
സ്വന്തം ലേഖകന്‍
കോട്ടയം: പിണറായി വിജയന് അനുഭവസമ്പന്നനും പക്വമതിയുമായ നേതാവാണന്നും പുതിയ മുഖ്യമന്ത്രിയുടെ ആദ്യ ചുവടുവയ്പുകളെല്ലാം അഭിനന്ദനാര്‍ഹമാണന്നും കേരള കോണ്‍ഗ്രസ് എം. കേരള കോണ്‍ഗ്രസ് എമ്മിന്റെ ഔദ്യോഗിക പ്രസിദ്ധികരണമായ പ്രതിഛായയുടെ പുതിയ ലക്കത്തിന്റെ എഡിറ്റോറിയലിലാണ് ഇടതു സര്‍്കകാരിനെ പുകഴ്ത്തിയിരിക്കുന്നത്.പരാജയത്തിനു കാരണം മറ്റു ചില ഘടകങ്ങളും ചില വ്യക്തികളുമാണ് എന്നൊക്കെ കണ്ടെത്തി ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുന്നതു ജനാധിപത്യപരമായ പക്വതയില്ലായ്മയുടെ ലക്ഷണമാണന്നും പറയുന്നുണ്ട്.പാര്‍ട്ടി ഭാരവാഹികളോ രാഷ്ട്രീയ ബാഹ്യഘടകങ്ങളോ തോല്പിച്ചു എന്നു പരിഭവം കൊളേളണ്ട കാര്യമില്ല. അങ്ങനെ ചെയ്യുന്നതു കേരള ജനതയുടെ രാഷ്ട്രീയ പ്രബുദ്ധതയെ സംശയിക്കലാകുമെന്നും അതു നല്ല പ്രവണതയല്ലന്നും എഡിറ്റോറിയല്‍ പറയുന്നുണ്ട്. മുന്‍ഗാമി ഉമ്മന്‍ ചാണ്ടിയെ ക്ലിഫ്ഹൗസില്‍ ചെന്നു കണ്ടതു മുതല്‍ ഗൗരിയമ്മയെ അവരുടെ വീട്ടിലെത്തി മധുരം നല്കി ആദരിച്ചത് വരെ എല്ലാം സമവായത്തിന്റെ സന്ദേശമാണദ്ദേഹം ഇതുവഴി കേരളത്തിനു നല്‍കുന്നതെന്നും പറയുന്നുണ്ട്
എഡിറ്റോറിയലിന്റെ പൂര്‍ണ്ണ രൂപം
ജനങ്ങള്‍ വിധിയെഴുതി-അടുത്ത അഞ്ചുവര്‍ഷം കേരളത്തിന്റെ ഭാഗധേയം ആരു നിര്‍ണയിക്കണമെന്ന്.
എല്ലാ രാഷ്ട്രീയ കക്ഷികളും ജനവിധി അംഗീകരിക്കുന്നു. എങ്കിലും തോറ്റവര്‍ക്കു ചില്ലറ പരാതികളൊക്കെയുണ്ടാകും. അതു പതിവാണ്. പരാജയത്തിനു കാരണം മറ്റു ചില ഘടകങ്ങളും ചില വ്യക്തികളുമാണ് എന്നൊക്കെ കണ്ടെത്തി ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുന്നതു ജനാധിപത്യപരമായ പക്വതയില്ലായ്മയുടെ ലക്ഷണമാണ്.
എതിര് സ്ഥാനാര്‍ത്ഥികള്‍ക്കു കൂടുതല്‍ ജനങ്ങള്‍ വോട്ടുചെയ്തതുകൊണ്ടു ഞാന്‍ തോറ്റു എന്നു രണ്ടാം സ്ഥാനക്കാര്‍ ജനഹിതം മാനിക്കുക. പാര്‍ട്ടി ഭാരവാഹികളോ രാഷ്ട്രീയ ബാഹ്യഘടകങ്ങളോ തോല്പിച്ചു എന്നു പരിഭവം കൊളേളണ്ട കാര്യമില്ല. അങ്ങനെ ചെയ്യുന്നതു കേരള ജനതയുടെ രാഷ്ട്രീയ പ്രബുദ്ധതയെ സംശയിക്കലാകും. അതു നന്നല്ല.
