ചെന്നൈ: കോടതിയലക്ഷ്യ കേസില്‍പ്പെട്ട കൊല്‍ക്കത്ത ഹൈകോടതി ജഡ്ജി സി.എസ്. കര്‍ണന്‍ ആന്ധ്രയിലേക്ക് കടന്നതായി റിപ്പോര്‍ട്ട്. ആന്ധ്രയിലെ തിരുപ്പതിക്ക് സമീപമുള്ള കാളഹട്ടിയിലേക്കാണ് ജസ്റ്റിസ് കര്‍ണന്‍ പോയത്. സുപ്രീംകോടതിയുടെ നിര്‍ദേശമുള്ളതിനാല്‍ ജസ്റ്റിസ് കര്‍ണനെ ആന്ധ്രയില്‍വെച്ച് അറസ്റ്റ് ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം.ചൊവ്വാഴ്ച പുലര്‍ച്ചെ ചെന്നൈയിലെത്തിയ ജസ്റ്റിസ് കര്‍ണന്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് ആന്ധ്രയിലേക്ക് തിരിച്ചത്. കര്‍ണനെ അറസ്റ്റ് ചെയ്യാന്‍ ചെന്നൈയിലെത്തിയ കൊല്‍ക്കത്ത പൊലീസിന്‍റെ പ്രത്യേക സംഘം ആന്ധ്രയിലേക്ക് തിരിച്ചു. ഇന്നു തന്നെ അറസ്റ്റ് നടന്നേക്കുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
സുപ്രീംകോടതിയിലെയും ഹൈകോടതിയിലെയും ജഡ്ജിമാരെ വിമര്‍ശിക്കുകയും അവര്‍ക്കെതിരെ വിധികള്‍ പുറപ്പെടുവിക്കുകയും ചെയ്ത ജസ്റ്റിസ് കര്‍ണന് സുപ്രീംകോടതി ആറുമാസത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. ശിക്ഷ നടപ്പാക്കാന്‍ ജസ്റ്റിസ് കര്‍ണനെ ഉടന്‍ കസ്റ്റഡിയിലെടുക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്യാനുള്ള നീക്കം തുടങ്ങിയത്.വിരമിക്കാന്‍ ഒരുമാസം മാത്രം ബാക്കിയുള്ളപ്പോഴാണു കല്‍ക്കട്ട ഹൈക്കോടതിയിലെ ജസ്‌റ്റിസ് ചിന്നസ്വാമി സ്വാമിനാഥന്‍ കര്‍ണനെ സുപ്രീം കോടതി കോടതിയലക്ഷ്യത്തിനു ശിക്ഷിക്കുന്നത്. അഴിമതിയുടെ പേരിലല്ല, ജഡ്‌ജിമാര്‍ക്കെതിരെ പരസ്യമായി നടത്തിയ ആരോപണങ്ങളുടെ പേരിലാണു കര്‍ണനെതിരെ കോടതിയലക്ഷ്യ നടപടി തുടങ്ങാന്‍ സുപ്രീം കോടതി തീരുമാനിച്ചത് എന്നതു ശ്രദ്ധേയമാണ്.
സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്‌ജിയെ പുറത്താക്കണമെങ്കില്‍ പാര്‍ലമെന്റില്‍ കുറ്റവിചാരണ നടത്തി, ഇരുസഭകളും പ്രമേയം പാസാക്കിയശേഷം രാഷ്‌ട്രപതി ഉത്തരവിടണം. ജസ്‌റ്റിസ് കര്‍ണനെതിരെ ഗുരുതരമായ നടപടിപ്പിഴവുകള്‍ ആരോപിക്കപ്പെട്ടപ്പോഴും കുറ്റവിചാരണാ നടപടികള്‍ക്കു ചീഫ് ജസ്‌റ്റിസ് തുനിയാതിരുന്നത് അതു സമയമെടുക്കുന്ന പ്രക്രിയായതിനാലാണ്.ജയില്‍ശിക്ഷ അനുഭവിക്കുമ്പോള്‍ വിരമിക്കുന്ന സ്‌ഥിതിയിലായി ജസ്‌റ്റിസ് കര്‍ണന്‍. കല്‍ക്കട്ട ഹൈക്കോടതിയിലെ തന്നെ ജസ്‌റ്റിസ് സൗമിത്ര സെന്നിനെ കുറ്റവിചാരണ ചെയ്യാന്‍ നടപടി തുടങ്ങിവച്ചത് അന്നത്തെ ചീഫ് ജസ്‌റ്റിസ് കെ.ജി.ബാലകൃഷ്‌ണനാണ്. നടപടി ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രിക്കു കത്തെഴുതുകയായിരുന്നു.
ജസ്‌റ്റിസ് സെന്നിനു പറയാനുള്ളതു കേട്ടശേഷം രാജ്യസഭ അദ്ദേഹത്തിനെതിരെ പ്രമേയം പാസാക്കി. വിഷയം ലോക്‌സഭയുടെ പരിഗണനയിലിരിക്കേ ജസ്‌റ്റിസ് സെന്‍ രാജിവച്ചു പുറത്താക്കലില്‍നിന്ന് ഒഴിവായി. അത് 2011 ഓഗസ്‌റ്റില്‍. സ്വതന്ത്ര ഇന്ത്യയില്‍ ഒരു ജഡ്‌ജി സര്‍വീസില്‍നിന്നു നീക്കം ചെയ്യപ്പെട്ടത് 1949 ഏപ്രില്‍ 22ന് ആണ്.അന്നു ഫെഡറല്‍ കോടതിയുടെ ശുപാര്‍ശയനുസരിച്ച് അലഹാബാദ് ഹൈക്കോടതിയിലെ ജസ്‌റ്റിസ് ശിവ പ്രസാദിനെ നീക്കാന്‍ ഗവര്‍ണര്‍ ജനറല്‍ സി.രാജഗോപാലാചാരി ഉത്തരവിട്ടു. പാര്‍ലമെന്റിലെ ആദ്യ കുറ്റവിചാരണാ നടപടി നേരിട്ടതു സുപ്രീം കോടതിയിലെ ജസ്‌റ്റിസ് വി.രാമസ്വാമിയാണ്.
