കൊച്ചി: മുന്‍ സുപ്രീംകോടതി ജഡ്ജിയും പാറ്റ്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസുമായിരുന്ന ജസ്റ്റിസ് കെ.എസ്.പരിപൂര്‍ണന്‍ (89)അന്തരിച്ചു. ഇന്നലെ രാത്രി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 1932 ലാണ് കൃഷ്ണസ്വമി സുന്ദര പരിപൂര്‍ണന്‍ എന്ന കെ.എസ്. പരിപൂര്‍ണന്‍ ജനിച്ചത്.
1980ല്‍ കേരള ഹൈകോടതി ജഡ്ജിയായി നിയമിതനായ കൃഷ്ണസ്വാമി സുന്ദരപരിപൂര്‍ണന്‍, 1994ല്‍ പട്ന കോടതിയില്‍ ചീഫ് ജസ്റ്റിസായും അതേവര്‍ഷം ജൂണില്‍ സുപ്രീംകോടതി ജഡ്ജിയായും നിയമിതനായി. 1997ല്‍ സുപ്രീംകോടതിയില്‍നിന്ന് വിരമിച്ച അദ്ദേഹം സുപ്രീംകോടതി നിര്‍ദേശപ്രകാരം 2006ല്‍ ശിവഗിരി മഠം ട്രസ്റ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിച്ചിരുന്നു. പിന്നീട് 2007ല്‍ ഹൈകോടതി നിര്‍ദേശപ്രകാരം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ അഴിമതികളെക്കുറിച്ച് അന്വേഷിക്കാനുള്ള കമീഷന്‍െറ ചുമതലയും വഹിച്ചു. പരിപൂര്‍ണന്‍ കമീഷന്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങളാണ് പില്‍ക്കാലത്ത് ദേവസ്വം ബോര്‍ഡില്‍ പൊളിച്ചെഴുത്തുകള്‍ക്ക് വഴിവെച്ചത്. ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമീഷന്‍ പ്രസിഡന്‍റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് 1932ലായിരുന്നു ജനനം. കോര്‍ട്ട് ഇംഗ്ളീഷ് ഹൈസ്കൂള്‍, എം.ജി കോളജ്, മദ്രാസ് ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. തിരു-കൊച്ചി ഹൈകോടതിയിലെയും കേരള ഹൈകോടതിയിലെയും ന്യായാധിപനായിരുന്ന വരദരാജ അയ്യങ്കാരുടെ പുത്രി പത്മയാണ് ഭാര്യ. വിരമിച്ച ശേഷം എറണാകുളം അമ്മന്‍കോവില്‍ റോഡില്‍ ആനന്ദ് ഭവനില്‍ വിശ്രമജീവിതത്തിലായിരുന്നു.