ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ ചുമതലയേറ്റു. ഇന്ത്യയുടെ 43 ാമത്തെ ചീഫ് ജസ്റ്റിസാണ് അദ്ദേഹം. രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സത്യവാചകം ചൊല്ലിക്കൊടുത്തു. എച്ച്.എല്‍ ദത്തു വിരമിച്ച ഒഴിവിലാണ് ഠാക്കൂര്‍ ചീഫ് ജസ്റ്റിസായി നിയമിതനായത്.
1952 ജനവരി നാലിന് ജനിച്ച ജസ്റ്റിസ് ഠാക്കൂര്‍ ജമ്മു കശ്മീര്‍ ഹൈക്കോടതിയില്‍ അഭിഭാഷകനായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. 1994 ല്‍ ജമ്മു കശ്മീര്‍ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജായി ചുമതലയേറ്റു. ഡല്‍ഹി, കര്‍ണാടക ഹൈക്കോടതികളില്‍ ന്യായാധിപനായിരുന്നു. 2008 ല്‍ ഡല്‍ഹി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിക്കപ്പെട്ട അദ്ദേഹം അതേവര്‍ഷംതന്നെ പഞ്ചാബ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റു. 2009 ലാണ് സുപ്രീം കോടതി ജഡ്ജിയായത്. ഐ.പി.എല്‍ ഒത്തുകളി അടക്കമുള്ള കേസുകളില്‍ സുപ്രധാന വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.