കഴിഞ്ഞ അഞ്ചുവര്‍ഷം ഭരണം വലതു മുന്നണിയെ ഏല്പിച്ചു കൊടുക്കുകയും ഇടതുമുന്നണിയെ പ്രതിപക്ഷ ബഞ്ചിലിരുത്തുകയും ചെയ്ത അതേ ജനങ്ങള്‍ തന്നെയാണ് ഇത്തവണ വിധി മറിച്ചെഴുതിയത്. അതില്‍ പരിഭവിക്കാന്‍ ആര്‍ക്കും അവകാശമില്ല.
പിണറായി വിജയന് അനുഭവസമ്പന്നനും പക്വമതിയുമായ നേതാവാണ്. അദ്ദേഹമാണ് അടുത്ത അഞ്ചുവര്‍ഷ ഭരണത്തിന്റെ സാരഥി. സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത് പുതിയ മുഖ്യമന്ത്രി ചെയ്യുന്ന ജനക്ഷേമകരമായ എല്ലാ നല്ല കാര്യങ്ങള്‍ക്കും പ്രതിപക്ഷത്തിന്റെ പിന്തുണയുണ്ടാകും എന്നാണ്. അതങ്ങനെ തന്നെയാണു വേണ്ടത്. മറിച്ച്, ജനവിരുദ്ധ നടപടികളെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ എതിര്‍ക്കുകയും വേണം.
പുതിയ മുഖ്യമന്ത്രിയുടെ ആദ്യ ചുവടുവയ്പുകളെല്ലാം അഭിനന്ദനാര്‍ഹമാണ്. മുന്‍ഗാമി ഉമ്മന്‍ ചാണ്ടിയെ ക്ലിഫ്ഹൗസില്‍ ചെന്നു കണ്ടത്, പാര്‍ട്ടിക്കുളളിലെ രാഷ്ട്രീയ എതിരാളി വി.എസ്. അച്യുതാനന്ദനെ കന്റോണ്‍മെന്റ് ഹൗസിലെത്തി സന്ദര്‍ശിച്ചത്, ബി.ജെ.പി നേതാവ് ഒ.രാജഗോപാലിനെ ഏ.കെ.ജി. സെന്ററില്‍ സ്വീകരിച്ചത്, മലയാളത്തിന്റെ പ്രിയ കവി ഒഎന്‍വിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചത്, ഗൗരിയമ്മയെ അവരുടെ വീട്ടിലെത്തി മധുരം നല്കി ആദരിച്ചത്-എല്ലാം നന്നായി. സമവായത്തിന്റെ സന്ദേശമാണദ്ദേഹം ഇതുവഴി കേരളത്തിനു നല്‍കുന്നത്.
എങ്കിലും ഉത്തരകേരളത്തില്‍ വീണ്ടും ചോരയൊഴുകിയിരിക്കുന്നു എന്നതും കൊലവിളികള്‍ മുഴങ്ങുന്നു എന്നതും കേരളജനതയുടെ നെഞ്ചിടിപ്പു വര്‍ദ്ധിപ്പിക്കുന്നുണ്ട്. പുതിയ മുഖ്യമന്ത്രിയുടെ വിശാലമനസ്കതയോടെയുളള സമീപനം എല്ലാ മുറിവുകളും ഉണക്കുമെന്നു പ്രതീക്ഷിക്കാം. അതിനു പിന്നാലെയാണു വികസനപ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടത്.
പ്രതിച്ഛായയുടെ രാഷ്ട്രീയ നിലപാട് ഇടതുപക്ഷം ചേരുന്നതല്ല. പക്ഷേ, അവരുടെ ജനപക്ഷ നിലപാടുകളോടു പൂര്‍ണമായി ഞങ്ങള്‍ യോജിക്കും. പുതിയ മന്ത്രിസഭയ്ക്ക് ആശംസകള്‍.