കൊച്ചി: മുന്‍ മന്ത്രി കെ. ബാബുവിന്റെയും ഭാര്യയുടെയും ബാങ്ക് ലോക്കറുകള്‍ വിജിലന്‍സ് പരിശോധനയ്ക്ക് മുമ്പ് കാലിയാക്കി.ഈ ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി. തൃപ്പൂണിത്തുറയിലെ എസ്ബിടി, എസ്ബിഐ ബാങ്കുകളിലെ അക്കൗണ്ടുകളാണ് ആഗസ്ത് മാസം കാലിയാക്കിയതായി വിജിലന്‍സ് സംശയിക്കുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി ബാങ്കുകളിലെ സിസിടിവി ദൃശ്യങ്ങള്‍ കൈമാറാന്‍ ബാങ്ക് അധികൃതര്‍ക്ക് വിജിലന്‍സ് നിര്‍ദേശം നല്‍കി. വിജിലന്‍സ് അന്വേഷണത്തിന്റെ ഭാഗമായി ഒരു മാസത്തിനു ശേഷമാണ് ബാബുവിന്റെയും ബന്ധുക്കളുടെയും ലോക്കറുകള്‍ വിജിലന്‍സ് പരിശോധിച്ചത്.ബാബുവിന്റെയും ബന്ധുക്കളുടെയും ലോക്കറുകളില്‍ നിന്ന് 300 പവനോളം സ്വര്‍ണം മാത്രമാണ് കണ്ടെത്താനായത്.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍മന്ത്രി കെ ബാബുവിന്റെയും ഭാര്യയുടെയും ബിനാമികളുടെയും ബാങ്ക് അക്കൗണ്ടുകളും വീടുകളും വിജിലന്‍സ് പരിശോധിച്ചിരുന്നു. എന്നാല്‍ കാര്യമായ ഒന്നും കണ്ടെത്താനായിരുന്നില്ല. എന്നാല്‍ ഒരുമാസം മുമ്പ് ലോക്കറുകള്‍ കാലിയാക്കി പണവും രേഖകളും മാറ്റിയതായി ആരോപണമുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബാങ്ക് ലോക്കറുകള്‍ കാലിയാക്കിയിട്ടുണ്ടോ എന്ന് വിജിലന്‍സ് പരിശോധിക്കുന്നത്