടുത്തെങ്കിലും ഒന്നും മനസ്സിലായില്ല. രണ്ട് ദിവസം കഴിഞ്ഞ്, കൊല്ലപ്പെട്ട ജിഷ കൂടി വന്ന് കാര്യങ്ങള്‍ മനസ്സിലാക്കി പോയെന്നും കടയുടമ പറയുന്നു. കടയുടമയേയും കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു.