സ്വന്തം ലേഖകൻ
കോട്ടയം: ബാർ കോഴക്കേസിനു പിന്നാലെ വിജിലൻസ് സംഘം പിടിമുറുക്കിയതോടെ തുടർച്ചയായി കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം മാണി കേസിൽ കുടുങ്ങുന്നു. കേരള കോൺഗ്രസ് സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ സമൂഹ വിവാഹത്തിനു മാത്രമായി 2 കോടി രൂപ കേരള കോൺഗ്രസ് എം ചിലവഴിച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ, വിജിലൻസിന്റെ പ്രാഥമിക വിലയിരുത്തലിൽ പത്തു ലക്ഷത്തിൽ താഴ തുക മാത്രമാണ് കേരള കോൺഗ്രസ് എം പലരിൽ നിന്നായി സംഭാവനയായി സ്വീകരിച്ചിരിക്കുന്നത്. ബാക്കി തുകയ്ക്കു രസീതോ നോട്ടീസും ഒന്നും തന്നെയുള്ളതായി വിജിലൻസിനു തെളിവു ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ വിവാഹം നടത്തിയതിന്റെ രേഖകളെല്ലാം വിജിലൻസ് സംഘം ശേഖരിക്കുന്നുണ്ട്.
എന്നാൽ, വിവാഹം സർക്കാർ ചടങ്ങല്ലെന്നും പാർട്ടി അണികൾ സ്വന്തം കയ്യിൽ നിന്നു തുക മുടക്കിയാണ് വിവാഹം നടത്തിയതെന്നുമാണ് കേരള കോൺഗ്രസിന്റെ വാദം. എന്നാൽ, സംസ്ഥാന സർക്കാരിന്റെ സംവിധാനങ്ങളെല്ലാം വിവാഹത്തിനായി വിനിയോഗിച്ചിട്ടുണ്ടെന്നു വ്യക്തമായ സാഹചര്യത്തിൽ വിജിലൻസിനു കേസെടുക്കാനാവുമെന്നാണ് ലഭിച്ചിരിക്കുന്ന നിയമോപദേശം.
കേരളാ കോൺഗ്രസ് (എം) സുവർണജൂബിലി ആഘോഷങ്ങളുടെ പ്രചാരണത്തിനായി പത്തു കോടിയോളം രൂപ ചെലവാക്കിയതായും സമൂഹവിവാഹത്തിൽ ദമ്പതികൾക്കു സ്വർണം ഉൾപ്പടെ മൂന്നുലക്ഷത്തോളം രൂപ നൽകിയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. പാർട്ടി തയാറാക്കിയ പട്ടികയിലുള്ളവരാണു വിവാഹിതരായത്. വ്യക്തമായ അന്വഷണം കൂടാതെയാണു വധൂവരന്മാരെ തെരഞ്ഞെടുത്തത്. ഇവർ ഹാജരാക്കിയ രേഖകളിലേറെയും വ്യാജമാണ്. സമൂഹവിവാഹം നടന്നതായി ജില്ലാ കലക്ടർക്കോ കോട്ടയം മുനിസിപ്പാലിറ്റിക്കോ അറിവില്ല. ഇതുവരെ ഇതിൽ ഒരു വിവാഹം പോലും മുനിസിപ്പാലിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടില്ല.
സർക്കാർ പ്ലീഡർമാരെ നിയമിക്കാൻ മാണിയുടെ നേതൃത്വത്തിൽ വ്യാപക കൈക്കൂലി ഇടപാട് നടന്നെന്നു ഹർജിയിൽ ആരോപിക്കുന്നു. പ്ലീഡർ നിയമനത്തിന് ഒരാളിൽനിന്നു 1025 ലക്ഷം വരെ കൈക്കൂലി വാങ്ങി. ഓരോ നിയമനത്തിനും 10 ലക്ഷം രൂപവീതം മാണിക്കു നൽകിയതായി കൊല്ലം ജില്ലയിലെ കേരളാ കോൺഗ്രസ് നേതാവുകൂടിയായ മാണിയുടെ ബന്ധു വെളിപ്പെടുത്തുന്ന ദൃശ്യങ്ങളുടെ സി.ഡിയും ഹർജിക്കൊപ്പമുണ്ട്. .എസ്.എഫ്.ഇ. നിയമനങ്ങൾക്കു 310 ലക്ഷം രൂപവരെ താൻ വാങ്ങാറുണ്ടെന്നും അതിൽ അഞ്ചുലക്ഷം വീതം മാണിക്കു നൽകാറുണ്ടെന്നും ബന്ധു വെളിപ്പെടുത്തുന്നു. ബാർ കോഴപ്പണത്തിന്റെ ഒരുഭാഗമാണു കോട്ടയത്തെ സമൂഹവിവാഹത്തിനു ചെലവാക്കിയതെന്നും ദൃശ്യങ്ങളിൽ ആരോപിക്കുന്നു. ഈ മൂന്ന് അഴിമതികളിലും പ്രത്യേകം അന്വേഷണമാവശ്യപ്പെട്ടാണു ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. എന്നാൽ, സമൂഹവിവാഹം നടന്നതു കോട്ടയത്തായതിനാൽ കേസ് പരിഗണിക്കരുതെന്നും അഥവാ പരിഗണിച്ചാൽ ബാർ കേസുമായി കൂട്ടിച്ചേർക്കണമെന്നും ലീഗൽ അഡൈ്വസർ വാദിച്ചു. സമൂഹവിവാഹം നടന്നതു കോട്ടയത്താണെങ്കിലും പരാതിയിലെ മൂന്നുകാര്യങ്ങളിലും കുറ്റകൃത്യങ്ങൾ നടന്നതു തിരുവനന്തപുരത്തും കൊല്ലത്തുമായതിനാൽ ഈ കോടതിയിൽ കേസ് പരിഗണിക്കണമെന്നു ഹർജിക്കാരന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇതംഗീകരിച്ച കോടതി വിജിലൻസ് പ്രാഥമികാന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.