കെ.എം മാണിക്കെതിരെ മൗനം പാലിക്കാന്‍ ബിജെപി; കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശത്തിനു പിന്നില്‍ വെള്ളാപ്പള്ളി; ലക്ഷ്യം കേരളത്തിലെ മൂന്നാം മുന്നണി

കൊച്ചി: ബാര്‍ കോഴ വിവാദത്തില്‍ ഹൈക്കോടതി വിധിയോടെ കുടുങ്ങിയ മന്ത്രി കെ.എം മാണിക്കെതിരെ മൃദു സമീപനം സ്വീകരിക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വത്തിനു കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം. മന്ത്രി കെ.എം മാണിക്കെതിരെ പ്രത്യേക്ഷ സമരം നടത്തിയാലും സമരത്തിനു അക്രമ സ്വഭാവം വേണ്ടെന്ന നിര്‍ദേശമാണ് ഇപ്പോള്‍ ബിജെപി കേന്ദ്ര നേതൃത്വം നല്‍കിയിരിക്കുന്നത്.
കേരളത്തില്‍ മൂന്നാം മുന്നണി രൂപീകരിക്കുമ്പോള്‍, വെള്ളാപ്പള്ളി നടേശന്റെ പിന്‍തുണയോടെ മാണിയെയും കേരള കോണ്‍ഗ്രസിനെയും ഉള്‍പ്പെടുത്താമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ഇത്തരത്തില്‍ കേരള കോണ്‍ഗ്രസിനെ മുന്നണിയുടെ ഭാഗമാക്കിയാല്‍ ബിജെപിക്കു കേരളത്തില്‍ അക്കൗണ്ട് തുറക്കാനാവുമെന്നും ബിജെപി കേന്ദ്ര നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ മന്ത്രി കെ.എം മാണി രാജി വച്ചാല്‍ സര്‍ക്കാര്‍ താഴെ വീഴുമെന്നും, പൊതു തിരഞ്ഞെടുപ്പ് ഉടന്‍ ഉണ്ടാകുമെന്നും ബിജെപി പ്രതീക്ഷിക്കുന്നു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്കു എസ്എന്‍ഡിപി പിന്‍തുണ ലഭിച്ചതോടെ 14 മണ്ഡലങ്ങളിലെങ്കിലും വിജയപ്രതീക്ഷ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസിന്റെ പിന്‍തുണ കൂടി ലഭിച്ചാല്‍ കേരളത്തില്‍ പ്രകടനം മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. മന്ത്രി കെ.എം മാണി രാജി വച്ച് സര്‍ക്കാരിനുള്ള പിന്‍തുണ പിന്‍വലിച്ചാല്‍ ഉടന്‍ തന്നെ തിരഞ്ഞെടുപ്പു വേണ്ടി വരും. ഈ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് ഒറ്റയ്ക്കാവും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഇടതു മുന്നണിയും യുഡിഎഫും ഒരിക്കലും മന്ത്രി കെ.എം മാണിയെ പിന്‍തുണയ്ക്കുകയുമില്ല.
ഈ സാഹചര്യത്തില്‍ മാണിയെ മൂന്നാം മു്ന്നണിയില്‍ എടുക്കാതെയുള്ള രാഷ്ട്രീയ പരീക്ഷണത്തിലാണ് ബിജെപി ഇപ്പോള്‍ തയ്യാറെടുക്കുന്നത്. കെ.എം മാണിയും കേരള കോണ്‍ഗ്രസും മത്സരിക്കുന്ന സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താതെ പുറത്തു നിന്നു പിന്‍തുണയ്ക്കുന്നതിനാണ് ബിജെപി ആലോചിക്കുന്നത്. ബാര്‍ കോഴ ആരോപണങ്ങള്‍ കത്തി നിന്ന സാഹചര്യത്തില്‍ പോലും കേരള കോണ്‍ഗ്രസിനു തദ്ദേശ തിരഞ്ഞെടുപ്പില്‍ നഷ്ടമുണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ കേരള കോണ്‍ഗ്രസിന്റെ ജനകീയ അടിത്തറ നഷ്ടമായിട്ടില്ലെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം കത്തോലീക്കാ സഭയുടെ പിന്‍തുണയും മാണിക്കു ലഭിച്ചിട്ടുണ്ട്. വെള്ളാപ്പള്ളി – കെ.എം മാണി കൂട്ടുകെട്ടിലൂടെ കേരളത്തില്‍ ഭരണം പിടിക്കാമെന്നും, അക്കൗണ്ട തുറക്കാമെന്നുമാണ് ബിജെപി കേന്ദ്ര നേതൃത്വം പ്രതീക്ഷിക്കുന്നത്.

Top