
രാഷ്ട്രീയ ലേഖകൻ
കൊ്ച്ചി: സിപിഎം പിൻതുണയോടെ ഇടതു മുന്നണിയിൽ എത്താൻ കൊതിക്കുന്ന കെ.എം മാണിയെ കാത്തിരിക്കുന്നത് രാഷ്ട്രീയ ദുരന്തമാകുമെന്നു സൂചന. കെ.കരുണാകരന്റെ പുത്രവാത്സല്യം അവസാന കാലത്ത് രാഷ്ട്രീയ ദുരന്തമാക്കി അദ്ദേഹത്തെ മാറ്റിയതിനു സമമാണ് ഇപ്പോൾ കെ.എം മാണിയുടെയും അന്ധമായ പുത്രവാത്സല്യമെന്ന സൂചനകളാണ് രാഷ്ട്രീയ നിരീക്ഷകർ നൽകുന്നത്. അതുകൊണ്ടു തന്നെ ഇടതുമുന്നണി പ്രവേശനം കൊതിക്കുന്ന കെ.എം മാണിയെ കാത്തിരിക്കുന്നത് കെ. കരുണാകരന്റെ ദുര്യോഗം തന്നെയാകുമെന്ന സൂചനയാണ് രാഷ്ട്രീയ കേരളം സൂചന നൽകുന്നത്.
2005-ൽ നാഷണൽ കോൺഗ്രസ് ഇന്ദിര രൂപീകരിച്ച് ഒമ്പത് എം.എൽ.എയുമായി കോൺഗ്രസ് വിട്ട കെ. കരുണാകരനൊപ്പമുള്ളവരെ പ്രലോഭിപ്പിച്ചു നിർത്തുകയല്ലാതെ ഇടതുമുന്നണിയിൽ എടുത്തിരുന്നില്ല. പി.കെ വാസുദേവൻ നായരുടെ മരണത്തെ തുടർന്ന് 2005 നവംബറിൽ നടന്ന തിരുവനന്തപുരം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ കരുണാകര പക്ഷത്തിന്റെ പിന്തുണയോടെയാണ് സി.പി.ഐയിലെ പന്ന്യൻ രവീന്ദ്രൻ വിജയിച്ചത്. തിരുവനന്തപുരം വിജയത്തിലെ നന്ദി സി.പി.ഐ പോലും കരുണാകരനോടു കാാട്ടിയില്ല.
അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ കരുണാകര വിഭാഗത്തെ എൽ.ഡി.എഫിൽ എടുക്കണമെന്ന നിലപാടുകാരനായിരുന്നെങ്കിൽ വി.എസ് അച്യുതാനന്ദൻ നഖശിഖാന്തം എതിർക്കുകയായിരുന്നു. സി.പി.ഐയും കരുണാകരനെ ഇടതുപക്ഷത്തെടുക്കരുതെന്ന നിലപാട് സ്വീകരിച്ചു.
ഇതോടെ എൻ.സി.പി രൂപീകരിച്ച് പിന്നീട് എൻ.സി.പിയിൽ ലയിച്ച കെ.കരുണാകരനും അനുയായികളും മാതൃസംഘടനയായ കോൺഗ്രസിൽ മടങ്ങിയെത്തി. എൻ.സി.പി സംസ്ഥാന അധ്യക്ഷനായി കരുണാകര പുത്രൻ കെ. മുരളീധരൻ എത്തിയതോടെ എൻ.സി.പിയും ഇടതുമുന്നണിയിൽ നിന്നും പുറത്തായി. മുരളി പോയതോടെയാണ് എൻ.സി.പി ഇടതുഘടകകക്ഷിയായി മടങ്ങിയെത്തിയത്.
ബാർകോഴക്കേസിലടക്കം നിരവധി വിജിലൻസ് കേസുകൾ വന്നതോടെ യു.ഡി.എഫ് വിട്ട് നിയമസഭയിൽ സ്വതന്ത്രനിലപാട് സ്വീകരിച്ച കെ.എം മാണി കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തള്ളി ഇടതുപിന്തുണയോടെ ജില്ലാ പഞ്ചായത്ത് ഭരണം സ്വന്തമാക്കുകയായിരുന്നു.
ആറ് എം.എൽ.എമാരുള്ള കെ.എം മാണി വിഭാഗം ഇടതുമുന്നണി പ്രവേശനം കൊതിക്കുന്നുണ്ടെങ്കിലും പണ്ട് കരുണാകരന് പ്രവേശനം തടഞ്ഞ് വി.എസ് അച്യുതാനന്ദനും സി.പി.ഐയും മാണിക്കെതിരെ ശക്തമായ നിലപാടിലാണ്.
കേരളാ കോൺഗ്രസിൽ പി.ജെ ജോസഫ് വിഭാഗത്തിന് ഇടതുമുന്നണിക്കൊപ്പം പോകുന്നതിൽ എതിർപ്പുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഫ്രാൻസിസ് ജോർജ് അടക്കമുള്ളവർ ഇടതുമുന്നണിയിലേക്ക് പോയപ്പോഴും മാണിക്കുവേണ്ടി കേരള കോൺഗ്രസിൽ തുടർന്നവരാണ് ജോസഫ് പക്ഷം. കത്തോലിക്കാസഭയുടെ മനസറിഞ്ഞ ശേഷമേ ജോസഫ് വിഭാഗം ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കൂ.