കോട്ടയം: ബാര്‍ കോഴക്കേസില്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിനു വിധേയനായ മന്ത്രി കെ.എം മാണി രാജിവച്ചാല്‍ മകന്‍ ജോസ് കെ.മാണിയെ മന്ത്രിയാക്കാന്‍ നീക്കം. കോട്ടയം പാര്‍ലമെന്റ് നിയോജക മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധിയായ ജോസ് കെ.മാണി രാജിവച്ച് മന്ത്രിയായി ആറു മാസം സംസ്ഥാനം ഭരിക്കുന്നതിനാണ് നീക്കം. ഈ സാഹചര്യത്തില്‍ എംപി സ്ഥാനത്തേയ്ക്കു ജോസ് കെ.മാണിയുടെ ഭാര്യയും മാണിയുടെ മരുമകളുമായ നിഷാ ജോസ് കെ.മാണിയുടെ പേരാണ് ഇപ്പോള്‍ പരിഗണിക്കുന്നത്.
കേരള കോണ്‍ഗ്രസിന്റെ നിലവിലെ സാഹചര്യത്തില്‍ മന്ത്രി സ്ഥാനം രാജി വച്ചാല്‍ തനിക്ക് പാര്‍ട്ടിക്കുള്ളിലെ പിടി നഷ്ടമാകുമെന്നു മന്ത്രി മാണി ഭയക്കുന്നു. അതുകൊണ്ടു തന്നെ മകനെ മന്ത്രി സ്ഥാനം ഏല്‍പ്പിച്ചിച്ച് പാര്‍ട്ടിയിലെ പിടി മുറുക്കുന്നതിനാണ് ഇപ്പോള്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കൂടിയായ മാണി ആലോചിക്കുന്നത്. ഇപ്പോള്‍ മന്ത്രി കെ.എം മാണിക്കൊപ്പം എംഎല്‍എമാരായ സിഎഫ് തോമസ്, എന്‍.ജയരാജ്, തോമസ് ഉണ്ണിയാടന്‍ എന്നിവരുടെ പിന്‍തുണ മാത്രമാണ് ഉള്ളത്. പി.ജെ ജോസഫ് നയിക്കുന്ന എതിര്‍ വിഭാഗത്തില്‍ ജോസഫടക്കം നാലു പേരുടെ പിന്‍തുണയുണ്ട്.
നിലവിലെ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസിന്റെ എംഎല്‍എയും മാണിയുടെ വിശ്വസ്തനുമായ സി.എഫ് തോമസിനെയും മന്ത്രി സ്ഥാനത്തേയ്ക്കു പരിഗണിക്കുന്നുണ്ട്. എന്നാല്‍, രാജി വയ്‌ക്കേണ്ടി വന്നാല്‍ യുഡിഎഫിനെ സമ്മര്‍ദത്തിലാക്കാനും മാണി പദ്ധതി തയ്യാറാക്കിയിട്ടുണ്ട. എന്നാല്‍, മാണിക്കൊപ്പം നില്‍ക്കാന്‍ തയ്യാറാകാതെ കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗം വിട്ടു നില്‍ക്കുന്നതിലാണ് ഇപ്പോള്‍ യുഡിഎഫിന്റെ പ്രതീക്ഷകള്‍. കേരള കോണ്‍ഗ്രസില്‍ കൂടുതല്‍ വിള്ളല്‍ വീഴ്ത്തി സര്‍ക്കാരിനെ താങ്ങി നിര്‍ത്താന്‍ ഉമ്മന്‍ചാണ്ടിയും ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
ഇതിനിടെ കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്കു നീങ്ങുകയാണെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. പി.ജെ ജോസഫ് രാജി വയ്ക്കാനില്ലെന്ന നിലപാടുമായി നില്‍ക്കുന്നതോടെ കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്കു തന്നെയാണെന്ന സൂചനയാണ്.