ഭോപ്പാൽ :ജ്യോതിരാദിത്യ സിന്ധ്യയെ പുകച്ച് പുറത്ത് ചാടിച്ച കോൺഗ്രസ് പകച്ചു നിൽക്കെയാണ് കോൺഗ്രസിലെ പ്രമുഖരെല്ലാം ബിജെപിയിലേക്ക് ചേക്കേറുകയാണ് .കോൺഗ്രസിന്റെ അടിവേരിളക്കുകയാണ് സിന്ധ്യ .വ്യാഴാഴ്ച നടന്ന മന്ത്രിസഭ വികസനത്തോടെ സംസ്ഥാന ബിജെപിയിൽ തന്റെ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ് ജ്യോതിരാദിത്യ സിന്ധ്യ. ചൗഹാൻ മന്ത്രിസഭയിൽ സിന്ധ്യയ്ക്കൊപ്പം കൂറുമാറിയെത്തിയ 12 പേരെയാണ് ബിജെപി ഉൾപ്പെടുത്തിയത്. ഇതാദ്യമായാണ് സംസ്ഥാനത്ത് നിയമസഭാംഗമല്ലാത്ത 14 പേർ മന്ത്രിമാരാകുന്നത്. ഇതോടെ ഉപതിരഞ്ഞെടുപ്പിൽ സിന്ധ്യയെ മുൻനിർത്തിയാകും ബിജെപി പട നയിക്കുകയെന്ന് വ്യക്തമായിരിക്കുകയാണ്.
തനിക്കൊപ്പമുള്ള നേതാക്കളുടെ സ്ഥാനാരാഹോണത്തോടെ മറ്റൊരു മാസ്റ്റർ സ്ട്രോക്ക് കൂടിയാണ് കോൺഗ്രസിന് സിന്ധ്യ നൽകിയിരിക്കുന്നത്. മുൻ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ ബിജെപിയിൽ ചേർന്നിരിക്കുകയാണ്.മൂന്ന് മാസത്തെ പ്രതിസന്ധിയ്ക്കൊടുവിലാണ് കഴിഞ്ഞ ദിവസം ശിവരാജ് ചൗഹാൻ മന്ത്രിസഭ വികസനിപ്പിച്ചത്. 28 പേരായിരുന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റത്.രണ്ട് ദിവസത്തോളം ദില്ലി കേന്ദ്രനേതൃത്വവുമായി നടത്തിയ ചർച്ചയ്ക്ക് ഒടുവിലായിരുന്നു തിരുമാനം. ജ്യോതിരാദിത്യ സിന്ധ്യ പക്ഷത്തുള്ള 12 പേരാണ് മന്ത്രിസഭയിൽ ഇടംപിടിച്ചത്.
സ്ഥാനാരോഹണത്തിന് പിന്നാലെ മറ്റൊരു തിരിച്ചടി കൂടി സിന്ധ്യ കോൺഗ്രസിന് നൽകി. സത്യപ്രതിജ്ഞ ചടങ്ങ് കഴിഞ്ഞ് മണിക്കൂറുകൾക്കള്ളിൽ തന്നെ കോൺഗ്രസിൽ നിന്ന് നിരവധി നേതാക്കൾ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. മുൻ മന്ത്രിമാർ, എംഎൽഎമാർ ഉൾപ്പെടെയുള്ളവരാണ് ബിജെപിയിൽ എത്തിയത്.
പാർട്ടി ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിലാണ് നേതാക്കൾ ബിജെപിയിൽ അംഗത്വമെടുത്തത്.2 മുൻ മന്ത്രിമാർ, 8 എംഎൽഎമാർ, അഞ്ച് ജില്ലാ സെക്രട്ടറിമാർ, 9 എക്സിക്യൂട്ടീവ് പ്രസിഡൻറുമാർ ഇത് കൂടാതെ മറ്റ് 15 പേർ എന്നിവരാണ് ബിജെപിയിൽ എത്തിയത്.നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിക്കാത്തതിനെ തുടർന്ന് 2018 ൽ കോൺഗ്രസിൽ ചേർന്ന രാമകൃഷ്ണ കുസമാരിയ ആണ് ബിജെപിയിൽ ചേർന്ന പ്രമുഖൻ.
