സ്വന്തം ലേഖകൻ
കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ പിൻതുണ സ്വീകരിക്കാനുള്ള നീക്കം കേരള കോൺഗ്രസ് നടത്തിയതിനു പിന്നിൽ ജോസ് കെ.മാണിയെന്നു സൂചന. ജില്ലാ പഞ്ചായത്തിലേയ്ക്കു നടന്ന തിരഞ്ഞെടുപ്പിൽ സിപിഎം പിൻതുണയോടെ കേരള കോൺഗ്രസ് എമ്മിലെ സഖറിയാസ് കുതിരവേലിയാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. എട്ടിനെതിരെ പന്ത്രണ്ട് വോട്ടുകൾക്കായി സഖറിയാസ് കുതിരവേലി പ്രസിഡന്റായത്. യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച സണ്ണി പാമ്പാടിയ്ക്കു എട്ട് വോട്ട് ലഭിച്ചു. സിപിഐ അംഗം വോട്ടെടുപ്പിൽ നിന്നു വിട്ടു നിന്നപ്പോൾ, ഒരു വോട്ട് അസാധുവായി.
ഇന്ന് രാവിലെ വരെ നീണ്ടു നിന്ന അനുരഞ്ജന നയങ്ങലെല്ലാം അട്ടിമറിച്ചാണ് കേരള കോൺഗ്രസ് എം സ്വന്തം സ്ഥാനാർഥിയെ മത്സര രംഗത്തിറക്കിയത്. കോൺഗ്രസിന്റെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ജില്ലാ പഞ്ചായത്തിലേയ്ക്കു പ്രസിഡന്റ് തിരഞ്ഞെടുപ്പു വേണ്ടി വന്നത്. തിരഞ്ഞെടുപ്പിനു മുന്നോടിയായി കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം മാണിയുമായും, ജോസ് കെ.മാണിയുമായും ചർച്ച നടത്തി കോൺഗ്രസ് സ്ഥാനാർഥിയെ പിൻതുണയ്ക്കുമെന്നു രേഖാമൂലം ഉറപ്പും നേടിയിരുന്നു. എന്നാൽ, ഈ ധാരണയാണ് ഇന്നലെ കേരള കോൺഗ്രസ് ലംഘിച്ചതെന്നു ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോഷി ഫിലിപ്പ് കുറ്റപ്പെടുത്തി.
22 അംഗ പഞ്ചായത്തിൽ സിപിഎമ്മിനു ആറും സിപിഐയ്ക്കു ഒന്നും പി.സി ജോർജിന്റെ ഒരു അംഗവും ചേർന്നതാണ് ഇടതു മുന്നണി. കേരളകോൺഗ്രസിനു ആറ് അംഗങ്ങളുള്ളപ്പോൾ, കോൺഗ്രസിനു എട്ട് അംഗങ്ങളാണ് ഉള്ളത്. ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ സഖറിയാസ് കുരിതവേലിയെ സിപിഎം അംഗങ്ങളായ ആറു പേരും പിൻതുണച്ചപ്പോൾ, സിപിഐയുടെ ഏക അംഗം വൈക്കത്തു നിന്നുള്ള പി.സുഗതൻ വോട്ടെടുപ്പിൽ നിന്നു വിട്ടു നിന്നു. പി.സി ജോർജിന്റെ പിൻതുണയോടെ വിജയിച്ച പൂഞ്ഞാറിൽ നിന്നുള്ള അംഗം ലിസി സെബാസ്റ്റ്യൻ വോട്ട് അസാധുവാക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസ് അംഗങ്ങൾ ജില്ലാ പഞ്ചായത്ത് ഓഫിസിനു മുന്നിൽ പ്രതിഷേധിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. യുഡിഎഫുമായി ഇടഞ്ഞ് ഒറ്റയ്ക്കു നിൽക്കുന്ന കേരള കോൺഗ്രസിനെ ഒപ്പം കൂട്ടാൻ കഴിഞ്ഞ ദിവസം കേരള കോൺഗ്രസ് സ്‌കറിയ തോമസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കോട്ടയത്തു വച്ച് കർഷക കൂട്ടായ്മ രൂപീകരിച്ചപ്പോൾ തന്നെ കേരള കോൺഗ്രസ് എമ്മിന്റെ ഇടതു മുന്നണി പ്രവേശനം ഏതാണ്ട് ഉറപ്പായിരുന്നു. ഇടതു മുന്നണിയിലേയ്ക്കുള്ള പാലമായി കർഷക കൂട്ടായ്മയെ ഉപയോഗിക്കുകയാണ് കേരള കോൺഗ്രസ് മാണി വിഭാഗം ലക്ഷ്യമി്ട്ടിരുന്നത് ഇതിനുള്ള ആദ്യ പരീക്ഷണ വേദിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാറുകയും ചെയ്തു.
എന്നാൽ, ജോസ് കെ.മാണിയുടെ നിർണായക തീരുമാനത്തിനെതിരെ ഒരു വിഭാഗം എംഎൽഎമാർ രംഗത്ത് എത്തിയിട്ടുണ്ട്. മോൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള എംഎൽഎമാരും, പാർട്ടി ജനറൽ സെക്രട്ടറിമാരിൽ ഒരു വിഭാഗവുമാണ് ഈ തീരുമാനത്തെ എതിർത്ത് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. ഇതോടെ കേരള കോൺഗ്രസിൽ മറ്റൊരു പിളർപ്പു കൂടി ആസന്നമാകുമെന്നു ഉറപ്പായി.