![](https://dailyindianherald.com/wp-content/uploads/2016/05/jisha-pembavoor.png)
കൊച്ചി: പെരുമ്പാവൂരില്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്ക് കൂട്ടായ്മ നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്. പെണ്‍കുട്ടികളടക്കമുള്ളവരെ പുരുഷ പോലീസ് മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ നാലുപേര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
ജസ്റ്റിസ് ഫോര്‍ ജിഷ എന്ന ഫേയ്‌സ് ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ പ്രതിഷേധ മാര്‍ച്ച് നടന്നത്. രാവിലെ പത്ത് മണിക്ക് പെരുമ്പാവൂര്‍ ബോയ്‌സ് സ്‌കൂളിന് മുന്നില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നിരവധി പേരാണ് പങ്കെടുത്തു. എംസി റോഡില്‍ പ്രവേശിച്ച പ്രതിഷേധക്കാരെ പൊലീസ് തടയുകയും തുടര്‍ന്ന് ലാത്തി ചാര്‍ജ് നടത്തുകയുമായിരുന്നു.
ഇതിനു ശേഷം പെരുമ്പാവൂരില്‍ പോലീസ് സറ്റേഷന്‍ ഉപരോധിച്ച സത്രീകളും ട്രാന്‍സ്‌ജെന്‍ഡേര്‍സുമായ പതിനാറ് പേരെ അറസ്റ്റ് ചെയ്തു. പോലീസ് വണ്ടിയില്‍ വച്ച് ലാത്തിക്കടിച്ച പോലീസ് ഉടുപ്പ് വലിച്ച് കീറുകയും ചവിട്ടുകയും ഉപദ്രവിക്കുകയും ചെയ്തു. കൂട്ടത്തിലുണ്ടായ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനോട് വേഷം മാറി പെണ്ണുങ്ങളുടെ കൂടെ കൂടിയതല്ലേടാ എന്നാണ് പോലീസ് ചോദിച്ചത്. അറസ്റ്റ് എതിര്‍ത്ത പ്രതീഷേധക്കാര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്ജ് നടത്തി. നെയിം ബോര്‍ഡ് ഇല്ലാത്ത പോലീസുകാരാണ് മര്‍ദ്ദിക്കുന്നത്. ഇതിനെതിരെ പരാതി നല്‍കിയതായി പ്രതിഷേധക്കാര്‍ പറഞ്ഞു.