![](https://dailyindianherald.com/wp-content/uploads/2016/01/k.m.jpg)
കോട്ടയം: കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്രയുടെ ഭാഗമായി കോട്ടയത്തെത്തുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും കേരള കോണ്‍ഡഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണിയുമായി ചര്‍ച്ച നടത്തുന്നു. ചര്‍ച്ചയില്‍ രാഷ്ട്രീയമില്ലെന്നു കെ.എം മാണി വ്യക്തമാക്കുന്നുണ്ടെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയം അടക്കം ചര്‍ച്ചയ്ക്കു വന്നേക്കുമെന്നു ബിജെപി സംസ്ഥാന നേതാക്കള്‍ പറയുന്നു. കേരള കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പിരിച്ചു വിട്ട് അടുത്തിടെ ബിജെപിയുടെ ഭാഗമായ നോബിള്‍ മാത്യുവാണ് കേരള കോണ്‍ഗ്രസ് ബിജെപി ചര്‍ച്ചകള്‍ക്കു ചുക്കാന്‍ പിടിക്കുന്നതെന്നാണ് സൂചനകള്‍. എന്നാല്‍, മാണി അമിത്ഷാ കൂട്ടുകെട്ടിനെതിരെ കേരള കോണ്‍ഗ്രസിനുള്ളിലും ബിജെപിയും ഒരു വിഭാഗം പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.
മകന്‍ ജോസ് കെ.മാണിയെ കേന്ദ്രമന്ത്രിസ്ഥാനത്തേയ്ക്കു ഉയര്‍ത്തുന്നതിനായി കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലം മുതല്‍ ആരംഭിച്ച ശ്രമങ്ങളുടെ രണ്ടാം ഘട്ടമായാണ് ബിജെപിയുമായി കൂടാന്‍ കെ.എം മാണി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ജോസ് കെ.മാണി റബര്‍ വിഷയത്തില്‍ നടത്തിയ ഇടപെടലിനു കേന്ദ്ര സര്‍ക്കാരില്‍ നിന്നു അനുകൂലമായ മറുപടിയാണ് ലഭിച്ചത്. ഇതേ തുടര്‍ന്നാണ് ബിജെപി കേരള കോണ്‍ഗ്രസ് സഖ്യം സംബന്ധിച്ചുള്ള ആഭ്യന്തര ചര്‍ച്ചകള്‍ സജീവമായത്. അരുണ്‍ ജെയ്റ്റ്‌ലിയുമായും കേന്ദ്രത്തിലെ മുതിര്‍ന്ന നേതാക്കളുമായും കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണിക്കുള്ള ബന്ധവും രാഷ്ട്രീയ ചര്‍ച്ചയായി മാറിയിട്ടുണ്ട്. ഇതിനിടെയാണ് ഫെബ്രുവരി ആദ്യവാരം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കോട്ടയത്ത് എത്തുന്നത്.
അമിത്ഷായെ സന്ദര്‍ശിക്കുമോ എന്ന ചോദ്യത്തിനു കൃത്യമായ മറുപടി പറയാന്‍ കെ.എം മാണി തയ്യാറായില്ലെന്നതു വളരെ ശ്രദ്ധേയമായ കാര്യമാണ്. അമിത്ഷാ കോട്ടയം ടിബിയിലെത്തിയാല്‍, താന്‍ അവിടെയുണ്ടെങ്കില്‍ കാണും എന്ന മറുപടിയാണ് മാണി മാധ്യമങ്ങള്‍ക്കു നല്‍കിയത്. എന്നാല്‍, ബിജെപി കേരള കോണ്‍ഗ്രസ് സഖ്യത്തിനെതിരെ കേരള കോണ്‍ഗ്രസിലെ ജോസഫ് ഗ്രൂപ്പുകാര്‍ അടക്കം എതിര്‍പ്പുമായി രംഗത്ത് എത്തിയിട്ടുണ്ട്. ബിജെപിയിലെ ഇപ്പോള്‍ അടങ്ങിയിരിക്കുന്ന ഗ്രൂപ്പ് യുദ്ധം കേരള കോണ്‍ഗ്രസ് സഖ്യത്തോടെ വീണ്ടും മറനീക്കി പുറത്തു വരുമെന്നും സൂചന ലഭിച്ചിട്ടുണ്ട്.