![](https://dailyindianherald.com/wp-content/uploads/2016/12/K-MURALEEDHARAN-PRESS.png)
ദോഹ:കടുത്തമല്‍സരം നടന്ന വട്ടിയൂര്‍കാവില്‍ ഇത്തവണ വിജയിച്ചത് യുഡിഎഫ് മന്ത്രിസഭയില്‍ അംഗമല്ലാതിരുന്നതുകൊണ്ടു മാത്രമാണെന്ന് കെ. മുരളീധരന്‍ . താങ്കള്‍ക്കെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താനെ രംഗത്തിറക്കിയതു ഉമ്മന്‍ ചാണ്ടിയോ രമേശ് ചെന്നിത്തലയോ അതോ കെപിസിസി പ്രസിഡന്റ് വി.എം. സുധീരനോ എന്ന ചോദ്യത്തിന് മുരളീധരന്റെ മറുപടിയിങ്ങനെ: യുദ്ധത്തില്‍ തോറ്റുമടങ്ങിയ ഒരാള്‍ തിരിച്ചെത്തി വീണ്ടും വെല്ലുവിളിക്കുമ്പോള്‍ പിന്നില്‍ ശക്‌തനായ ഒരാളുടെ സഹായമുണ്ടെന്നു മനസിലാക്കണം. ബാലി-സുഗ്രീവ യുദ്ധത്തില്‍ തോറ്റുമടങ്ങിയ സുഗ്രീവന്‍ തിരിച്ചെത്തി വെല്ലുവിളിച്ചപ്പോള്‍ ബാലിയെ തടഞ്ഞുകൊണ്ട് താര പറഞ്ഞ വാക്കുകളാണിത്. രാമായണമായാലും ഭാരതമായാലും ബൈബിള്‍ ആയാലും പുരാണകഥകള്‍ ഇന്നും ആവര്‍ത്തിക്കപ്പെടുമെന്നതിന് ഉദാഹരണമാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നും മുരളി പറഞ്ഞു.
പാര്‍ട്ടിയില്‍നിന്ന് തനിക്ക് നീതി ലഭിച്ചില്ലെന്ന് കെ. മുരളീധരന്‍ എംഎല്‍എ. കെപിസിസി പ്രസിഡന്റിനെതിരെ മുന്‍ കെപിസിസി പ്രസിഡന്റ് സംസാരിക്കുന്നത് ശരിയല്ലാത്തതിനാല്‍ വി.എം. സുധീരനെതിരെ താന്‍ വിമര്‍ശനം ഉയര്‍ത്തുന്നില്ലെന്നും അദ്ദേഹം ദോഹയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കഴിഞ്ഞ യുഡിഎഫ് ഭരണത്തില്‍ മന്ത്രിസ്‌ഥാനം ലഭിക്കാതിരുന്നതുകൊണ്ടുമാത്രമാണ് താന്‍ ഇത്തവണ വട്ടിയൂര്‍ക്കാവില്‍ ജയിച്ചതെന്നും മുരളി പറഞ്ഞു. ഖത്തറിലെ കോണ്‍ഗ്രസ് അനുഭാവികളുടെ കൂട്ടായ്‌മയായ ഇന്‍കാസ് തൃശൂര്‍ ജില്ലാ സമിതി സംഘടിപ്പിച്ച കെ.കരുണാകരന്‍ അനുസ്‌മരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുന്നതിനാണു മുരളി ദോഹയിലെത്തിയത്.
കോഴിക്കോട്ടു നടന്ന കെ.കരുണാകരന്‍ അനുസ്‌മരണത്തില്‍ സ്വയംവിമര്‍ശനപരമായാണ് ചില കാര്യങ്ങള്‍ പറഞ്ഞത്. ഒന്‍പത് എംഎല്‍എമാര്‍ മാത്രമുണ്ടായിരുന്ന കോണ്‍ഗ്രസിനെ നാലുവര്‍ഷംകൊണ്ട് ഭരണത്തിലെത്തിച്ച നേതാവാണു കരുണാകരന്‍. അതിനാലാണ് സ്വയംവിമര്‍ശനപരമായി ചിലതുപറഞ്ഞത്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് ഏഴുമാസത്തിനുശേഷമാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. വെറും പ്രസ്‌താവനയിറക്കല്‍ മാത്രമല്ല പ്രതിപക്ഷത്തിന്റെ ധര്‍മ്മം. ഭരണപക്ഷത്തിന്റെ വീഴ്‌ചകള്‍ക്കെതിരെ ജനങ്ങള്‍ റോഡിലിറങ്ങണം. പ്രസ്‌താവനകള്‍ കൊണ്ട് ആരും റോഡിലിറങ്ങില്ല. അതിന് നേതൃത്വം നിര്‍ദേശം നല്‍കണം. ഇക്കാര്യമാണ് താന്‍ ചൂണ്ടിക്കാട്ടിയത്.
പ്രതിപക്ഷം നിഷ്‌ക്രിയമായതിനാല്‍ ഭരണകക്ഷിയിലെ ചിലര്‍ പ്രതിപക്ഷത്തിന്റെ റോള്‍കൂടി ഭംഗിയായി ഏറ്റെടുക്കുകയാണ്. കേന്ദ്രത്തിന്റെ നോട്ടുനിരോധനം കൊണ്ടു ജനംവലയുന്നു. സംസ്‌ഥാനസര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് റേഷനരിപോലും മുടങ്ങുന്നു. യാതൊരു തത്വദീക്ഷയുമില്ലാതെ പൊലീസ് യുഎപിഎ ചുമത്തുന്നു. എല്‍ഡിഎഫിന്റെ ഭരണവീഴ്‌ചകള്‍ക്കെതിരെ അച്യുതാനന്ദനും ചില സിപിഎം നേതാക്കളും രംഗത്തുവന്നിട്ടും കോണ്‍ഗ്രസ് നിഷ്‌ക്രിയമാണെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി. ഇത് ബിജെപിക്ക് കേരളത്തില്‍ ഇടമൊരുക്കിക്കൊടുക്കലാവും. ഇക്കാര്യമാണ് താന്‍ ചൂണ്ടിക്കാട്ടിയത്. അതിനെ സദുദ്ദേശ്യപരമായി കാണുന്നതിനു പകരം ഉണ്ണിത്താന്‍ നടത്തിയത് വ്യക്‌തിഹത്യയും തറ സംസാരവുമാണ്. ഉണ്ണിത്താനെ പ്രതിരോധിക്കേണ്ടിവന്നത് അതിനാലാണ്.കോണ്‍ഗ്രസ് നിഷ്‌ക്രിയമായതിനാലാണ് യുഡിഎഫിലെ ലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ നിര്‍ജീവമായത്. കോണ്‍ഗ്രസ് പ്രക്ഷോഭരംഗത്തിറങ്ങിയാല്‍ ഘടകകക്ഷികളും ഒപ്പമിറങ്ങുമെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു