തിരുവനന്തപുരം: റേറ്റിങ് കൂട്ടാന്‍ കൃത്രിമം കാട്ടിയതില്‍ കേസ് !ചാനല്‍ ഉടമകളുടെ സംഘടനയില്‍ പൊട്ടിത്തെറി..ജോണ്‍ ബ്രിട്ടാസും ഏഷ്യാനെറ്റ് എംഡി മാധവനും സംഘടനയില്‍ നിന്നും രാജി വെച്ചു. ചാനലുകളിലെ ബാര്‍ക്ക് റേറ്റിംഗില്‍ കൃത്രിമം കാട്ടി എന്ന ആരോപണം ആണ് പോലീസ് കേസില്‍ എത്തിയത്. ഇതിനേത്തുടര്‍ന്ന് ചാനലുകളുടെ സംഘടനയില്‍ പൊട്ടിത്തെറി. റേറ്റിന്‍ഗ് കൂട്ടാന്‍ ചാനലുകള്‍ കൃത്രിക്മം കാട്ടി എന്ന പാരാതിയാണ് പോലീസ് കേസിലും സംഘടനയില്‍ കലാപത്തിനും വഴിതെളിച്ചത് .ഫേക്ക് റേറ്റിങ് വിവാദത്തില്‍ മഴവില്‍ മനോരമയുടെ മനപ്പൂര്‍വ്വം വലിച്ചിഴച്ചുവെന്ന ആരോപണവുമായി കെടിഎഫ് അംഗം മലയാള മനോരമയുടെ ഉടമ ജയന്ത് മാമന്‍ മാത്യു കത്തെഴൈുതിയതോടെയാണ് കെടിഎഫിലെ പ്രതിസന്ധി മൂര്‍ച്ഛിച്ചത്. ബാര്‍ക്കിലെ കൃത്രിമത്വവുമായി ബന്ധപ്പെട്ട് നല്‍കിയ പൊലീസ് പരാതിയാണ് ഈ സംഭവ വികാസങ്ങള്‍ക്ക് കാരണം. ഇക്കാര്യത്തില്‍ വഞ്ചന നടന്നുവെന്ന് കാട്ടി മനോരമയുടെ ജയന്ത് മാമന്‍ മാത്യു കെടിഎഫ് നേതൃത്വത്തിന് കത്ത് എഴുതിയത്. ഈ കത്തിന് വിശദമായി തന്നെ കെടിഎഫ് പ്രസിഡന്റ് ഏഷ്യാനെറ്റ് മാനേജിങ് ഡയറക്ടര്‍ കെ മാധവനും കൈരളി ടിവി മാനേജിങ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസും മറുപടി നല്‍കി. ഈ മറുപടിയിലാണ് ഇരുവരും സ്ഥാനം രാജിവയ്ക്കുന്നതായും വിശദീകരിച്ചു. ഇതോടെയാണ് കെടിഎഫ് പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്.
രാജ്യത്തെ ടെലിവിഷന്‍ പ്രേക്ഷകരുടെ കണക്കെടുപ്പു സമ്പ്രദായമാണ് ബാര്‍ക് അഥവാ ബ്രോഡ്കാസ്‌റ് ഓഡിയന്‍സ് റിസേര്‍ച്ച് കൗണ്‍സില്‍. ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ഫെഡറേഷന്റേയും പരസ്യദാതാക്കളുടെ സംഘടനയായ എ എ എ യുടെയും സംയുക്ത സംരംഭമാണ് ബാര്‍ക് . ഇവരുടെ റേറ്റിങ് ഓരോ ചാനലിനും നിര്‍ണ്ണായകമാണ്. പരസ്യവരുമാനത്തിന്റെ തോത് നിര്‍ണ്ണയിക്കുക ബാര്‍ക് കണക്കുകളാണ്.
ബാര്‍ക്കിന്റെ പരാതിയില്‍ കെടിഎഫിനെ കുറ്റപ്പെടുത്തുന്ന തരത്തിലാണ് ജയന്ത് മാമന്‍ മാത്യുവിന്റെ കത്ത്. ബാര്‍ക്കിന്റേയും കെടിഎഫിന്റേയും നടപടിയിലൂടെ ചില വെബ് സൈറ്റുകള്‍ ചാനലുകളുടെ പേരുയര്‍ത്തിക്കാട്ടി വാര്‍ത്തകളും കിംവദന്തിയും പരത്തിയെന്നാണ് കത്തില്‍ ജയന്ത് ആരോപിക്കുന്നത്. ഇത് മനോരമയ്ക്ക് ദോഷം ചെയ്യുന്ന റിപ്പോര്‍ട്ടുകളായി മാറിയെന്നും കത്തില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ബാര്‍ക്ക് നല്‍കിയ പരാതിയില്‍ മനോരമയുടേയും സൂര്യ ടിവിയുടേയും പേര് പരാമര്‍ശിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് വട്ടിയൂര്‍ക്കാവ് പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഈ വിവാദമാണ് കെടിഎഫിനെ തകര്‍ച്ചയുടെ വക്കിലെത്തിക്കുന്ന കത്തെഴുതാന്‍ മനോരമ മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചത്.
