ദില്ലി:കോടതിയലക്ഷ്യകേസില്‍ ജസ്റ്റിസ് സിഎസ് കര്‍ണ്ണന് ആറ് മാസം തടവ്. ചൊവ്വാഴ്ച സുപ്രീം കോടതിയാണ് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സിഎസ് കര്‍ണ്ണന് ശിക്ഷ വിധിച്ചത്. ജസ്റ്റിസിനെ ഉടന്‍ ജയിലില്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട കോടതി കര്‍ണ്ണന് മാനസിക അസ്വാസ്ഥ്യമില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. കര്‍ണ്ണന്‍റെ പ്രസ്താവനകള്‍ പ്രസിദ്ധീകരിക്കരുതെന്ന് മാധ്യമങ്ങളോട് നിര്‍ദേശിച്ച കോടതി പ്രസിദ്ധീകരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ അറസ്റ്റ് ചെയ്യണമെന്ന കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയുടെ ഉത്തരവിലാണ് സുപ്രീം കോടതി നടപടി. ഇത്തരത്തില്‍ ഹൈക്കോടതി ജഡ്ജിയെ കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കുന്നതും ആദ്യത്തെ സംഭവമാണ്. വിവാദ ഉത്തരവുകളെ തുടര്‍ന്ന് ജസ്റ്റിസ് കര്‍ണ്ണന്‍റെ മാനസിക നില പരിശോധിക്കാന്‍ നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. പരിശോധിക്കാനെത്തിയ സംഘത്തെ അദ്ദേഹം മടക്കിയയ്ക്കുകയായിരുന്നു.
സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരെ പരസ്യമായി വിമര്‍ശനവുമായി രംഗത്തെത്തിയതോടെയാണ് ജസ്റ്റിസ് കര്‍ണ്ണനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കുന്നത്. എന്നാല്‍ കേസെടുത്തതിനെ തുടര്‍ന്ന് സുപ്രീം കോടതി മുമ്പാകെ ഹാജരാകാനുള്ള കോടതിയുടെ നിര്‍ദേശം അനുസരിക്കാത്തതിനെ തുടര്‍ന്ന് സുപ്രീം കോടതി ഇദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിയ്ക്കുകയായിരുന്നു. മാര്‍ച്ച് 31ന് മുമ്പ് കോടതിയില്‍ ഹാജരാവാനായിരുന്നു ഉത്തരവ്.
കഴിഞ്ഞ ദിവസം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ അടക്കമുള്ള എട്ട് മുതിര്‍ന്ന ജഡ്ജിമാരെ അറസ്റ്റ് ചെയ്ത് അഞ്ചു വര്‍ഷം ജയിലിലടക്കാന്‍ ജസ്റ്റിസ് കര്‍ണന്‍ ‘ഉത്തരവിട്ടിരുന്നു’. പട്ടികജാതിക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയുന്ന നിയമവുമായി ബന്ധപ്പെട്ടാണ് ‘ശിക്ഷ വിധിച്ചത്’. ഒരു ലക്ഷം രൂപ പിഴയുമടക്കണമെന്നും ഇല്ലെങ്കില്‍ ആറു മാസം പിന്നെയും ജയില്‍വാസമുണ്ടാകുെമന്നും ‘ഉത്തരവില്‍’ പറഞ്ഞിരുന്നു.തനിക്കെതിരെ കോടതിയലക്ഷ്യത്തിന് കേെസടുത്ത സുപ്രീംകോടതി ജഡ്ജിമാര്‍ ന്യായാധിപനെന്ന പദവിയെ പരിഗണിച്ചില്ലെന്നും ദലിതനാണെന്ന കാര്യം അവഗണിച്ചെന്നും പറഞ്ഞാണ് കര്‍ണന്‍ ശിക്ഷ വിധിച്ചത്.