കോഴിക്കോട്: ‘മമ്മൂട്ടി മാറി ദുല്‍ഖര്‍ സല്‍മാന്‍ വന്നു’. കേരളത്തിലെ പുതിയ ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക ഹൈക്കമാന്റ് പ്രഖ്യപിച്ചതോടെ തല്‍സ്ഥാനത്ത് നിന്ന മാറിയ കെസി അബുവിന്റെ പ്രതികരണമാണിത്.
കോഴിക്കോട്ടെ നിലവിലെ ഡിസിസി പ്രസിഡന്റായ കെ സി അബുവാണു മമ്മൂട്ടിയെയും ദുല്‍ഖറിനെയും താരതമ്യപ്പെടുത്തി ‘ഡയലോഗു’ വിട്ടത്. ടി സിദ്ദിഖാണു പുതിയ ഡിസിസി പ്രസിഡന്റ്. മമ്മൂട്ടിയെയും ദുല്‍ഖറിനെയും കൂട്ടുപിടിച്ചു മുമ്പും അബു വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
2014ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം നടന്ന കെപിസിസി എക്സിക്യൂട്ടീവിലായിരുന്നു അബുവിന്റെ പരാമര്‍ശം. ‘മമ്മൂട്ടി അഭിനയിക്കേണ്ട ചിത്രത്തില്‍ ദുല്‍ഖര്‍ അഭിനയിച്ചാല്‍ ശരിയാവില്ല’ എന്നായിരുന്നു അന്ന് അബുവിന്റെ പരാമര്‍ശം. കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിനും രാഹുല്‍ ഗാന്ധിക്കുമെതിരേ നടത്തിയ പരസ്യ വിമര്‍ശനത്തിലായിരുന്നു അബുവിന്റെ പരാമര്‍ശം.
‘മമ്മൂട്ടി അഭിനയിക്കേണ്ട ചിത്രത്തില്‍ ദുല്‍ഖര്‍ അഭിനയിച്ചാല്‍ തത്ക്കാലം അത് ശരിയാവില്ലെന്ന’ അബുവിന്റെ പഴയ പരാമര്‍ശമാണ് ഇന്നത്തെ പരാമര്‍ശത്തിലും ചര്‍ച്ചയാകുന്നത്. താനിരിക്കേണ്ട കസേരയില്‍ മറ്റൊരാള്‍ ശരിയാകില്ലെന്ന ധ്വനിയാണോ ഈ പരാമര്‍ശമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ ചോദ്യം. അന്നു കേന്ദ്രനേതൃത്വത്തിനെതിരെ പ്രതികരിച്ചവരില്‍ ടി സിദ്ദിഖുമുണ്ടായിരുന്നു