ചാനലുകള്‍ക്കെതിരെ ബാര്‍ക്ക് നല്‍കിയ പരാതിയുമായി കെടിഎഫിന് സഹകരിക്കേണ്ടി വന്ന സാഹചര്യമാണ് മനോരമ കത്തിലൂടെ ഉയര്‍ത്തിക്കാട്ടുന്നത്. ജൂണ്‍ 15ന് നടന്ന കെടിഎഫ് യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട ഒരു കാര്യവും ചര്‍ച്ചയാക്കിയില്ല. ഇത് സംഘടനയുടെ കൂട്ടുത്തരവാദിത്തതിന് ചേര്‍ന്നതല്ല. ഇത്തരമൊരു എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിലേക്ക് എങ്ങനെയാണ് കാര്യങ്ങള്‍ എത്തിയത്? ആരാണ് കെടിഎഫ് ഭാരവാഹികളെ ഇതിന് ചുമതലപ്പെടുത്തിയതെന്നും മനോരമ ചോദിക്കുന്നു. സംഘടനയുടെ ഭരണഘടന പ്രകാരം അംഗങ്ങളുടെ അംഗീകാരത്തോടെ മാത്രമേ ഇത്തരം പരാതികള്‍ നല്‍കാന്‍ പാടുള്ളൂ. എഫ് ഐ ആറിലെ ആരോപണങ്ങളുടെ സ്വഭാവം കെടിഎഫിലെ അംഗങ്ങളുടേയും സംഘടനയുടേയും താല്‍പ്പര്യത്തിന് പൂര്‍ണ്ണമായും എതിരാണെന്നും മനോരമ വിശദീകരിക്കുന്നു. ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്തപ്പോള്‍ അംഗങ്ങളുടെ താല്‍പ്പര്യ സംരക്ഷണാര്‍ത്ഥം കെടിഎഫ് ഇടപെട്ടില്ലെന്നും പറയുന്നു.ഇതുമായി ബന്ധപ്പെട്ട് കെടിഎഫ് ഇടപെടല്‍ മൂലം ഫയല്‍ ചെയ്ത എഫ് ഐ ആര്‍ ഉടന്‍ പിന്‍വലിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് ആക്ഷേപം. ഇത്തരം പരാതി നല്‍കുന്നതിന് മുമ്പ് അംഗങ്ങളുടെ അനുമതി വാങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ ഈ പരാതിയുമായി മുന്നോട്ടു പോകുന്നത് ശരിയല്ലെന്നാണ് മനോരമയുടെ അഭിപ്രായം. ബാര്‍ക്ക് റേറ്റിംഗില്‍ കൃത്രിമം കാട്ടിയെന്ന പരാതിയില്‍ ബാര്‍ക്കിന്റെ വിജിലന്‍സ് ടീം അന്വേഷണം നടത്തട്ടേയെന്നും ജയന്ത് നിലപാട് എടുക്കുന്നു. അതുമായി മനോരമയും സഹകരിക്കും. ഈ വിഷയത്തില്‍ കെടിഎഫ് കക്ഷി ചേരരുതെന്നാണ് ആവശ്യം.
ബാര്‍ക്ക് ഡാറ്റയുടെ ആധികാരികതയിലും സംശങ്ങള്‍ ഉന്നയിക്കുന്നു. അതിനാല്‍ കേരളത്തിലെ വിവരങ്ങള്‍ തെറ്റുകള്‍ തിരുത്തുന്നത് വരെ പുറത്ത് വിടാതിരിക്കാന്‍ ബാര്‍ക്കില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാണ് ആവശ്യം. ഭാവിയില്‍ കൂട്ടായ തീരുമാനം മാത്രമേ ബാര്‍ക്ക് എടുക്കാവൂ. ഭാരവാഹികള്‍ ഏകപക്ഷീയമായ നടപടികളെടുക്കരുതെന്നും മനോരമ ആവശ്യപ്പെടുന്നു.ഇതിന് വിശദമായ മറുപടിയാണ് കെടിഎഫ് പ്രസിഡന്റ് മാധവനും ജനറല്‍ സെക്രട്ടറി ജോണ്‍ ബ്രിട്ടാസും നല്‍കുന്നത്. ആരോപണങ്ങള്‍ ഒന്നൊന്നായി തള്ളിക്കളയുന്നു. കേരളത്തിലെ ചാനലുകള്‍ ബാര്‍ക്കില്‍ കൃത്രിമം കാട്ടിയെന്ന സൂചന ബാര്‍ക്ക് തന്നെ എല്ലാ അംഗങ്ങളേയും അറിയിച്ചിരുന്നു. ഇതിന് പുറമേ കെടിഎഫും അതിലെ അംഗങ്ങള്‍ കാര്യങ്ങള്‍ വിശദമാക്കി ഇമെയില്‍ അയച്ചു. റേറ്റിങ് തിരിമറിയില്‍ ബാര്‍ക്ക് നിര്‍ദ്ദേശിച്ചത് അനുസരിച്ചാണ് സഹകരിച്ചത്. കൊള്ളരുതായ്മകള്‍ ഇല്ലാതാക്കുക മാത്രമാണ് ഇതിലൂലെ ലക്ഷ്യമിട്ടത്. ഒക്ടോബറിലെ കെടിഎഫ് യോഗത്തില്‍ ഇക്കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുകയും ചെയ്തു. ഇത് മിനിട്‌സ് പരിശോധിച്ച് ബോധ്യപ്പെടാവുന്നതാണ്. ഈ സാഹചര്യത്തില്‍ എല്ലാവരേയും മറച്ചുവച്ച് പരാതിയുമായി മുന്നോട്ട് പോയെന്ന ആരോപണം നിലനില്‍ക്കുന്നതല്ലെന്ന് ബ്രിട്ടാസും മാധവനും വിശദീകരിക്കുന്നു. നല്ല ഉദ്ദേശത്തോടെയാണ് ഇതു സംബന്ധിച്ച പരാതി നല്‍കിയത്. കെടിഎഫ് നല്‍കിയ പരാതിയില്‍ ആരുടേയും പേര് പരാമര്‍ശിക്കുന്നില്ല. എന്നാല്‍ ബാര്‍ക്ക് നല്‍കിയ പരാതിയില്‍ ആരുടേയെങ്കിലും പേരുണ്ടെങ്കില്‍ അതിന് കെടിഎഫ് നേതൃത്വം ഉത്തരവാദികളല്ല. ഈ വിഷയം ബാര്‍ക്കുമായി വേണം മനോരമ സംസാരിക്കേണ്ടതെന്നും മറുപടി കത്തില്‍ വിശദീകരിക്കുന്നു.
സോഷ്യല്‍ മീഡിയയില്‍ കെടിഎഫിലെ പല അംഗങ്ങളെ കുറിച്ചും പല ചര്‍ച്ചകളും നടക്കാറുണ്ട്. അത്തരം ചര്‍ച്ചകളില്‍ കെടിഎഫ് മറുപടി കൊടുക്കുന്ന പിതവില്ല. ഇത്തരം വിഷയങ്ങളില്‍ കെടിഎഫ് ഇടപെടണമെങ്കില്‍ പ്രസ്തുത അംഗം അക്കാര്യം കെടിഎഫിനെ രേഖാമൂലം അറിയിക്കണം. അതുണ്ടാകാത്തതു കൊണ്ടാണ് കെടിഎഫ് വിഷയത്തില്‍ പ്രതികരിക്കാത്തത്. അംഗങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ പ്രശ്‌നങ്ങളില്‍ ഇടപെട്ടാല്‍ അത് മറ്റ് വിവാദങ്ങള്‍ക്ക് കാരണമാകുമെന്ന് ബ്രിട്ടാസും മാധവനും ചൂണ്ടിക്കാട്ടുന്നു. മനോരമ പ്രതിനിധിയുടെ കത്തില്‍ നിലവിലെ നേതൃത്വത്തെ വിശ്വാസമില്ലെന്ന സൂചനകളുണ്ട്. അതിനാല്‍ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ തങ്ങള്‍ ഒഴിയുന്നുവെന്നാണ് മാധവനും ബ്രിട്ടാസും വിശദീകരിക്കുന്നത്. കെടിഎഫിന്റെ അടുത്ത യോഗം പുതിയ ഭാരവാഹികളെ നിശ്ചയിക്കട്ടേയെന്ന് കൂടി പറയുന്നുണ്ട്. ഇതോടെ ബാര്‍ക്ക് വിഷയത്തിന് പുതിയ തലം കൈവരികയാണ്.
ചാനല്‍ ഉടമകളുടെ സംഘടനയില്‍ തര്‍ക്കം അതിരൂക്ഷമെന്നും വ്യക്തമാവുകയാണ്. ഇതോടെ ബാര്‍ക്കിനൊപ്പം പരാതിയുമായി കെടിഎഫും സഹകരിച്ചുവെന്നും വ്യക്തമാകുന്നു. മനോരമയുടേയും സൂര്യ ടിവിയുടേയും പേര് ബാര്‍ക്കിന്റെ പരാതിയിലുണ്ടെന്ന വ്യക്തമായ സൂചനയും ഈ കത്തുകളിലുണ്ട്. മുമ്പ് ടാം എന്ന സംവിധാനത്തിലൂടെയായിരുന്നു പ്രേക്ഷകരുടെ കണക്കെടുപ്പ് നടന്നിരുന്നത്. പിന്നീട് ബാര്‍ക്ക് എത്തി. ഏറെ കാലമായി ഈ മേഖലയില്‍ വമ്പന്‍ തട്ടിപ്പുകള്‍ നടക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. പരാതി ബാര്‍ക് അധികൃതരുടെ മുന്നിലെത്തിയതോടെ അവര്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. ബാര്‍ക് മീറ്റര്‍ വച്ചിട്ടുള്ള കൊച്ചിയിലെ വീടുകളില്‍ ബാര്‍ക് വിജിലന്‍സ് സംഘം പരിശോധന നടത്തി. പരാതി സത്യമാണെന്നു അവര്‍ കണ്ടെത്തുകയായിരുന്നു.