![](https://dailyindianherald.com/wp-content/uploads/2015/11/katjuju.jpg)
ന്യൂഡല്‍ഹി:സൗമ്യ വധക്കേസില്‍ ഭരണഘടന അനുവദിച്ചാല്‍ തുറന്ന കോടതിയില്‍ ഹാജരാകുന്നതില്‍ സന്തോഷമേയുള്ളെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. സുപ്രീം കോടതിയില്‍നിന്നു വിരമിച്ച ജഡ്‌ജിമാര്‍ കോടതിയില്‍ ഹാജരാകുന്നതിന് ഭരണഘടനയുടെ 124(7) വകുപ്പു പ്രകാരം വിലക്കുണ്ട്. ഈ നിയമം തനിക്കുവേണ്ടി ഒഴിവാക്കാന്‍ ജഡ്ജിമാര്‍ തയാറാണെങ്കില്‍ ഹാജരായി തന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുമെന്നും കട്ജു സമൂഹമാധ്യമമായ ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പില്‍ അറിയിച്ചു.
ഹാജരാകണമെന്ന് ഇതുവരെ സുപ്രീം കോടതിയില്‍നിന്ന് ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. കേരള സര്‍ക്കാരിന്റെ അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്. എന്നിരുന്നാലും താന്‍ വിശദമായി മറുപടി തയാറാക്കുകയാണ്. ഫെയ്സ്ബുക് പേജില്‍ പിന്നീട് ആ മറുപടി പ്രസിദ്ധീകരിക്കുമെന്നും കട്ജു കൂട്ടിച്ചേര്‍ത്തു.കോടതി വിധിയെ വിമര്‍ശിച്ച മാര്‍ക്കണ്ഡേയ കട്ജു നേരിട്ട് ഹാജരാകണമെന്നു പുനഃപരിശോധന ഹര്‍ജി പരിഗണിച്ചപ്പോള്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ദീപാവലിക്കു ശേഷം കട്ജുവുമായി സംവാദമാകാമെന്നും ഹര്‍ജി പരിഗണിച്ച ബെഞ്ച് പറഞ്ഞിരുന്നു. ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗൊയ്, യു.യു.ലളിത്, പി.സി.പാന്ത് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഗോവിന്ദച്ചാമിക്കു വധശിക്ഷ റദ്ദാക്കിയതിനെതിരെ ഫെയ്‌സ്ബുക് പേജിലാണ് കട്ജു അഭിപ്രായം രേഖപ്പെടുത്തിയത്. ഇതു ഹര്‍ജിയായി പരിഗണിക്കുമെന്നാണ് കോടതി പറഞ്ഞത്.