![](https://dailyindianherald.com/wp-content/uploads/2016/05/mani-1.jpg)
രാഷ്ട്രീയ ലേഖകൻ
പാലാ: കേരള രാഷ്ട്രീയത്തിലെ അതികായനും സംസ്ഥാന മന്ത്രിസഭയിലെ ധനകാര്യമന്ത്രിയുമായിരുന്ന കെ.എം മാണി ഇക്കുറി പാലായിൽ പരാജയപ്പെടുമെന്നു റിപ്പോർട്ടുകൾ. ബിജെപി – ബിഡിജെഎസ് സഖ്യം ഇക്കുറി മാണിയുടെ ഉരുക്കു കോട്ടയിൽ വിള്ളൽ വീഴ്ത്തുമെന്ന സൂചനകളാണ് പാലാ നിയോജക മണ്ഡലത്തിൽ നിന്നു ലഭിക്കുന്നത്. ബിജെപി പിടിക്കുന്ന വോട്ടിനൊപ്പം റബൽ വിലയിടിവും മാണിയുടെ കസേരയ്ക്കു ഇളക്കം തട്ടിക്കും.
കഴിഞ്ഞ തവണ 5259 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിൽ നിയമസഭയിൽ എത്തിയ മാണിയെ വീഴ്ത്താൻ ഇക്കുറി ബിജെപി പിടിക്കുന്ന വോട്ടുകൾക്കു സാധിക്കുമെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ തവണത്തെ അയ്യായിരത്തിൽ നിന്നു വോട്ട് വിഹിതം ഇരുപതിനായിരത്തിനു മുകളിലേയ്ക്കു വർധിപ്പിക്കുമെന്ന സൂചനയാണ് എൻഡിഎ നേതൃത്വം നൽകുന്നത്.
യുഡിഎഫ് സ്ഥാനാർഥിയായി ഇക്കുറിയും ജനവിധി തേടുന്ന കെ.എം മാണിയെ നേരിടാൻ പതിവ് സ്ഥാനാർഥിയായ ഇടതു മുന്നണിയിലെ മാണി സി.കാപ്പനെയാണ് രംഗത്ത് ഇറക്കിയിരിക്കുന്നത്. എന്നാൽ, വിട്ടു വീഴ്ച ലവലേശമില്ലാതെ രംഗത്തിറങ്ങുന്ന എൻഡിഎ മുന്നണി ജില്ലയിലെ ഏറ്റവും ശക്തമായ സ്ഥാനാർഥിയെ തന്നെയാണ് മാണിക്കെതിരെ പോരാട്ട ഭൂമിയിൽ ഇറക്കിയിരിക്കുന്നത്. ഇവിടെ ബിജെപി ജില്ലാ പ്രസിഡന്റ് തന്നെ മത്സരിക്കാനിറങ്ങുമ്പോൾ പോരാട്ടം ശക്തമാകുമെന്നും ഉറപ്പാണ്.
എസ്എൻഡിപി എൻഎസ്എസ് വോട്ടുകളുടെ ബലത്തിലാണ് വർഷങ്ങളായി കെ.എം മാണി പാലായിൽ നിന്നി വിജയിച്ചിരുന്നത്. എന്നാൽ, ഇക്കുറി ഇരുപതിനായിരത്തിലധികം വരുന്ന എസ്എൻഡപി വോട്ടുകളിൽ അറുപതു ശതമാനവും ബിജെപി സ്ഥാനാർഥിയുടെ പെട്ടിയിൽ വീഴും. എൻഎസ്എസ് മീനച്ചിൽ താലൂക്ക് യൂണിയനിൽ ഒരു വിഭാഗം ബിജെപിക്കു പിൻതുണ അറിയിച്ചു രംഗത്ത് എത്തിയിട്ടുമുണ്ട്. ഇതു കൂടാതെയാണ് റബർ കർഷകർ മാണിക്കെതിരെ പ്രതിഷേധം അറിയിച്ചു രംഗത്തുള്ളത്. ഇതെല്ലാം ഇക്കുറി പാലായിൽ പാലായുടെ മാണിക്യത്തിന്റെ വഴിയടയ്ക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്.