കൊച്ചി: സി.എ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മരണത്തിന് ഉത്തരവാദിയെന്ന് പറഞ്ഞ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്ന പിറവം സ്വദേശി ക്രോണിനെ തങ്ങള്‍ക്ക് അറിയില്ലെന്ന് മിഷേലിന്റെ പിതാവ് ഷാജി. അങ്ങനെയൊരു ബന്ധു തങ്ങള്‍ക്കില്ലെന്നും അയാളുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള സംസാരമോ പരാതിയോ തങ്ങളോട് മിഷേല്‍ നടത്തിയിട്ടില്ലെന്നും പിതാവ് ഷാജി പറഞ്ഞു. പിടിയിലായ ക്രോണിന്‍ മിഷേലിന്റെ അകന്ന ബന്ധുവാണെന്നായിരുന്നു പോലീസ് പറഞ്ഞിരുന്നത്.
മിഷേല്‍ മരിച്ച അന്നും ഏറെ സന്തോഷവതിയായിരുന്നുവെന്നും വീട്ടിലേക്ക് വിളിച്ച് സംസാരിച്ചിരുന്നുവെന്നും പിതാവ് പറഞ്ഞു. അതുകൊണ്ട് തന്നെ ആത്മഹത്യയാണെന്നുള്ള കണ്ടെത്തല്‍ മുഖവിലയ്ക്കെടുക്കാനാവില്ല. മിഷേല്‍ ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും ഉണ്ടായിട്ടില്ലെന്നും ഷാജി ചൂണ്ടിക്കാട്ടുന്നു.
ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയാണ് ഛത്തിസ്ഗഢില്‍ ജോലി ചെയ്യുന്ന പിറവം സ്വദേശി ക്രോണിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി മിഷേലിനെ തനിക്ക് പരിചയമുണ്ടെന്നും മിഷേല്‍ അകലാന്‍ ശ്രമിച്ചത് കൊണ്ട് തര്‍ക്കങ്ങളുണ്ടായിരുന്നതായുമാണ് ക്രോണിന്‍ പോലീസിന് മൊഴി നല്‍കിയത്. മിഷേല്‍ കാണാതായതിന് തലേന്ന് ക്രോണിന്റെ ഫോണില്‍ നിന്ന് മിഷേലിന് 57 സന്ദേശങ്ങള്‍ അയച്ചതായും നാല് തവണ വിളിക്കുകയും ചെയ്തതായും പോലീസ് കണ്ടെത്തിയിരുന്നു.
.
.