മോസ്കോ: ലോകത്തിലെ ഏറ്റവും സൗമ്യനായ പ്രധാനമന്ത്രിയെന്നാണ് കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയേക്കുറിച്ചുള്ള അഭിപ്രായം. എന്നാൽ സൗമ്യൻ മാത്രമല്ല നല്ലൊരു ദാനശീലൻ കൂടിയാണ് അദ്ദേഹമെന്നാണ് ഇന്ത്യക്കാരനായ വിക്രം വിജിന്റെ അഭിപ്രായം. കനേഡിയൻ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനവേളയിൽ ഇത് നേരിട്ട് അനുഭവിക്കാനും ഇയാൾക്ക് ഭാഗ്യമുണ്ടായി.
ദില്ലിയിൽ ട്രൂഡോ പങ്കെടുത്ത യോഗത്തിൽ ഭക്ഷണം ഉണ്ടാക്കിയ ഷെഫാണ് ഇദ്ദേഹം. ഭക്ഷണം ഇഷ്ടമായപ്പോൾ ജസ്റ്റിൻ ട്രൂഡോ വിക്രമിന് ടിപ്പ് നൽകിയത് 17,000 ഡോളറാണ്, അതായത് ഏകദേശം പന്ത്രണ്ട് ലക്ഷം രൂപ. കനേഡിയൻ പ്രധാനമന്ത്രിക്ക് വേണ്ടി പ്രത്യേകം ഭക്ഷണം തയാറാക്കാൻ എത്തിയ ഔദ്യോഗിക സംഘത്തിലെ ഷെഫായിരുന്നു വിക്രം.
ഇന്ത്യ സന്ദർശനത്തിൽ പത്ത് കോടി രൂപയാണ് ഇത്തരത്തിൽ അധികമായി പ്രധാനമന്ത്രി ചെലവാക്കിയതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രിയുടെ ധൂർത്തിനെപറ്റി കാനഡയിലെ പ്രതിപക്ഷ പാർട്ടിയായ കൺസർവേറ്റീവ് പാർട്ടി നിരവധി ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. പ്രധാനമന്ത്രിയായതിന് ശേഷം ട്രൂഡോ നടത്തിയ അവധിക്കാല യാത്രകളെക്കുറിച്ചുള്ള വിവരങ്ങൾ അവർ പുറത്ത് വിട്ടിരുന്നു. അതേസമയം ഒരാഴ്ച നീണ്ട തന്റെ ഇന്ത്യ സന്ദർശനം അബദ്ധങ്ങളുടെയും മണ്ടത്തരങ്ങളുടെയും ഘോഷയാത്രയായിരുന്നുവെന്ന് പാർലമെന്ററി പ്രസ് ഗാലറി ഡിന്നറിൽ അദ്ദേഹം സമ്മതിക്കുകയും ചെയ്തിരുന്നു. ഇന്ത്യയിൽ വെട്ടിത്തിളങ്ങുന്ന വസ്ത്രങ്ങളിട്ട് പൊതുവേദികളിൽ പോയതിനെ അദ്ദേഹം സ്വയം പരിഹസിക്കുകയും ചെയ്തു.