സ്വന്തം ലേഖകൻ
തിരുവനന്തപുരം: യുഡിഎഫിലേയ്ക്കു തിരികെ വിളിച്ചെന്നും ഇല്ലെന്നുമുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച് കെ.എം മാണി 20 നു സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിലെത്തും. രാവിലെ പത്തിനു നടക്കുന്ന യോഗത്തിൽ സംസാരിക്കുന്നതിനു വേണ്ടിയാണ് കെ.എം മാണി എത്തുന്നത്.
കേന്ദ്ര സംസ്ഥാന ബന്ധങ്ങളെകുറിച്ചുള്ള സെമിനാർ സംഘടിപ്പിക്കുന്നത് സിപിഎം സംസ്ഥാന കമ്മിറ്റിയുടെയും എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെയും നേതൃത്വത്തിലാണ്. കെ.എം മാണിയെ യുഡിഎഫിലേയ്ക്കു ക്ഷണിക്കുന്നതായി കഴിഞ്ഞ ദിവസം കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം ഹസൻ അവകാശപ്പെട്ടിരുന്നു. ഇതിനിടെ ഇന്നലെ ചേർന്ന കെപിസിസി എക്സിക്യുട്ടീവ് കമ്മിറ്റിയിൽ കെ.എം മാണിയ്ക്കും കേരള കോൺഗ്രസിനുമെതിരെ വിവിധ കോണുകളിൽ നിന്നും കടുത്ത വിമർശനം ഉയർന്നിരുന്നു. ഇതിനിടെയാണ് ഇപ്പോൾ കെ.എം മാണി നേരിട്ട് എകെജി സെന്ററിൽ എത്തുന്നത്.
കെ.എം മാണിയെ റാഞ്ചാൻ ബിജെപി കേന്ദ്ര – കേരള നേതൃത്വങ്ങളും നീക്കം നടത്തുന്നുണ്ട്. ഇതിനിടെയാണ് ഇപ്പോൾ കെ.എം മാണി തന്നെ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസിലെത്തുന്നത്. യുഡിഎഫിലേയ്ക്കോ – ബിജെപിയിലേയ്ക്കോ പോയാൽ ബാർ കോഴക്കേസിൽ ഇടതു മുന്നണി മാണിയെ കുരുക്കാനുള്ള കരുക്കൾ നീക്കും. ഈ സാഹചര്യത്തിലാണ് ഇടതു മുന്നണിയിലേയ്ക്കുള്ള വാതിൽ തുറന്നിട്ട് കെ.എം മാണി രഹസ്യ നീക്കം നടത്തുന്നത്.