കൊല്ലം: തനിക്ക് ഇനിയെങ്കിലും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കയറാന്‍ കഴിയുമോ….ഇത് ചോദിക്കുന്നത് വെറെയാരുമല്ല ഗാനഗന്ധര്‍വന്‍ യേശുദാസാണ്…ഈ ആഗ്രഹത്തിന് മതമെന്ന വേലിക്കെട്ടാണ് അദ്ദേഹത്തിന് തടസമായിരുന്നത്. ഏറ്റവും മികച്ച കൃഷ്ണ സ്തുതികള്‍ ആലപിച്ചിട്ടുള്ള യേശുദാസിന്റെ ആഗ്രഹം എന്ന് സഫലമാകും എന്ന കാര്യത്തില്‍ ആര്‍ക്കും ഉറപ്പില്ല. എങ്കിലും അദ്ദേഹം പ്രതീക്ഷ കൈവിടുന്നില്ല. തന്നെ ഇനിയെങ്കിലും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കയറ്റുമോ.. എന്നാണ് ഗാനഗന്ധര്‍വ്വന്‍ ഡോ. കെ ജെ യേശുദാസിന്റെ ചോദ്യം.
പത്മവിഭൂഷിതനായ യേശുദാസിനു കൊല്ലം പൗരാവലി നല്‍കിയ ആദരത്തില്‍ സംസാരിക്കുമ്പോഴാണ് യേശുദാസിന്റെ ചോദ്യം. ദൈവത്തിന് രൂപവും ഭാവവും ഇല്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പത്മവിഭൂഷണ്‍ നേടിയ യേശുദാസിനെ സ്വരലയയുടെ നേതൃത്തില്‍ കലാകേരളവും കൊല്ലം പൗരാവലിയും ആദരിച്ചു. നടി ശാരദ, വയലിനിസ്റ്റ് എല്‍.സുബ്രഹ്മണ്യം തുടങ്ങിയവര്‍ക്കും ചടങ്ങില്‍ പുരസ്‌കാരം സമ്മാനിച്ചു.
സ്വരലയയുടെ സ്വീകരണവും ആദരവും ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു യേശുദാസ്. സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബി സമ്മാനിച്ച ഇടക്ക കൊട്ടിക്കൊണ്ടായിരുന്നു യേശുദാസിന്റെ ചോദ്യം. പതിറ്റാണ്ടുകളായി താന്‍ മനസ്സില്‍ കൊണ്ടു നടക്കുന്ന സ്വപ്നത്തെ കുറിച്ച് യേശുദാസ് ചോദിച്ചു. ഇനിയെങ്കിലും എന്നെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കയറ്റിക്കൂടെ.
കരഘോഷങ്ങളോടെയാണ് സദസ്സ് യേശുദാസിന്റെ ചോദ്യത്തെ വരവേറ്റത്. ഉര്‍വശി അവാര്‍ഡ് ജേതാവും കേരളത്തിന്റെ അമ്മ മനസ്സുമായ നടി ശാരദയ്ക്ക് സ്നേഹിതയുടെ പുരസ്‌കാരം ഗാനഗന്ധര്‍വന്‍ സമ്മാനിച്ചു. തന്നെ ധീര വനിതയാക്കിയത് മലയാള സിനിമയും മലയാളികളുമാണെന്നു ശാരദ പറഞ്ഞു. പത്മവിഭൂഷണ്‍ നേടിയ യേശുദാസില്‍ നിന്ന് ദേവരാജന്‍ പുരസ്‌കാരം ഏറ്റുവാങ്ങാനായത് മഹാഭാഗ്യമാണെന്ന് പ്രശസ്ത വയലിനിസ്റ്റ് എല്‍.സുബ്രഹ്മണ്ണ്യം പറഞ്ഞു ഗായിക കവിതാ കൃഷ്ണമൂര്‍ത്തി, സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍, എം.മുകേഷ്, കൊല്ലം മേയര്‍ രാജേന്ദ്ര ബാബു, പ്രഭാ വര്‍മ, ആര്‍.എസ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.