പഞ്ചാബ്–ഹരിയാന ഹൈക്കോടതി ചീഫ് ജസ്‌റ്റിസായിരിക്കേയുള്ള ചില നടപടികളില്‍ അഴിമതി ആരോപിക്കപ്പെട്ടു രാമസ്വാമി 1993 മേയില്‍ കുറ്റവിചാരണാ നടപടി നേരിട്ടു. പ്രമേയം വോട്ടിനിട്ടപ്പോള്‍ കോണ്‍ഗ്രസ് പിന്‍മാറി. ഭരണഘടനയിലെ 124 (4) വകുപ്പില്‍ പറഞ്ഞിട്ടുള്ള ഭൂരിപക്ഷമില്ലെന്ന കാരണത്താല്‍ പ്രമേയം തള്ളപ്പെട്ടു.എന്നാല്‍, കുറ്റവിചാരണാ നടപടികള്‍ക്കു വിധേയനായ രാമസ്വാമി കോടതിയലക്ഷ്യത്തിനു ശിക്ഷിക്കപ്പെടാനും കളമൊരുങ്ങിയതാണ്. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട സമിതിക്കുള്ള കത്തില്‍ അദ്ദേഹം ജഡ്‌ജിമാരെയും ജുഡീഷ്യറിയെയും കുറിച്ചു ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചു. എന്നാല്‍, അടുത്ത കത്തില്‍ ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെ പശ്‌ചാത്തലം വിശദീകരിച്ചു.
എന്തായാലും, അദ്ദേഹത്തിന്റെ നടപടി ശരിയായില്ലെന്നു വ്യക്‌തമാക്കിയ സുപ്രീം കോടതി, വിശാല താല്‍പര്യങ്ങള്‍ കണക്കിലെടുത്തു സ്വമേധയാ കോടതിയലക്ഷ്യ നടപടിയെടുക്കുന്നില്ലെന്ന് 1994 ഒക്‌ടോബര്‍ 20ന്റെ വിധിയില്‍ ജസ്‌റ്റിസ് എം.എന്‍.വെങ്കിടചെല്ലയ്യ വ്യക്‌തമാക്കി. സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഒഴിവാക്കിയ സുപ്രീം കോടതിവിധിയെ വിമര്‍ശിച്ചതിനൊപ്പം ജഡ്‌ജിമാര്‍ക്കെതിരെ വ്യക്‌തിപരമായ ആരോപണങ്ങള്‍ ഉന്നയിച്ചതിനു സുപ്രീം കോടതിയിലെ മുന്‍ ജഡ്‌ജി മാര്‍ക്കേണ്ഡയ കട്‌ജു കഴിഞ്ഞ വര്‍ഷം കോടതിയലക്ഷ്യ നടപടി നേരിട്ടതാണ്. ഒടുവില്‍, മാപ്പപേക്ഷിച്ച് അദ്ദേഹം തലയൂരി.
എന്നാല്‍, ജഡ്‌ജിക്കെതിരെയുള്ള കോടതിയലക്ഷ്യത്തിന്റെ ചരിത്രത്തില്‍ ഇടംപിടിച്ചയാള്‍ രാജസ്‌ഥാന്‍ ഹൈക്കോടതിയിലുണ്ടായിരുന്ന ജസ്‌റ്റിസ് ജെ.എസ്.സെത്‌നയാണ്. താന്‍ പാതി വാദം കേട്ട ഒരു കേസ് മറ്റൊരു ബെഞ്ചിന്റെ പരിഗണനയ്‌ക്കു വിടാന്‍ തീരുമാനിച്ചതിന് അദ്ദേഹം ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് മുകുള്‍ ഗോപാല്‍ മുഖര്‍ജിക്കെതിരെ കോടതിയലക്ഷ്യത്തിനു നോട്ടിസ് നല്‍കി. 1997 ഓഗസ്‌റ്റ്–സെപ്‌റ്റംബറിലാണ് ഇതുണ്ടായത്.മുന്‍ ചീഫ് ജസ്‌റ്റിസ് ജെ.എസ്.വര്‍മ ഉള്‍പ്പെടെ ചില ജഡ്‌ജിമാര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളും ജസ്‌റ്റിസ് സെത്‌ന ഉന്നയിച്ചു. ഒടുവില്‍, കോടതിലക്ഷ്യ നടപടി നീക്കാന്‍ ചീഫ് ജസ്‌റ്റിസ് മുഖര്‍ജി സുപ്രീം കോടതിയെ സമീപിച്ചു. ജസ്‌റ്റിസ് സെത്‌നയുടെ കോടതിയലക്ഷ്യ നോട്ടിസും ജഡ്‌ജിമാര്‍ക്കെതിരെയുള്ള പരാമര്‍ശങ്ങളും സുപ്രീം കോടതിയില്‍ ജസ്‌റ്റിസ് എ.എസ്.ആനന്ദ് അധ്യക്ഷനായ ബെഞ്ച് 1997 നവംബര്‍ 25ലെ വിധിയിലൂടെ റദ്ദാക്കി. ഇനി ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഇടവരാതിരിക്കട്ടെയെന്നു പ്രത്യാശിക്കുന്നു – ഇങ്ങനെയാണ് ആ വിധിന്യായം അവസാനിക്കുന്നത്