ജസ്റ്റിസ് കര്‍ണന്‍ സുപ്രീംകോടതി നടപടിക്കെതിരെ രാഷ്ട്രപതിയെ സമീപിച്ചു; മാപ്പ് പറയില്ല

ന്യൂഡല്‍ഹി: സുപ്രീംകോടതി നടപടിക്കെതിരെ ജസ്റ്റിസ് കര്‍ണന്‍ രാഷ്ട്രപതിയെ സമീപിച്ചു. തടവുശിക്ഷയിലൂടെ ഇംപീച്ച് ചെയ്യാനാണ് സുപ്രീംകോടതിയുടെ ശ്രമമെന്നും ജസ്റ്റിസ് കര്‍ണന്റെ അഭിഭാഷകന്‍ മാത്യൂസ് ജെ. നെടുമ്പാറ വ്യക്തമാക്കി. ഇംപീച്ച് ചെയ്യാനുളള അധികാരം പാര്‍ലമെന്റിന് മാത്രമാണ്. വിധിക്കെതിരെ രണ്ടുഹര്‍ജികള്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തു. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിമാര്‍ക്കും എംപിമാര്‍ക്കും കത്തുകള്‍ അയച്ചതായും അഭിഭാഷകന്‍ പറഞ്ഞു. ജസ്റ്റിസ് കര്‍ണന്‍ മാപ്പ് പറയില്ലെന്നും കോടതിയലക്ഷ്യക്കുറ്റം നിലനില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്‍ സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരെയും മദ്രാസ് ഹൈക്കോടതി ജഡ്ജിക്കെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് കോടതിയലക്ഷ്യ നടപടി നേരിടുകയാണ് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണന്‍. സുപ്രീം കോടതിയില്‍ ജസ്റ്റിസ് കര്‍ണന്‍ മാപ്പപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം മാപ്പപേക്ഷിച്ചെന്ന വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അഭിഭാഷകന്‍ മാത്യൂസ് ജെ. നെടുമ്പാറ നേരത്തെ വ്യക്തമാക്കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോടതിയലക്ഷ്യക്കേസില്‍ ശിക്ഷാ വിധിക്കു ശേഷവും കുറ്റം ആരോപിക്കപ്പെട്ടയാള്‍ക്ക് മാപ്പ് പറയാനുള്ള അവസരമുണ്ടെന്ന് നിയമവശം കോടതിയെ ബോധിപ്പിക്കുക മാത്രമാണ് ചെയ്തത്. ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടതിനാല്‍ ജഡ്ജി കര്‍ണ്ണന് മാപ്പു പറയാന്‍ അവസരം ലഭിച്ചില്ലെന്നും കോടതിയെ ബോധിപ്പിച്ചുവെന്നും മാത്യൂസ് ജെ. നെടുമ്പാറ പറഞ്ഞു.അദ്ദേഹത്തിന്റെ എല്ലാ ജുഡീഷ്യല്‍ അധികാരങ്ങളും സുപ്രീംകോടതി റദ്ദാക്കിയിരുന്നു.ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ ആദ്യമായാണ് ഹൈക്കോടതി ജസ്റ്റിസിനുനേരെ സുപ്രീം കോടതി കോടതിയലക്ഷ്യ നടപടികളാരംഭിക്കുന്നത്.

നീതിന്യായ വ്യവസ്ഥയില്‍ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റീസ് കര്‍ണന്‍ നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചിരുന്നു. സുപ്രീംകോടതിയിലേയും ഹൈക്കോടതിയിലേയും 20 ജഡ്ജിമാരെ പേരെടുത്ത് പരാമര്‍ശിച്ചായിരുന്നു കത്ത്. ജഡ്ജിമാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിടണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ദളിതനായതിനാല്‍ ജുഡീഷ്യറിയില്‍ താന്‍ വിവേചനം നേരിടുന്നുവെന്നും നേരത്തെ ജസ്റ്റിസ് കര്‍ണ്ണന്‍ ആരോപിച്ചിരുന്നു.

Top