അദ്ദേഹത്തിനൊപ്പം മുൻ മന്ത്രി രഘുവീർ സിംഗ് സൂര്യവംശിയും ബിജെപിയിൽ ചേർന്നു. മുൻ എംഎൽഎമാരായ ഗജ്റാം സിംഗ് യാദവ്, റാവോ രാജ്കുമാർ സിംഗ്, ജഗന്നാഥ് സിംഗ് രഘുവൻശി, ഗണപത് പട്ടേൽ, കൂടാതെ കേനദാർ മണ്ഡോലി, അജിത് സിംഗ് തുടങ്ങിവരയാണ് കോൺഗ്രസ് വിട്ട മറ്റ് നേതാക്കൾ.
വരും ദിവസങ്ങളിൽ കൂടുതൽ പേർ കോൺഗ്രസ് വിട്ട് എത്തും എന്നാണ് ബിജെപി അവകാശപ്പെടുന്നത്. അതേസമയം മന്ത്രിസഭ വികസനം ബിജെപിക്ക് ഉപതിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാകും നൽകിയേക്കുതയെന്ന വിലയിരുത്തൽ ഉണ്ട്. മുതിർന്ന നേതാക്കളിൽ പലരും അസ്വസ്ഥരാണ്.തുടക്കം മുതൽ തന്നെ സിന്ധ്യയുടേയും കോൺഗ്രസ് വിമതരുടേയും വരവിൽ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച നേതാക്കളാണ് പലരും. ഉപതിരഞ്ഞെടുപ്പിൽ കൂറുമാറിയെത്തിയവരെ തന്നെ മത്സരിപ്പിക്കുന്നതിനാൽ മന്ത്രിസഭയിൽ തങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം അനുവദിക്കണമെന്നായിരുന്നു നേതാക്കളുടെ ആവശ്യം.
ഇത് അംഗീകരിക്കപ്പെടാതിരുന്നതോടെ മുതിർന്ന നേതാക്കൾ കോൺഗ്രസിലേക്ക് ചേക്കേറുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. മുൻ ചൗഹാൻ മന്ത്രിസഭയിൽ അംഗങ്ങളായിരുന്ന നേതാക്കൾ ഉൾപ്പെടെ തഴയപ്പെട്ടിട്ടുണ്ട്. ഇവർ പാർട്ടി വിട്ടില്ലേങ്കിലും ഉപതിരഞ്ഞെടുപ്പിൽ വിമതരുടെ പരാജയം ഉറപ്പാക്കിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇത് കൂടി മുന്നിൽ കണ്ടുകൊണ്ടാണ് ബിജെപിയുടെ നീക്കം. ഉപതിരഞ്ഞെടുപ്പ് ഫലത്തിനെ അനുസരിച്ചാകും മധ്യപ്രദേശിൽ ചൗഹാൻ സർക്കാരിന്റെ നിലനിൽപ്പ് തന്നെ.അതേസമയം സംസ്ഥാന രാഷ്ട്രീയത്തിൽ മുൻനിരയിലേക്ക് താൻ വരുന്നുവെന്നാണ് സിന്ധ്യ ഇതോടെ പ്രഖ്യാപിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് പൊടിപാറും എന്നത് ഇതോടെ വ്യക്തമായിരിക്കുകയാണ്.
കൂറുമാറിയെത്തിവരുടേത് ഉൾപ്പെടെ സംസ്ഥാനത്തെ 24 മണ്ഡലത്തിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇതിൽ പകുതിയിൽ അധികം മണ്ഡലങ്ങളും സിന്ധ്യയുടെ സ്വാധീന മേഖലയായ ഗ്വാളിയാർ-ചമ്പൽ പ്രദേശത്താണ്. ഇവിടെ നിന്നുള്ള നേതാക്കൾ മന്ത്രി സ്ഥാനത്ത് നിന്ന് തഴയപ്പെടുവെന്ന പ്രതീതി ഉണ്ടായാൽ ഉപതിരഞ്ഞെടുപ്പിൽ അത് കനത്ത തിരിച്ചടിയായിരിക്കും ബിജെപിക്ക് നൽകുക. ഇതോടെ സിന്ധ്യ വിഭാഗത്തിലുള്ള 14 പേരാണ് ഇപ്പോൾ മന്ത്രിസഭയിൽ അംഗങ്ങളായിരിക്കുന്നത് .മുഖ്യമന്ത്രി ചൗഹാന്റെ വിശ്വസ്തരായ പല മുതിർന്ന നേതാക്കളും തഴയപ്പെട്ടുവെന്നത് ശ്രദ്ധേയമാണ്. എന്നാൽ മന്ത്രിസഭ വികസനം ബിജെപിയിൽ വലിയ പൊട്ടിത്തെറിക്കാണ് വഴിവെച്ചിരിക്കുന്നത്.